

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗത്തില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ അഭാവം ചൂണ്ടിക്കാട്ടിയ ഡോ. ഹാരിസ് ചിറക്കല്‍ ഉന്നയിച്ച വിഷയങ്ങള്‍ പ്രധാന്യമുള്ളതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി വ്യക്തമാക്കി ഡോ. ഹാരിസ് മാധ്യമങ്ങളെ കണ്ടതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. ഡോ. ഹാരിസിന്റെ പ്രതികരണം മാധ്യമങ്ങളില്‍ കണ്ടിരുന്നു. ആക്ഷേപങ്ങൾ സമഗ്രമായി പരിശോധിക്കും. ഇക്കാര്യം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു. ഡോ. ഹാരിസ് സത്യസന്ധനായ വ്യക്തിയാണ്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ കൃത്യമാണെന്ന് കരുതുന്നു. അതില്‍ പരിശോധന ഉണ്ടാകും എന്നും മന്ത്രി അറിയിച്ചു.
ഡോ. ഹാരിസിന്റെ പ്രതികരണം ഉള്‍പ്പെടെ കാണിക്കുന്നത് കേരളത്തില്‍ സര്‍ക്കാര്‍ ആരോഗ്യ സംവിധാനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു എന്നാണെന്നും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ 15 വര്‍ഷത്തിനിടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉള്‍പ്പെടെ നിരവധി അധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോ. ഹാരിസ് ഉള്‍പ്പെടെ ചൂണ്ടിക്കാട്ടുന്ന വെയിറ്റ് ലിസ്റ്റ് കേരളത്തിലെ ആരോഗ്യ സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടിയെന്നതിന്റെ തെളിവാണ്. ഇത് അനുസരിച്ചുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ഒരുക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റര്‍വെന്‍ഷന്‍സ് നടത്തുന്ന സ്ഥാപനം തിരുവനന്തപുരം മെഡിക്കല്‍ കോളേജാണ്. ഇതാണ് യാഥാര്‍ഥ്യം.
ഡോ. ഹാരിസ് പറഞ്ഞത് ഒരു സംവിധാനത്തിന്റെ പ്രശ്‌നമാണ്. ഇക്കാര്യം പലതവണ താനും പറഞ്ഞിട്ടുണ്ട്. മുന്നിലെത്തുന്ന ഒരു രോഗി നമ്മുടെ ബന്ധുവാണെന്ന് ചിന്തിച്ചാല്‍ പ്രശ്‌നങ്ങള്‍ തീരും. ഡോ. ഹാരിസിനെ പോലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് മുതല്‍ക്കൂട്ടാണ് എന്നാല്‍ ആരോപണങ്ങളുടെ മറുഭാഗം പരിശോധിക്കപ്പെടേണ്ടതുണ്ടെന്നും ആരോഗ്യ മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ശസ്ത്രക്രിയ അനുബന്ധ ഉപകരണങ്ങളുടെ വില കൂടുന്ന സാഹചര്യമുണ്ട്. അധിക വിലയ്ക്ക് ഉപകരണങ്ങള്‍ വാങ്ങിയാല്‍ ഓഡിറ്റ് ഒബ്ജക്ഷന്‍ ഉണ്ടാകും. അഴിമതി ആരോപിക്കപ്പെടും. കേരളത്തിലെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് 2011 മുതല്‍ 2025 വരെയുള്ള രേഖകള്‍ പുറത്തുവിടും. രോഗികളുടെ ബാഹുല്യം വര്‍ധിക്കുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാകും.
കേരളത്തില്‍ സാധാരണക്കാര്‍ മുതല്‍ ഉന്നതര്‍ വരെ ആശ്രയിക്കുന്നത് സര്‍ക്കാര്‍ ആശുപത്രികളെയാണ്. 1600 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്ക് നല്‍കുന്നത് കേരളമാണ്. സംവിധാനങ്ങള്‍ തിരുത്തണം എന്നാവശ്യപ്പെടണം എന്നാണ് ഡോക്ടര്‍ ആവശ്യപ്പെട്ടത് എന്നാണ് കരുതുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ അത് ശ്രദ്ധിക്കേണ്ട ഇടങ്ങളില്‍ എത്തിക്കാന്‍ ആയിരിക്കും ഇത്തരം ഒരു ഇടപെടല്‍ ഡോക്ടര്‍ ഹാരിസ് ചെയ്തത് എന്ന് കരുതുന്നു എന്നും ആരോഗ്യ മന്ത്രി പ്രതികരിച്ചു.
Minister Veena George responds to Dr. Haris chirakkal s allegations of lack of medical equipment at Thiruvananthapuram Medical College.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
