89.98% പേര്‍ക്കും പതിനായിരം രൂപയ്ക്കു മുകളില്‍, ആശ വര്‍ക്കര്‍മാര്‍ക്ക് കൂടുതല്‍ പ്രതിഫലം കേരളത്തില്‍; ആവര്‍ത്തിച്ച് മന്ത്രി

'ബക്കറ്റ് പിരിവിന്റെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ കൊലയാളികള്‍ക്ക് വേണ്ടി പിരിവ് നടത്തിയവര്‍ ആണ്'
veena george
മന്ത്രി വീണാ ജോർജ് നിയമസഭയിൽ സംസാരിക്കുന്നു സഭ ടിവി
Updated on
2 min read

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന സമരം നിയമസഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍, ആരോഗ്യ മന്ത്രിക്ക് ആ ഓഫിസ് അധികനാള്‍ ഉണ്ടാകില്ല എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് പറഞ്ഞു. ബക്കറ്റ് പിരിവിന്റെ പേര് പറഞ്ഞ് ആക്ഷേപിക്കുന്നവര്‍ കൊലയാളികള്‍ക്ക് വേണ്ടി പിരിവ് നടത്തിയവര്‍ ആണ്. സമരക്കാര്‍ക്കെതിരെ എന്തൊക്കെ ആക്ഷേപമാണ് നടത്തുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

ആശാ വര്‍ക്കര്‍മാര്‍ക്ക് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത് കേരളത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവര്‍ത്തിച്ചു. 13,000 രൂപ വരെ കിട്ടുന്നുണ്ട്. ഇതില്‍ 9400 രൂപ നല്‍കുന്നതും സംസ്ഥാന സര്‍ക്കാരാണ്. ബാക്കി തുകയാണ് കേന്ദ്രത്തില്‍നിന്നു ലഭിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്‍സന്റീവ് ഇനത്തില്‍ 100 കോടി രൂപ കേന്ദ്രം നല്‍കാനുണ്ട്. എന്നാൽ സംസ്ഥാനം അത് മുടങ്ങാതെ നല്‍കുന്നുണ്ടെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

ആശ വർക്കർമാര്‍ക്ക് ആദ്യമായി ഉത്സവബത്ത നല്‍കിയത് കേരളമാണ്. ആശാ വർക്കർമാർക്ക് ഇനിയും ശമ്പളം വർധിപ്പിക്കണമെന്ന നിലപാടാണ് സർക്കാരിനുള്ളത്. അതിൽ ഒരു തർക്കവുമില്ല. 15-ാം തീയതി രാവിലെ 10 മണി മുതൽ 11.40 വരെ സമരക്കാരുമായി വിശദമായ ചർച്ച നടത്തി. ഓണറേറിയം 21,000 രൂപയായി വർധിപ്പിക്കണമെന്നതായിരുന്നു ഒരു ആവശ്യം. ആശമാർക്കുള്ള ഓണറേറിയമാണ് 7000 രൂപ. ഫിക്സഡ് ഇൻസെന്റീവിസ് 3000 രൂപയുണ്ട്. കൂടാതെ വിവിധ പ്രവർത്തനങ്ങൾക്ക് നൽകുന്ന ഇൻസെന്റീവ്സുകളുമുണ്ട്. ജനുവരി മാസത്തിൽ 89.98 ശതമാനം പേർ‌ക്കും പതിനായിരത്തിനും പതിമൂവായിരത്തിനും ഇടയിലാണ് ലഭിച്ചത്. ആശ പ്രവർത്തകർക്ക് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിക്കുന്നതു കേരളത്തിൽ തന്നെയാണെന്നും മന്ത്രി വീണാ ജോർജ് ആവർത്തിച്ചു.

ആശ വർക്ക‍ർമാരുടെ 7000 രൂപ പോലും കഴിഞ്ഞ മൂന്നുമാസം മുടങ്ങിയെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. എൽഡിഎഫിൻ്റെ പ്രകടനപത്രികയിൽ മിനിമം കൂലി 7000 രൂപയാക്കും എന്ന് വാഗ്ദാനം ചെയ്തു. എന്നാൽ സമരം ചെയ്യുന്നവരെ ആക്ഷേപിക്കുന്നു. കൃമികീടമെന്നും ഈര്‍ക്കില്‍ പാര്‍ട്ടിയെന്നും ബക്കറ്റ് പിരിവുകാരെന്നും വിളിച്ചില്ലേ? എന്നു തൊട്ടാണ് സിപിഎമ്മുകാർക്ക് ബക്കറ്റുപിരിവ് അയിത്തമായത്. ഇപ്പോള്‍ അവരെ അപമാനിക്കുന്ന എളമരം കരീം തന്നെയാണ് നിയമസഭയില്‍ ആശാ വര്‍ക്കര്‍മാരുടെ ശമ്പളം 10000 രൂപയാക്കണമെന്ന് പറഞ്ഞത്.

ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് കേന്ദ്രമാണെങ്കില്‍ എന്തിനാണ് ഹരിയാനയിലെയും ബംഗാളിലെയും സിഐടിയുക്കാര്‍ ആശമാരുടെ ശമ്പളം 26000 രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ സമരം ചെയ്തത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. സമരം ചെയ്യുന്ന സാധുമനുഷ്യര്‍ മഴ കൊള്ളാതിരിക്കാന്‍ വേണ്ടി കെട്ടിയ ടാര്‍പോളിന്‍, മിസ്റ്റര്‍ ചീഫ് മിനിസ്റ്ററുടെ നിയന്ത്രണത്തിലുള്ള പൊലീസ് വലിച്ചുപറിച്ചു കളഞ്ഞു.

സമരക്കാർ മന്ത്രിയെ കാണാന്‍ വീട്ടില്‍ ചെന്നപ്പോള്‍, വീട്ടില്‍ വരേണ്ട ഓഫീസ് സമയത്ത് വന്നാല്‍ മതി എന്ന് പറഞ്ഞു. ഈ മന്ത്രിയും ഞാനും സ്പീക്കറുമൊക്കെ വീടുവീടാന്തരം കയറി വോട്ട് ചോദിച്ചവരല്ലേ? നമ്മള്‍ വോട്ട് ചോദിക്കാന്‍ പോകുമ്പോള്‍ ഓഫീസ് സമയത്താണോ വോട്ട് ചോദിക്കാന്‍ പോകുന്നത്. ഓഫീസ് ടൈമിൽ വോട്ട് ചോദിച്ചാണോ ഈ സഭയിൽ എല്ലാവരും ജയിച്ചെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പടിക്കല്‍ സമരം നടന്നിട്ട് മുഖ്യമന്ത്രി തിരിഞ്ഞുനോക്കിയോ? എന്താണ് ഒരു ജനകീയ സമരത്തേയും അഡ്രസ് ചെയ്യില്ലെന്ന നിലപാടുമായി മുഖ്യമന്ത്രി ഇരിക്കുന്നത് എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. എസ് യുസിഐയുടെ നാവായി പാലക്കാട് എംഎല്‍എ മാറിയത് ഗതികേടായിട്ടാണ് കാണുന്നതെന്ന് മന്ത്രി വീണാ ജോർജ് മറുപടി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com