

കൊച്ചി: ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലുള്ള പുരാവസ്തു വിൽപന തട്ടിപ്പുക്കാരൻ മോൻസൻ മാവുങ്കലിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. മൂന്ന് ദിവസത്തേക്കാണ് മോൻസനെ ക്രൈം ബ്രാഞ്ചിന് കസ്റ്റഡിയിൽ ലഭിച്ചത്. തൃപ്പൂണിത്തുറ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലാണ് ചോദ്യം ചെയ്യൽ. പുരാവസ്തുത്തട്ടിപ്പ് കേസിൽ പരാതിക്കാരായ നാലുപേരിൽ നിന്നും ക്രൈബ്രാഞ്ച് ഇന്ന് മൊഴിയെടുക്കും.
എം ടി ഷമീർ, യാക്കൂബ് പുറായിൽ, അനൂപ് വി അഹമ്മദ്, സലീം എടത്തിൽ എന്നിവരാണ് എറണാകുളം ക്രൈബ്രാഞ്ച് ഓഫിസിൽ ഹാജരായി മൊഴി നൽകുക. മോൻസന്റെ ബാങ്ക് ഇടപാടുകൾ അടക്കം പരിശോധിച്ച ശേഷം തെളിവെടുപ്പ് നടത്താനാണ് തീരുമാനം.
കുറഞ്ഞ വിലയ്ക്ക് പഴയ ടെലിവിഷനുകൾ എത്തിച്ചു നൽകാമെന്ന് വാഗ്ദാനം നൽകി ഇടുക്കിയിൽ നിന്നാണ് മോൻസൻ മാവുങ്കലിന്റെ തട്ടിപ്പുകളുടെ തുടക്കം. എന്നാൽ പണം നഷ്ടപ്പെട്ടവർ പരാതി നൽകാത്തതിനാൽ മോൻസന് പിടിവീണില്ല. പിന്നെ വാഹന വിൽപനയിലൂടെ തട്ടിപ്പ് വിപുലീകരിച്ചു. കുറഞ്ഞ നിരക്കിൽ കാർ വാങ്ങി നൽകാമെന്ന് പറഞ്ഞായിരുന്നു ഇത്. ഇതിനുപുറമെ ഇടുക്കി രാജാക്കാടുള്ള ജ്വല്ലറി ഉടമക്ക് സ്വർണം എത്തിച്ചുനൽകാമെന്ന് പറഞ്ഞും ലക്ഷങ്ങൾ തട്ടിയതായി ആരോപണമുണ്ട്.
കസ്റ്റഡിയിൽ ഉള്ള മോൻസനെ ഇന്നലെ രാത്രിയിൽ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. പണം നൽകിയവരുടെയും ഇടനിലക്കാരായി പ്രവർത്തിച്ച ചിലരുടെയും പേരുകൾ മോൻസൻ വെളിപ്പെടുത്തിയെന്നാണ് സൂചന. വ്യാജരേഖകൾ ചമ്മച്ചുള്ള തട്ടിപ്പ്, നേരിട്ടുള്ള വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് മോൻസനെതിരെ ചുമത്തിയിരിക്കുന്നത്. തട്ടിപ്പിനിരയായിട്ടും പുറത്ത് പറയാൻ മടിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണസംഘം തേടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates