'കേരളത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പൂട്ടിച്ചത് ഒരൊറ്റ മദ്രസ മാത്രം, നട്ടെല്ലുള്ള ആഭ്യന്തര മന്ത്രിയാണ് അതു ചെയ്തത്'

കേരളത്തിലെ മുസ്ലിം കുട്ടികള്‍ക്ക് ആധുനികവിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രവര്‍ത്തിച്ച സംഘടനയാണ് എംഇഎസെന്ന് ഫസല്‍ ഗഫൂര്‍ ഓര്‍ക്കണമായിരുന്നു വെന്നും അബ്ദുള്ളക്കുട്ടി
A P Abdullakutti
എ പി അബ്ദുള്ളക്കുട്ടി
Updated on
2 min read

കണ്ണൂര്‍: മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പഠിക്കണമെന്ന ആത്മാര്‍ത്ഥമായ ഒരു നിര്‍ദ്ദേശമാണ് ബാലാവകാശ കമ്മിഷന്‍ നല്‍കിയതെന്ന് ഭാരതീയ ജനതാ പാര്‍ട്ടി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. ഇതു കേട്ടപാതി കേള്‍ക്കാത്ത പാതി സമസ്തയിലെ സമദ് പൂക്കോട്ടൂരും എംഇഎസിലെ ഫസല്‍ ഗഫൂറുമൊക്കെ തെറ്റിദ്ധാരണജനകമായ പ്രസ്താവനയിറക്കിയത് വേദനാജനകമാണ്. കേരളത്തിലെ മുസ്ലിം കുട്ടികള്‍ക്ക് ആധുനികവിദ്യാഭ്യാസം നല്‍കുന്നതില്‍ പ്രവര്‍ത്തിച്ച സംഘടനയാണ് എംഇഎസെന്ന് ഫസല്‍ ഗഫൂര്‍ ഓര്‍ക്കണമായിരുന്നു വെന്നും അബ്ദുള്ളക്കുട്ടി ചൂണ്ടിക്കാട്ടി. കണ്ണൂരിലെ പള്ളിക്കുന്നിലെ വീട്ടില്‍ മദ്രസാ വിവാദങ്ങളില്‍ മാധ്യമങ്ങളോട് പ്രതികരിക്കുക യായിരുന്നു അദ്ദേഹം.

കേരളത്തിലെ അവസ്ഥയല്ല നോര്‍ത്ത് ഇന്ത്യയിലെ മദ്രസകളുടേത്. അവിടെ രാവിലെ മുതല്‍ രാത്രി വരെ കുട്ടികള്‍ മദ്രസയിലാണ്. യുപിയില്‍ യോഗിയും അസം മുഖ്യമന്ത്രിയുമൊക്കെ ഇതിന് മാറ്റമുണ്ടാക്കാനാണ് ശ്രമിച്ചത്. ഒരു മൈനോറിറ്റി സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികളോട് പറഞ്ഞത് നിങ്ങള്‍ ഒരു കൈയ്യില്‍ ഖുറാനും മറുകൈയ്യില്‍ കംപ്യൂട്ടറും ഏന്തണമെന്നാണ്. എന്നാല്‍ മാത്രമേ രാജ്യത്തിന്റെ വികസന വഴികളില്‍ വരും നാളുകളില്‍ കൂടെ ചേരാന്‍ കഴിയുകയുള്ളൂവെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. സിഐഎ വന്നപ്പോള്‍ രാജ്യത്ത് ചിലരുണ്ടാക്കിയ ബഹളം പോലെ തന്നെയാണ് ഇത്. അന്ന് മോദി സര്‍ക്കാര്‍ എല്ലാവരെയും പാകിസ്ഥാനിലേക്ക് ഓടിക്കുമെന്നാണ് പറഞ്ഞത്. എന്നാല്‍ പാകിസ്ഥാനില്‍ നിന്നും വന്നവര്‍ക്ക് പോലും കേരളത്തില്‍ വരെ പൗരത്വം കൊടുത്തത് നാം കണ്ടില്ലേയെന്ന് അബ്ദുള്ളക്കുട്ടി ചോദിച്ചു.

സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മദ്രസകളില്‍ മാറ്റം വരുത്തേണ്ടതിനെ കുറിച്ച് വ്യക്തമായി പറയുന്നുണ്ട്. കേരളത്തില്‍ മദ്രസാ പഠനത്തിനൊപ്പം ആധുനിക വിദ്യാഭ്യാസം ലഭിച്ചതുകൊണ്ടാണ് മുസ്ലീംങ്ങള്‍ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പുരോഗമിച്ചത്. നമ്മളൊക്കെ രാവിലെ ഒരു മണിക്കൂര്‍ മദ്രസയിലും ബാക്കിയുള്ള സമയങ്ങളില്‍ സ്‌കൂളുകളിലും കോളജുകളിലും ലോ കോളജുകളിലുമൊക്കെ പോയാണ് പഠിച്ചത്. എന്നാല്‍ കേരളത്തിലെ അവസ്ഥയല്ല ബിഹാറിലൊക്കെ. അവിടുത്തെ ചില മദ്രസകളില്‍ പാകിസ്ഥാന്‍ സിലബസാണ് ഇപ്പോഴും പഠിപ്പിക്കുന്നത്. കേരളത്തില്‍ ഒറ്റ മദ്രസ മാത്രമേ കേന്ദ്രസര്‍ക്കാര്‍ പൂട്ടിച്ചിട്ടുള്ളു. അതു പോപ്പുലര്‍ ഫ്രണ്ടിന്റെ മഞ്ചേരിയിലുള്ളഗ്രീന്‍ വാലി മദ്രസ മാത്രമാണ്. കൈയ്യും കാലും വെട്ടാനാണ് അവിടെ പഠിപ്പിച്ചിരുന്നത്. മതരാഷ്ട്രവാദമാണ് അവിടെ സിലബസിലുണ്ടായിരുന്ന്. രാജ്യദ്രോഹമാണ് അവര്‍ പഠിപ്പിച്ചത്.

കേരളത്തിലുള്ള രാഷ്ട്രീയക്കാരോ സര്‍ക്കാരോ ഒന്നുമല്ല അതുപൂട്ടിച്ചത്. അമിത് ഷായെന്ന നട്ടെല്ലുള്ള ആഭ്യന്തര മന്ത്രിയാണ്. നോര്‍ത്ത് ഇന്ത്യയില്‍ മദ്രസ വിദ്യാര്‍ത്ഥികള്‍ വസ്ത്രം ധരിക്കുന്നത് പ്രത്യേക രീതിയിലാണ്. പൊതു സമൂഹത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതാണിത്. സൗദിയില്‍പ്പോലും ഇങ്ങനെയില്ല. മദ്രസ രംഗത്ത് കാലാനുസൃത മാറ്റമുണ്ടാക്കാനാണ് കേന്ദ്ര ബാലാവകാശ കമ്മിഷന്‍ ഇടപെടുന്നത്. അതിനായുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് ഇപ്പോള്‍ മുന്‍പോട്ടു വെച്ചിട്ടുള്ളത്. പൊതുവിദ്യാദ്യാസം എല്ലാവര്‍ക്കും ലഭിച്ചെങ്കില്‍ മാത്രമേ രാജ്യപുരോഗതിയുണ്ടാകൂ.

ഹജ്ജ് രംഗത്ത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ എല്ലാവര്‍ക്കും ഗുണകരമായിയിട്ടുണ്ട് വിഐപി കള്‍ച്ചര്‍ ഇപ്പോള്‍ ഹജ്ജ് രംഗത്തു നിന്നും ഒഴിവായി. അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിഞ്ഞുവെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. 2025 ല്‍ ഹജ്ജ് തീര്‍ത്ഥാടനത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് പൂര്‍ത്തിയായിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരുള്ളത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ നിന്നാണ്. 24500 പേരാണ് ഗുജറാത്തില്‍ നിന്നും അപേക്ഷിച്ചത്. കേരളത്തില്‍ നിന്നും 20100 പേരും അപേക്ഷിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളില്‍ നിന്നും വെറും അയ്യായിരം പേര്‍ മാത്രമേയുള്ളു. 17000 പേര്‍ക്ക് അവിടെ നിന്നും ക്വാട്ടയുണ്ട്. കഴിഞ്ഞ 30 വര്‍ഷമായി ഇടതുപക്ഷം ഭരിച്ച ബംഗാളില്‍ ന്യൂനപക്ഷം സാമ്പത്തികപരമായും വിദ്യാഭ്യാസപരമായും പുറകിലായതു കാരണമാണ് ഹജ്ജ് അപേക്ഷകര്‍ കുറഞ്ഞതെന്ന് അബ്ദുള്ളക്കുട്ടി ആരോപിച്ചു.

മാസപ്പടി വിഷയത്തില്‍ ഉപ്പു തിന്നവര്‍ വെള്ളം കുടിക്കേണ്ടിവരുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. പിണറായിക്കും മകള്‍ വീണാ വിജയനും താല്‍ക്കാലികമായി ഒഴിഞ്ഞുമാറാന്‍ കഴിയുമെങ്കിലും ഒടുവില്‍ അന്വേഷണങ്ങള്‍ക്ക് മറുപടി പറയേണ്ടിവരും. സിസിടിവി ക്യാമറാ ദ്യശ്യങ്ങള്‍ ചില പൊലീസുകാര്‍ നശിപ്പിച്ചതു കാരണമാണ് ശിവശങ്കരന്‍ മാത്രം അകത്തായത്. വീണാ വിജയനെ കേന്ദ്ര ഏജന്‍സി ചോദ്യം ചെയ്തത് ബിജെപിയുമായി അന്തര്‍ധാരയുണ്ടെന്ന് ആരോപിച്ചവര്‍ക്കുള്ള മറുപടിയാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നുവെന്ന ആരോപണം ചില കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. വളരെ ചെറിയ സംസ്ഥാനമായ കേരളത്തിലെ മൂന്നാമത്തെ എംബാര്‍ക്കേഷനായി കണ്ണൂര്‍ വിമാനത്താവളം മാറിയത് കേന്ദ്ര സര്‍ക്കാരിന്റെ അനുകൂലനിലപാടു കാരണമാണ്. വിദേശ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനുള്ള പോയന്റ് ഓഫ് കോള്‍ പദവി ലഭിക്കാത്തത് സാങ്കേതിക കാരണങ്ങള്‍ക്കൊണ്ടു മാത്രമാണ്. അതു ലഭിക്കാനുള്ള പരിശ്രമങ്ങള്‍ നടത്തിവരികയാണെന്നും അബ്ദുള്ളക്കുട്ടി അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com