കേരളത്തില്‍ മോര്‍ഫിങ് കേസുകള്‍ നാലിരട്ടിയായി; ഇരകളില്‍ അഞ്ചിലൊന്നും കുട്ടികള്‍, 9 മാസത്തിനിടെ 81 കേസുകള്‍

2022ല്‍ 19 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2025ല്‍ ഇത് 81 ആയി ഉയര്‍ന്നു
morphing cases raises in kerala
Morphing Cases Quadruple; Children Among Key TargetsAI Generated Image
Updated on: 
2 min read

തിരുവനന്തപുരം: കേരളത്തില്‍ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്ന സംഭവങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത മോര്‍ഫിങ് കേസുകളുടെ എണ്ണം നാലിരട്ടിയായതായി സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022ല്‍ 19 കേസുകളാണ് രജിസ്റ്റര്‍ ചെയ്തതെങ്കില്‍ 2025ല്‍ ഇത് 81 ആയി ഉയര്‍ന്നു. 2026ലെ ആദ്യ ഒന്‍പത് മാസത്തിനിടെ തന്നെ 81 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

2022 മുതല്‍ 2026 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത 298 കേസുകളില്‍ 68 എണ്ണത്തിലും കുട്ടികളാണ് ഇരകളായത്. അഞ്ചില്‍ ഒന്നിലധികം കേസുകളിലും ലക്ഷ്യമിട്ടത് കുട്ടികളെയാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 199 കേസുകളില്‍ സ്ത്രീകളും 31 കേസുകളില്‍ പുരുഷന്മാരുമാണ് ഇരകളായത്. ലൈംഗികാതിക്രമം, അപമാനിക്കല്‍, വ്യക്തിപരമായ ആവശ്യങ്ങള്‍, ചിത്രങ്ങള്‍ സുഹൃദ്വലയങ്ങളില്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയ്ക്കാണ് ഇത്തരം ചിത്രങ്ങള്‍ ഉപയോഗിക്കുന്നത്. ചില സംഭവങ്ങളില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ തന്നെ കുറ്റവാളികളായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുന്ന ലോണ്‍ ആപ്പ് തട്ടിപ്പുകള്‍ അടുത്തിടെ കുറഞ്ഞതായി പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

morphing cases
13 കേസുകളില്‍ പ്രതികളെ വെറുതെവിട്ടപ്പോള്‍ 37 കേസുകളാണ് കോടതികള്‍ തീര്‍പ്പാക്കിയത്

കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണ്. കണക്കുകള്‍ ഉള്‍ക്കൊള്ളുന്ന അഞ്ച് വര്‍ഷത്തെ കാലയളവില്‍ രണ്ട് പ്രതികള്‍ക്ക് മാത്രമാണ് ശിക്ഷ ലഭിച്ചത്. ഭൂരിഭാഗം കേസുകളിലും വിചാരണ തുടരുന്നതാണ് ഇതിന് കാരണമായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. 13 കേസുകളില്‍ പ്രതികളെ വെറുതെവിട്ടപ്പോള്‍ 37 കേസുകളാണ് കോടതികള്‍ തീര്‍പ്പാക്കിയത്.

എഐ സാങ്കേതികവിദ്യയുടെ പ്രചാരം വര്‍ധിച്ചതും മോര്‍ഫിങ് കേസുകള്‍ കൂടുന്നതും തമ്മില്‍ ബന്ധമുണ്ടെന്ന് സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഐജി പി പ്രകാശ് ചൂണ്ടിക്കാട്ടി. ഇന്റര്‍നെറ്റില്‍ ലഭ്യമായ നിരവധി എഐ ആപ്പുകളും വെബ്‌സൈറ്റുകളും ഉപയോഗിച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ വ്യാജ ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കഴിയുന്നുണ്ട്. ഇത്തരം വെബ്‌സൈറ്റുകളില്‍ പലതും ഇന്ത്യയ്ക്ക് പുറത്താണ് പ്രവര്‍ത്തിക്കുന്നതെന്നതിനാല്‍ അവയ്‌ക്കെതിരെ നടപടിയെടുക്കുന്നതും വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ പോലും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സ്‌കൂളുകള്‍, കോളജുകള്‍, ജോലിസ്ഥലങ്ങള്‍ എന്നിവിടങ്ങളിലെ വ്യക്തിവൈരാഗ്യങ്ങളും ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. പ്രണയബന്ധങ്ങള്‍ തകരുന്നതും ദാമ്പത്യപ്രശ്‌നങ്ങളും പ്രതികാരമായി ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നതിലേക്ക് നയിക്കുന്ന സംഭവങ്ങളുമുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ബോധവത്കരണത്തിനൊപ്പം നിയമനടപടികളും ശക്തമാക്കണമെന്ന് എഐ വിദഗ്ധന്‍ മുരളീകൃഷ്ണന്‍ ചിന്നദുരൈ അഭിപ്രായപ്പെട്ടു. എഐ സാങ്കേതികവിദ്യയുടെ ധാര്‍മികമായ ഉപയോഗത്തെക്കുറിച്ചും ദുരുപയോഗം ചെയ്താലുണ്ടാകുന്ന നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും കുട്ടികളടക്കമുള്ളവരെ ബോധവത്കരിക്കണം. അതോടൊപ്പം എഐ അധിഷ്ഠിത സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ പരിശീലനവും സംവിധാനങ്ങളും ഒരുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

morphing cases raises in kerala
എട്ടുകോടിയുടെ കവര്‍ച്ച പുറംലോകമറിഞ്ഞത് ഒരു വര്‍ഷത്തിനുശേഷം; ഖത്തര്‍ കെഎംസിസി കേസില്‍ ദുരൂഹതകള്‍ ഏറെ
morphing cases raises in kerala
വരുമോ വിജിലന്‍സ്?; സാംബശിവറാവുവിന്റെ റിപ്പോര്‍ട്ടിനെച്ചൊല്ലി വിവാദം, അന്വേഷണം പ്രഖ്യാപിച്ചേക്കും
morphing cases raises in kerala
എഥനോള്‍ അളവില്‍ കൂടുതലുണ്ടോ?; സംസ്ഥാനത്ത് ഇന്ന് പമ്പുകളില്‍ മിന്നല്‍ പരിശോധന
Summary

Morphing Cases Quadruple in Kerala; Children Targeted in One in Five Cases

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER