ജൂണ്‍ ഏഴുമുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനം ജീവനക്കാര്‍: ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ 

ജൂണ്‍ 7 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാവുന്നതാണ്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം
Updated on
1 min read

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍, നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആവശ്യമായ സര്‍ക്കാര്‍ ജീവനക്കാര്‍, പരീക്ഷാ നടത്തിപ്പിന് ആവശ്യമായ ജീവനക്കാര്‍ എന്നിവര്‍ ഓഫീസില്‍ ഹാജരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂണ്‍ 7 മുതല്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍ ഉള്‍പ്പെടെ എല്ലാ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളും 50% ജീവനക്കാരെ ഉള്‍പ്പെടുത്തി റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാവുന്നതാണ്. വ്യാവസായിക സ്ഥാപനങ്ങള്‍ക്കും ഉല്‍പാദന കേന്ദ്രങ്ങള്‍ക്കും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ളത്. ഇത് സേവന മേഖലയ്ക്ക് ബാധകമല്ല.

പൊതുസ്ഥലങ്ങളില്‍ രാവിലെ 5 മുതല്‍ 7 വരെ പ്രഭാത നടത്തവും വൈകുന്നേരം 7 മുതല്‍ 9 വരെ വൈകുന്നേരത്തെ നടത്തവും സാമൂഹികഅകലം ഉള്‍പ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്റ്റേഷനറി ഇനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ അനുവാദമില്ല. തുണിത്തരങ്ങള്‍, പാദരക്ഷകള്‍, ആഭരണങ്ങള്‍ എന്നിവയുടെ കടകളില്‍  വിവാഹക്ഷണക്കത്തുകള്‍ കാണിച്ചാല്‍ മാത്രമേ പൊതുജനങ്ങള്‍ക്ക് പ്രവേശനാനുവാദമുള്ളൂ. മറ്റെല്ലാ വ്യക്തികള്‍ക്കും ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ.ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നവരെ കര്‍ശനമായി തടയണമെന്ന് മുഖ്യമന്ത്രി കോവിഡ് അവലോകനയോഗത്തില്‍ നിര്‍ദ്ദേശിച്ചു. 

പരിശീലനത്തില്‍ പങ്കെടുക്കുന്ന പൊലീസ് ട്രെയിനികള്‍, സാമൂഹ്യസന്നദ്ധ സേന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍, ഐഎംഡിയുടെ ഫീല്‍ഡ് സ്റ്റാഫ്, കൊച്ചി മെട്രോയിലെ ഫീല്‍ഡ് സ്റ്റാഫ്, കൊച്ചി വാട്ടര്‍ മെട്രോ ഫീല്‍ഡ് സ്റ്റാഫ് എന്നിവരെ വാക്സിനേഷന്‍ ഫ്രണ്ട് ലൈന്‍ തൊഴിലാളികളായി പരിഗണിക്കും. പഠനാവശ്യങ്ങള്‍ക്കും, തൊഴിലിനുമായി വിദേശത്തു പോകുന്നവര്‍ക്ക്  നല്‍കിയ വാക്സിനേഷന്‍ ഇളവുകള്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കും നല്‍കും. 

നാല്പതു വയസ്സിന് മുകളിലുള്ളവര്‍ക്ക് എസ്എംഎസ് അയക്കുന്ന മുറയ്ക്ക്  വാക്സിന്‍ നല്‍കും.  ആദിവാസി വിഭാഗങ്ങള്‍ക്ക് മുന്‍ഗണന  നോക്കാതെ 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com