'നന്ദി എന്ന രണ്ടക്ഷരം കൊണ്ട് തീരില്ല, പിതാവ് പഠിപ്പിച്ച പാഠം ഒരു ആവര്‍ത്തി കൂടി ഞാന്‍ അനുഭവിക്കുന്നു'

ആത്മവിശ്വാസവും ശക്തിയും പകര്‍ന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കഖലി ശിഹാബ് തങ്ങള്‍, ജ്യേഷ്ട സഹോദരനെ പോലെ കൂടെ തന്നെ നിന്ന കുഞ്ഞാലിക്കുട്ടി എന്നു തുടങ്ങി നേതാക്കളെ പേരെടുത്ത് പറഞ്ഞാണ് മുന്‍ മന്ത്രിയുടെ പ്രതികരണം
MK Muneer
MK Muneerഫയൽ
Updated on
2 min read

കോഴിക്കോട്: വീടിന്റെ ജപ്തി ഭീഷണിയില്‍ ഇടപെട്ട് ബാധ്യത തീര്‍ത്ത മുസ്ലീം ലീഗ് നേതൃത്വത്തിന് നന്ദി പറഞ്ഞ് ഡോ. എം കെ മുനീര്‍. എം കെ മുനീറിന്റെ 49 ലക്ഷം രൂപയുടെ വായ്പ അടച്ച് തീര്‍ത്തതിന് പിന്നാലെയാണ് മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായ എം കെ മുനീറിന്റെ പ്രതികരണം. 'വിഷമിക്കേണ്ട, പാര്‍ട്ടി കൂടെയുണ്ട്'എന്ന ഉറച്ച ആശ്വാസവാക്കുകളോടെ കൂടെ നിന്ന നേതൃത്വത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം അറിയിച്ചു. ആത്മവിശ്വാസവും ശക്തിയും പകര്‍ന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കഖലി ശിഹാബ് തങ്ങള്‍, ജ്യേഷ്ട സഹോദരനെ പോലെ കൂടെ തന്നെ നിന്ന കുഞ്ഞാലിക്കുട്ടി എന്നു തുടങ്ങി നേതാക്കളെ പേരെടുത്ത് പറഞ്ഞാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ മുന്‍ മന്ത്രി പ്രതികരിച്ചത്.

MK Muneer
49 ലക്ഷം രൂപയുടെ വായ്പ ലീഗ് അടച്ചു തീര്‍ത്തു; ജപ്തി ഭീഷണി ഒഴിഞ്ഞ് എം കെ മുനീര്‍

മുസ്ലീം ലീഗ് നേതൃത്വം ലീഗിന്റെ അക്കൗണ്ടില്‍ നിന്നാണ് കാലിക്കറ്റ് ടൗണ്‍ സഹകരണ ബാങ്കിലേക്ക് പണം കൈമാറിയത്. വായ്പാ ബാധ്യത പരിഹരിക്കാമെന്ന് പറഞ്ഞ് പാണക്കാട് സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും മുനീറുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലീം ലീഗ് പണം അടച്ചത്.

MK Muneer
'ഒരു സ്ത്രീയോടും ഇങ്ങനെ പെരുമാറരുത്'; വിങ്ങിപ്പൊട്ടി യു പ്രതിഭ, അധിക്ഷേപത്തില്‍ സിപിഎം പരാതി നല്‍കും

പോസ്റ്റ് പൂര്‍ണരൂപം-

വാക്കുകള്‍ക്കതീതം....

'വിഷമിക്കേണ്ട, പാര്‍ട്ടി കൂടെയുണ്ട്'എന്ന ഉറച്ച ആശ്വാസവാക്കുകളോടെ ഞങ്ങളോടൊപ്പം അചഞ്ചലമായി നിന്ന പ്രിയപ്പെട്ട പാര്‍ട്ടിക്ക് വാക്കുകള്‍ക്കതീതമായ നന്ദി. എനിക്ക് ആത്മവിശ്വാസവും ശക്തിയും പകര്‍ന്നു തന്ന പ്രിയപ്പെട്ട സയ്യിദ് സ്വാദിക്കലി ശിഹാബ് തങ്ങള്‍ക്കും ജ്യേഷ്ട സഹോദരനെ പോലെ കൂടെ തന്നെ നിന്ന കുഞ്ഞാലിക്കുട്ടി സാഹിബിനും ഞങ്ങളുടെ കുടുംബത്തിന്റെ ആത്മാര്‍ത്ഥമായ നന്ദി. ഞങ്ങളുടെ ഉള്ളുരുകിയ പ്രാര്‍ത്ഥനയില്‍ എന്നും ഉണ്ടാവും. ഈ പ്രയാസ ഘട്ടത്തില്‍ വീടിന്റെ കടബാധ്യതയില്‍ നിന്നും മോചിപ്പിച്ച എന്റെ പാര്‍ട്ടിയോട് ഈ ജീവിതത്തിലുടനീളം ഞാന്‍ കടപ്പെട്ടിരിക്കുന്നു.

ഈ വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ കുറെയധികം സുമനസ്സുകള്‍ ഹൃദയത്തില്‍ പ്രാര്‍ത്ഥനയോടെ ഞങ്ങളിലേക്ക് സ്‌നേഹം ചൊരിഞ്ഞു. ''നന്ദി'' എന്ന രണ്ടക്ഷരം കൊണ്ട് ഈ കടപ്പാട് തീര്‍ക്കാന്‍ സാധിക്കില്ല എന്നെനിക്കറിയാം.

എന്റെ സഹപാഠികള്‍, എന്റെ ഉറ്റ മിത്രങ്ങള്‍, ഞാനറിയാത്ത, എന്നെ ദൂരെ നിന്ന് മാത്രം കാണുകയും കേള്‍ക്കുകയും ചെയ്തിട്ടുള്ളവര്‍, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടവര്‍, എന്നെ ഏറെ ഇഷ്ടപ്പെടുന്നവര്‍, കലാ-സാമൂഹ്യ-സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, വിദേശത്തുള്ളവര്‍, സ്വദേശത്തുള്ളവര്‍ എല്ലാവരും സ്‌നേഹവാക്കുകളും പ്രാര്‍ത്ഥനകളും കൊണ്ട് ഞങ്ങളുടെ കൂടെ നിന്നു എന്നത് എനിക്ക് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സന്തോഷമാണ് പകര്‍ന്നു നല്‍കുന്നത്.

നമുക്ക് നേരിട്ട് പരിചയമില്ലാത്തവരായിട്ടുപോലും ഈ സമയത്ത് വിളിച്ച് ആശ്വസിപ്പിക്കുകയും സഹായഹസ്തം നീട്ടാന്‍ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തത് നിഷ്‌കളങ്കമായ ചേര്‍ത്തുവെക്കലായി ഞാന്‍ കാണുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും പ്രാര്‍ത്ഥനയും പിന്തുണയും എന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുകയും ചെയ്യുന്നു. വാര്‍ത്താ മാധ്യമങ്ങള്‍ സദുദ്ദേശപരമായി നടത്തിയ ഇടപെടലുകള്‍ക്കും നന്ദി.

പ്രിയപ്പെട്ട വാപ്പയും ഉമ്മയും അന്ത്യവിശ്രമം കൊള്ളുന്ന ഈ മണ്ണ് പരമകാരുണികന്റെ അനന്തമായ അനുഗ്രഹത്താല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നുവെന്നതിലുള്ള ആശ്വാസം എല്ലാവരുമായും ഞാന്‍ പങ്കുവെക്കുന്നു. സമ്പത്തിനേക്കാള്‍ വലുത് സ്‌നേഹവും ബന്ധവുമാണ് എന്ന എന്റെ പിതാവ് പഠിപ്പിച്ച പാഠം ഒരു ആവര്‍ത്തി കൂടി ഞാന്‍ വായിച്ചിരിക്കുന്നു അനുഭവത്തിലൂടെ.

സ്‌നേഹം മാത്രം..

ഡോ. എം. കെ. മുനീര്‍

Summary

Dr. M. K. Muneer thanked the Muslim League leadership for intervening in the threat of foreclosure of his house and settling the debt.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com