പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ചു പൊതുഇടങ്ങളില്‍ ഇറങ്ങരുത്; അതീവ ജാഗ്രതയില്ലെങ്കില്‍ ആപത്ത്; വീണാ ജോര്‍ജ്

കോവിഡ് ഒരിക്കല്‍ വന്നവര്‍ക്കു വീണ്ടും പോസിറ്റീവാകുന്ന സാധ്യതയാണുള്ളത്.
വീണാ ജോര്‍ജ് മാധ്യമങ്ങളെ കാണുന്നു
വീണാ ജോര്‍ജ് മാധ്യമങ്ങളെ കാണുന്നു
Updated on: 
1 min read

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ ഒമൈക്രോണ്‍
കേസുകള്‍ 421 ആയി. പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കണം. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ചു പൊതുഇടങ്ങളില്‍ ഇറങ്ങരുത്. രോഗമുള്ള കാര്യം മറച്ചുവയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ചു കോവിഡ് പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ഒമൈക്രോണ്‍ ചെറിയ ഇന്‍കുബേഷന്‍ കാലയളവാണ് ഉള്ളതെങ്കിലും അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് ഒമൈക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം ലക്ഷണങ്ങളില്ലാതെയും ഒമൈക്രോണ്‍ വന്‍തോതില്‍ പടരാം. അതിനാല്‍ എല്ലാവരും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം. കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഒമൈക്രോണ്‍
വ്യാപിക്കാന്‍ സാധ്യതയുണ്ട്. നിശബ്ദ വ്യാപനത്തിനുള്ള ഒമൈക്രോണിന്റെ സാധ്യത കൂടി കണക്കിലെടുത്ത് എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം.

കോവിഡ് കേസുകള്‍ കൂടുകയും ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ വാക്‌സീനെടുക്കാനുള്ളവര്‍ എല്ലാവരും എത്രയും വേഗം വാക്‌സീന്‍ എടുക്കേണ്ടതാണ്. ആരില്‍ നിന്നും ആരിലേക്കും ഒമൈക്രോണ്‍
ഉള്‍പ്പെടെയുള്ള കോവിഡ് വരാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാവരും സ്വയം സുരക്ഷ പാലിക്കണം. ഒരുമിച്ചു ധാരാളം കേസുകള്‍ ഉണ്ടായാല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണവും കൂടും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒരുമിച്ചു രോഗം വരാതിരിക്കാന്‍ കരുതല്‍ വേണം. നമ്മുടെ ആരോഗ്യ സംവിധാനത്തിനപ്പുറത്തേക്കു കോവിഡ് കേസുകള്‍ പോകാതിരിക്കാന്‍ എല്ലാവരും പ്രതിരോധത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

അനുബന്ധ രോഗങ്ങളുള്ളവര്‍ സംസ്ഥാനത്തു വളരെ കൂടുതലാണ്. പ്രമേഹം തുടങ്ങിയ അനുബന്ധ രോഗങ്ങളുള്ളവര്‍ രോഗ നിയന്ത്രണം ഉറപ്പു വരുത്തണം. പ്രായമായവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ ഗുരുതരമാകും. അതിനാല്‍ കഴിവതും യാത്രകളും ആള്‍ക്കൂട്ടവും ഒഴിവാക്കണം. ആശുപത്രി സന്ദര്‍ശനം പരമാവധി കുറച്ച് ഇ സഞ്ജീവനി സേവനങ്ങള്‍ പ്രയോജനപ്പെടുത്തുക. ഒരിക്കല്‍ കോവിഡ് പോസിറ്റീവായെന്നു കരുതിയോ വാക്‌സീന്‍ എടുത്തെന്നു കരുതിയോ ജാഗ്രത കുറവ് പാടില്ല. കോവിഡ് ഒരിക്കല്‍ വന്നവര്‍ക്കു വീണ്ടും പോസിറ്റീവാകുന്ന സാധ്യതയാണുള്ളത്. സ്ഥാപനങ്ങളിലും കടകളിലും ഷോപ്പിങ് മാളുകളിലും പോകുന്നവര്‍ കൃത്യമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം. സംസ്ഥാനത്തു നിലനില്‍ക്കുന്ന ഗുരുതര സാഹചര്യം കണക്കിലെടുത്ത് എല്ലാവരും പ്രതിരോധത്തിനു പ്രാധാന്യം നല്‍കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

arrest
R Sreelekha
CJP Protest, Riyadh Attack, Mini Cooper accident
Mini Cooper accident
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com