

കൊച്ചി: വികസിത ഭാരതത്തിനായി ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ഠിതമായ വിദ്യാഭ്യാസ ബദല്‍ വളര്‍ത്തിയെടുക്കണമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. ഇപ്പോഴുള്ള വിദ്യാഭ്യാസ വ്യവസ്ഥ കൊളോണിയല്‍ ആശയങ്ങളുടെ ദീര്‍ഘകാല സ്വാധീനത്തിലാണ് വികാസം പ്രാപിച്ചതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് അംഗീകരിച്ചു വന്ന വിദ്യാഭ്യാസത്തിന്റെ തലങ്ങള്‍ വൈദേശിക വീക്ഷണത്തിന്റെ പശ്ചാത്തലത്തിലാണ് വളര്‍ന്നതെന്നും ഈ വിഷയത്തില്‍ ശ്രദ്ധ തീര്‍ത്തും ഭാരതീയ അധിഷ്ഠിതവുമായിരിക്കണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
'ശിക്ഷാ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ്' സംഘടിപ്പിച്ച വിദ്യാഭ്യാസ സമ്മേളനത്തിന്റെ ഭാഗമായുള്ള 'രാഷ്ട്രീയ ചിന്തന്‍ ബൈഠക്കില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെളിയനാട് ആദിശങ്കരനിലയത്തില്‍ രണ്ടു ദിവസമായി നടന്ന ചിന്തന്‍ ബൈഠക്ക് ശനിയാഴ്ച ഉച്ചയോടെ സമാപിച്ചു. അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നടക്കുന്ന ജ്ഞാനസഭയിലും മോഹന്‍ ഭാഗവത് പങ്കെടുക്കും.
ഇടപ്പള്ളി അമൃത മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ജ്ഞാനസഭയില്‍ രാജ്യത്തെ വിവിധ സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാര്‍ ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിദഗ്ധരും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേധാവികളും പങ്കെടുക്കും. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസൃതമായി കേരളത്തിന്റെ വിദ്യാഭ്യാസ സ്രോതസുകളെ എങ്ങനെ ബന്ധപ്പെടുത്താം എന്ന വിഷയത്തില്‍ പോളിസി ഡയലോഗ് ആന്‍ഡ് ലീഡര്‍ഷിപ്പ് കോണ്‍ക്ലേവും നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates