

ആലപ്പുഴ : ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇഎംസിസിയുമായി 2020 ഫെബ്രുവരി 28ന് അസെന്‍ഡില്‍ വെച്ച് ഒപ്പിട്ട ധാരണാപത്രം സര്‍ക്കാര്‍ ഇതുവരെ റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ധാരണാപത്രം റദ്ദാക്കാത്തത് കള്ളക്കളിയാണ്. റദ്ദാക്കും എന്ന് പറയുന്നതേയുള്ളൂ. വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ വേണ്ടിയാണ് ഒറിജിനല്‍ ധാരണാപത്രം റദ്ദാക്കാത്തത് എന്നും ചെന്നിത്തല ആരോപിച്ചു.
400 യന്ത്രവത്കൃത ബോട്ടുകളും യാനങ്ങള്‍ നിര്‍മിക്കാനുള്ള കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് കോര്‍പറേഷനുമായി ഇഎംസിസി ഒപ്പിട്ട ധാരണാപത്രം മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. ഇഎംസിസി സര്‍ക്കാരുമായി ഒപ്പിട്ട ഒറിജിനല്‍ ധാരണാപത്രം ഇപ്പോഴും നിലനില്‍ക്കുകയാണ്. ആഴക്കടല്‍ മത്സ്യബന്ധനവിവാദം ഇടതുസംഘടനകളാണ് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതെന്ന കാനം രാജേന്ദ്രന്റെ വാദം തെറ്റാണ്. ധാരണാപത്രം ഒപ്പിട്ട വിവരം പുറത്തുവന്നത് താന്‍ പറഞ്ഞശേഷമാണ്. അതിന് മുമ്പ് ഏത് ഇടതുസംഘടനയാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് കാനം വെളിപ്പെടുത്തണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. 38,000 ഇരട്ടവോട്ടുകളെ കണ്ടെത്തിയുള്ളൂ എന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പറയുന്നത് വാസ്തവത്തില്‍ അതിശയിപ്പിക്കുന്നതാണ്. ഇരട്ടവോട്ട് ചെറിയ കാര്യമല്ല. കേരളത്തിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ സഹായിക്കുന്ന വിധത്തിലുള്ള ഇരട്ടവോട്ടാണ് ചേര്‍ത്തിരിക്കുന്നത്. ഈ വ്യാജ വോട്ടര്‍മാര്‍ ഒരു കാരണവശാലും വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പാടില്ല. ഇരട്ടവോട്ടുമായി ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നാളെ പുറത്തുവിടുമെന്നും ചെന്നിത്തല പറഞ്ഞു.
മോദിയും പിണറായി വിജയനും ഭായി ഭായിയാണ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തെ അവഗണിച്ച മോദിയാണ് ഇപ്പോള്‍ വികസനത്തെക്കുറിച്ച് പറയുന്നത്. മോദിയുടെ വികസനമുദ്രാവാക്യം കാപട്യമാണ്. മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി വിജയനെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രായമായവര്‍ വോട്ടുചെയ്ത സമയത്തുതന്നെ പെന്‍ഷന്‍ വിതരണം ചെയ്ത നടപടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates