കൊച്ചി: ഗാര്‍ഹിക പീഡനത്തെത്തുടര്‍ന്ന് ആലുവയില്‍ നിയമവിദ്യാര്‍ത്ഥിനി മോഫിയ പര്‍വീണ്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് മുഹമ്മദ് സുഹൈലിനും ഭര്‍തൃകുടുംബത്തിനുമെതിരെ കൂടുതല്‍ തെളിവുകള്‍ പൊലീസിന് ലഭിച്ചു. സുഹൈലിന്റെ പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. തനിക്ക് വിവാഹത്തിനു ശേഷമുണ്ടായ മാനസികവും ശാരീരികവുമായ പീഡനങ്ങളെപ്പറ്റി മോഫിയ ഭര്‍ത്താവ് സുഹൈലിനോട് നിരവധി ശബ്ദസന്ദേശങ്ങളിലൂടെ അറിയിക്കുന്നുണ്ട്. എന്നാല്‍, ഇതിനൊന്നും വ്യക്തമായ മറുപടി സുഹൈല്‍ നല്‍കുന്നില്ല.
മോഫിയ കരഞ്ഞു പറയുന്നു
‘സഹിക്കാനാവാത്ത പീഡനം മൂലം ഒരു നിമിഷം പോലും ജീവിച്ചിരിക്കാൻ താൽപര്യമില്ലെ’ന്നു പല ഘട്ടത്തിലും മോഫിയ ഭർത്താവിനോടു കരഞ്ഞു പറയുന്നുണ്ട്. കോടതിയുടെ അനുമതിയോടെ ഫോൺ വിദഗ്ധ പരിശോധനയ്ക്കു വിധേയമാക്കും. വിവാഹം കഴിഞ്ഞ് അധികം വൈകാതെ മോഫിയയെ ഒഴിവാക്കി വേറെ കല്യാണം കഴിക്കാൻ സുഹൈലും മാതാപിതാക്കളും നീക്കം നടത്തിയതിനും അന്വേഷണ സംഘത്തിനു തെളിവു ലഭിച്ചു.
വധുവായി ഡോക്ടർ വേണമെന്ന് മാതാപിതാക്കൾ
മുഹമ്മദ് സുഹൈലിന് വധുവായി ഡോക്ടർ വേണമെന്നാണ് മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു. ഡോക്ടറിൽ കുറഞ്ഞ ഒരാളെ മകൻ വിവാഹം ചെയ്തതിൽ ദേഷ്യം പ്രകടിപ്പിച്ച് സുഹൈലിന്റെ മാതാപിതാക്കൾ മോഫിയയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി.
വേറെ കല്യാണം നടത്താനും ശ്രമം
മോഫിയയെ ഒഴിവാക്കി വേറെ കല്യാണം നടത്താൻ സുഹൈലും മാതാപിതാക്കളും നീക്കം നടത്തി. ഇതിന്റെ ഭാഗമായി പ്രശ്നങ്ങൾ സംസാരിച്ചു തീർപ്പാക്കി വീണ്ടും യോജിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ ടൗൺ ജുമാ മസ്ജിദ് കമ്മിറ്റിക്ക് സുഹൈൽ കത്തു നൽകി. അതനുസരിച്ചു കമ്മിറ്റി ഇരുകൂട്ടരെയും വിളിപ്പിച്ചു. ഭർത്താവിനൊപ്പം പോകാൻ മോഫിയ തയാറായെങ്കിലും സുഹൈൽ അനുരഞ്ജന ചർച്ച ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
മോഫിയ പിന്നാലെചെന്ന് കാലുപിടിച്ചിട്ടും ഫലമുണ്ടായില്ലെന്ന് ദൃക്സാക്ഷികൾ പൊലീസിന് മൊഴി നൽകി. പള്ളിക്കമ്മിറ്റിക്കു കത്ത് നൽകിയത് പിന്നീടു സ്വയം ന്യായീകരിക്കാനുള്ള പ്രതിയുടെ തന്ത്രമായിരുന്നു എന്നാണ് പൊലീസ് നിഗമനം. കേസിലെ പ്രതികളായ ഭർത്താവ് സുഹൈൽ, ഭർതൃമാതാവ് റുഖിയ, ഭർതൃപിതാവ് യൂസഫ് എന്നിവരുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച ജില്ലാ സെഷൻസ് കോടതി പരിഗണിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates