

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയാതെ സഭയില്‍ നിന്ന് വിട്ടുനിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ കെ രമയുടെ അടിയന്തര പ്രമേയ നോട്ടീസിന് മുഖ്യമന്ത്രിക്ക് പകരം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ആണ് മറുപടി പറഞ്ഞത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുതിരായ അതിക്രമ വിഷയത്തില്‍ വനിതാ ശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി എന്ന നിലയിലാണ് വീണാ ജോര്‍ജ് മറുപടി പറഞ്ഞതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളില്‍ സര്‍ക്കാര്‍ കര്‍ശന നടപടികളാണ് സ്വീകരിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതും പൊലീസിന്റെ അറിവില്‍പ്പെടുന്നതുമായ എല്ലാ സംഭവങ്ങളിലും കേസ് രജിസ്റ്റര്‍ ചെയ്ത് ഊര്‍ജ്ജിതമായ അന്വേഷണം നടത്തി പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്. ശാസ്ത്രീയവും പഴുതടച്ചതുമായ അന്വേഷണമാണ് സര്‍ക്കാര്‍ നടത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയ്യാറല്ല. മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പോക്‌സോ കേസുകളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമകേസുകളും കൈകാര്യം ചെയ്യാനായി സംസ്ഥാനത്ത് 56 കോടതികള്‍ നിലവിലുണ്ട്. അതിക്രൂരമായ കേസുകള്‍ കൈകാര്യം ചെയ്യാനായി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടര്‍മാരെയും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ട്. ആലപ്പുഴയില്‍ ദലിത് പെണ്‍കുട്ടിക്കെതിരായ അതിക്രമത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നു. കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റിലായിട്ടുണ്ട്. കാലടി കോളജിലെ പെണ്‍കുട്ടികളുടെ ഫോട്ടോ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തുവെന്നും വീണ അറിയിച്ചു.
കേരള ക്രിക്കറ്റ് അസോസിയേഷനിലെ മുന്‍ കോച്ച് പഠിക്കാനെത്തിയ പെണ്‍കുട്ടികളെ 2017 മുതല്‍ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പ്രതി ഇപ്പോള്‍ റിമാന്‍ഡിലാണ്. ബ്രിജ് ഭൂഷന്റെ കേസില്‍ യുപി സര്‍ക്കാര്‍ സ്വീകരിച്ചതുപോലുള്ള നടപടിയല്ല കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചിന്റെ പീഡനക്കേസില്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത്. അയാളെ അറസ്റ്റ് ചെയ്തു ജയിലില്‍ ഇട്ടുവെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാവുന്ന, നിര്‍ഭയം പരാതിയുമായി സമീപിക്കാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷന്‍ മാറിയെന്നും മന്ത്രി വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരികയാണെന്ന് ക്രൈം റെക്കോര്‍ഡ് രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഇത്തരം അതിക്രമക്കേസുകളില്‍ ഒറ്റക്കെട്ടായ നിലപാട് എടുക്കണം. ആലപ്പുഴയില്‍ ദലിത് പെണ്‍കുട്ടി അതിക്രമത്തിന് ഇരയായ സംഭവത്തില്‍, തങ്ങള്‍ക്ക് ഭീഷണിയുണ്ടെന്നും അക്കാര്യം അന്വേഷിക്കണമെന്നും ആ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ട് ഒരു നടപടിയും എടുത്തിട്ടില്ല. 19 കാരി പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ പോലിസ് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്ത പൊലീസ് സ്റ്റേഷന്‍ അടച്ചു പൂട്ടണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. എന്തിനാണ് ആ പൊലീസ് സ്റ്റേഷന്‍?. ആരെ സംരക്ഷിക്കാനാണ് നിങ്ങളുടെ പൊലീസ് എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. പ്രതികളുടെ രാഷ്ട്രീയം നോക്കാതെ ഇരകള്‍ക്ക് നീതി ലഭ്യമാക്കണം എന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
