'ഇന്ത്യക്ക് പുതിയ മാതൃകകള്‍ ഉയര്‍ത്തിക്കാട്ടും; പോരാട്ടത്തില്‍ ഒരുമിച്ച് നില്‍ക്കുക';  സ്റ്റാലിന് നന്ദി അറിയിച്ച് പിണറായി

നവോത്ഥാന സമരമെന്നത് സാമുഹിക വ്യവസ്ഥിതി കൊണ്ടുമാത്രം ദുരനുഭവം നേരിടേണ്ടിവരുന്ന ജാതികളില്‍പ്പെട്ടവര്‍ വേര്‍തിരിഞ്ഞ് നിന്ന് ഒറ്റയ്ക്ക് നടത്തേണ്ട ഒന്നല്ല
വൈക്കം സത്യഗ്രഹശതാബ്ദി സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നു
വൈക്കം സത്യഗ്രഹശതാബ്ദി സമ്മേളനത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നു
Updated on
1 min read

കോട്ടയം: വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനച്ചടങ്ങിനെത്തിയ സ്റ്റാലിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭാ സമ്മേളനഘട്ടമായിട്ടും ഇവിടെ എത്തിച്ചേര്‍ന്നത് വൈക്കം സത്യഗ്രഹത്തോടുള്ള അദ്ദേഹത്തിന്റെയും തമിഴ്‌നാടിന്റെയും ആഭിമുഖ്യമാണ് പ്രകടിപ്പിക്കുന്നതെന്ന് പിണറായി പറഞ്ഞു. ഇന്ത്യാചരിത്രത്തില്‍ സമാനതകളില്ലാത്ത സമരമുന്നേറ്റമായിരുന്നു വൈക്കം സത്യഗ്രഹം. കേരളത്തില്‍ മാറുമറയ്ക്കല്‍ സമരം, അരുവിപ്പുറം പ്രതിഷ്ഠ, കല്ലുമാല സമരം, ഗുരുവായൂര്‍ സത്യഗ്രഹം ഇങ്ങനെ നിരവധി നവോത്ഥാന മുന്നേറ്റങ്ങള്‍ ഉള്‍പ്പെട്ട ഒരു ശൃംഖലയിലെ ഏറ്റവും കരുത്താര്‍ന്ന കണ്ണിയാണ് വൈക്കം സത്യഗ്രഹമെന്നും പിണറായി പറഞ്ഞു. 

വൈക്കം സത്യഗ്രഹം സമാനതകളില്ലാത്തതാണെന്ന് പറഞ്ഞത് വസ്തുനിഷ്ഠമായ ചരിത്രപശ്ചാത്തലത്തിന്റെ അടിസ്ഥാനത്തിലാണ്. ഇതരനവോത്ഥാനമുന്നേറ്റങ്ങളില്‍ നിന്ന് വൈക്കം സത്യഗ്രഹത്തെ വേറിട്ടുനിര്‍ത്തുന്നത് സാമൂഹിക പരിഷ്‌കരണ നവോത്ഥാന ധാരയില്‍, ദേശീയ സ്വാതന്ത്യസമരധാരയില്‍ സമന്വയിച്ചു എന്നതാണ്. അതുവരെ നവോത്ഥാന നായകരും സാമൂദായിക സംഘടനകളും സ്വന്തം നിലയ്ക്ക് നവോത്ഥാന സംരംഭങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുയായിരുന്നെന്നും പിണറായി പറഞ്ഞു.

സാമൂദായിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ മാത്രം നേതൃത്വത്തിലല്ലാതെ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ കൂടി നേതൃത്വത്തില്‍ സാമൂഹിക ദുരാചാരങ്ങള്‍ക്കെതിരെ അതുവരെ അത്തരത്തിലൊരു പോരാട്ടം അതുവരെ നടന്നിട്ടില്ല. ശ്രീനാരാണഗുരുവും ചട്ടമ്പി സ്വാമികളും അയ്യങ്കാളിയും അടക്കമുള്ള നവോത്ഥാന നായകരുടെ പ്രചോദനം ഇല്ലായിരുന്നെങ്കില്‍ വൈക്കം സത്യഗ്രഹം പോലെ പുരോഗമനമായ സമരം കേരളത്തില്‍ നടക്കില്ലെന്നും പിണറായി പറഞ്ഞു.

പോരട്ടത്തില്‍ ഒരുമിച്ച് നില്‍ക്കുക എന്ന മാതൃകയാണ് വൈക്കം സത്യഗ്രഹം മുന്നോട്ടുവച്ചത്. തമിഴ്‌നാടിന്റെയും കേരളത്തിന്റെയും മനസ് ഒരുമിച്ച് നിന്നു. ഒരുമിച്ച് ചേരലിന്റെതായ മനസ് വരുംകാലത്തും ഉണ്ടാകും. വലിയ സാഹോദര്യമായി അത് ശക്തിപ്പെടും. ഇന്ത്യക്ക് തന്നെ അത് പുതിയ മാതൃകകള്‍ ഉയര്‍ത്തിക്കാട്ടുമെന്ന് വൈക്കത്തിന്റെ മണ്ണില്‍നിന്ന് സന്തോഷത്തോടെ അറിയിക്കുന്നു. നവോത്ഥാന സമരമെന്നത് സാമുഹിക വ്യവസ്ഥിതി കൊണ്ടുമാത്രം ദുരനുഭവം നേരിടേണ്ടിവരുന്ന ജാതികളില്‍പ്പെട്ടവര്‍ വേര്‍തിരിഞ്ഞ് നിന്ന് ഒറ്റയ്ക്ക് നടത്തേണ്ട ഒന്നല്ല എന്നതാണ് വൈക്കം സത്യാഗ്രഹം ഓര്‍മിപ്പിക്കന്നതെന്നും പിണറായി പറഞ്ഞു.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com