

കൊച്ചി: എങ്ങനെ എന്‍ജിനീയറിങ് പരീക്ഷ പാസാകാം എന്ന് മാത്രം ചിന്തിക്കുന്നവരാണ് ഭൂരിഭാഗം വിദ്യാര്‍ഥികള്‍ എന്ന് കേരള സ്റ്റാര്‍ട്ട്അപ്പ് മിഷന്‍ സിഇഒ അനൂപ് പി അംബിക. എന്‍ജിനീയറിങ്ങില്‍ മികവ് പുലര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവര്‍ ചുരുക്കമാണ്. എന്‍ജിനീയര്‍ ആണ് എന്ന് സ്വയം അഭിമാനിക്കുന്നതിന് മുന്‍പ് ഈ മേഖലയില്‍ വൈദഗ്ധ്യം നേടാന്‍ ശ്രമിക്കണം. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളില്‍ ചുമ്മാ പകര്‍ത്തിയെഴുതിയാല്‍ മാത്രം മാര്‍ക്ക് കിട്ടുമെന്ന് കരുതുന്നില്ല. ഒരു കമ്പ്യൂട്ടര്‍ പോലും അഴിച്ചുപണിതിട്ടില്ല എന്ന് അഭിമാനത്തോടെ പറയുന്നവരാണ് ഭൂരിഭാഗം കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാരും. മദര്‍ബോര്‍ഡ്, അത് എന്ത് ബോര്‍ഡ് എന്ന് ചോദിക്കുന്നവരാണ് ഭൂരിഭാഗം വിദ്യാര്‍ഥികളുമെന്നും അനൂപ് പി അംബിക വിമര്‍ശിച്ചു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഉന്നത വിദ്യാഭ്യാസരംഗത്ത് അമേരിക്കയില്‍ നിന്ന് വ്യത്യസ്തമായി കേരളത്തില്‍ രചനാമോഷണം തകൃതിയായി നടക്കുന്നു. തമാശരൂപേണ പലവട്ടം ഞാന്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. എന്‍ജിനീയറിങ് കോളജില്‍ പഠിക്കാന്‍ പോയപ്പോള്‍ ആദ്യം കിട്ടിയ അസൈന്‍മെന്റ് ഏറെ ആവേശത്തോടെയാണ് എഴുതിയത്. ഹോസ്റ്റലില്‍ എത്തിയപ്പോള്‍ അസൈന്‍മെന്റ് എഴുതിയോ എന്ന് കൂട്ടുകാര്‍ ചോദിച്ചു. എഴുതി എന്ന് പറഞ്ഞു. കണ്ണടച്ച് തുറക്കുമ്പോഴേക്കും 20 പേര്‍ എന്റെ അസൈന്‍മെന്റ് നോക്കി എഴുതി. അന്ന് എന്റെ ആവേശം തീര്‍ന്നതാണ്.'- അനൂപ് പി അംബിക ഓര്‍ക്കുന്നു.
'പിന്നീട് ഞാനും ഇത് ശീലമാക്കി. കൂട്ടുകാരിയോട് പഫ്‌സും നാരങ്ങ വെള്ളവും വാങ്ങിത്തരാം എന്ന് പറഞ്ഞ് അസൈന്‍മെന്റ് എഴുതിപ്പിച്ചു. കോളജില്‍ നിന്ന് ഇറങ്ങുന്ന സമയത്ത് ഈ അവസ്ഥയിലേക്കാണ് ഞാന്‍ എത്തിയത്. അമേരിക്കയിലാണെങ്കില്‍ ഇത് ഒരിക്കലും സംഭവിക്കില്ല. രചനാമോഷണം നടത്തിയാല്‍ അപ്പോള്‍ തന്നെ അവിടെ പുറത്താകും. എങ്ങനെയെങ്കിലും പരീക്ഷ പാസാകുക എന്ന ചിന്ത മാത്രമാണ് ഇവിടെയുള്ളത്. പരീക്ഷ പാസാകാനുള്ള സ്‌കില്‍ മാത്രമാണ് കുട്ടികള്‍ പഠിക്കുന്നത്. ഈ രീതിയില്‍ അല്ലാതെ പഠനത്തെ ഗൗരവത്തോടെ സമീപിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.എന്നാല്‍ ഭൂരിഭാഗം വിദ്യാര്‍ഥികളും എങ്ങനെ പരീക്ഷ പാസാകാം എന്ന് മാത്രമാണ് ചിന്തിക്കുന്നത്. അതിനുള്ള സ്‌കില്‍ വികസിപ്പിക്കാന്‍ മാത്രമാണ് ശ്രമിക്കുന്നത്. പത്താംക്ലാസ് മുതല്‍ ഈ രീതിയാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഞാന്‍ എന്‍ജിനീയര്‍ ആണ് എന്ന് സ്വയം അഭിമാനിക്കുന്നതിന് മുന്‍പ് ഈ മേഖലയില്‍ വൈദഗ്ധ്യം നേടാന്‍ ശ്രമിക്കണം. അമേരിക്ക അടക്കമുള്ള വികസിത രാജ്യങ്ങളില്‍ ചുമ്മാ പകര്‍ത്തിയെഴുതിയാല്‍ മാത്രം മാര്‍ക്ക് കിട്ടുമെന്ന് കരുതുന്നില്ല. പ്രായോഗിക വിദ്യാഭ്യാസത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത്. അല്ലാതെ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ ആണ്. എന്നാല്‍ ഇതുവരെ ഒരു കമ്പ്യൂട്ടര്‍ പോലും അഴിച്ചുപണിതിട്ടില്ല എന്ന് അഭിമാനത്തോടെ പറയുന്നവരാണ് ഭൂരിഭാഗം വിദ്യാര്‍ഥികളും. മദര്‍ബോര്‍ഡ്, അത് എന്ത് ബോര്‍ഡ് എന്ന് ചോദിക്കുന്നവരാണ്'- അനൂപ് പി അംബിക വിമര്‍ശിച്ചു.
'അടിച്ചുപൊളിച്ച് ജീവിക്കണമെന്ന് ആഗ്രഹിച്ചാണ് ഭൂരിഭാഗം പേരും വിദേശത്തേയ്ക്ക് പോകുന്നത്. ആരും എന്നോട് ഒന്നും ചോദിക്കില്ല. യാതൊരുതരത്തിലുള്ള ലിംഗഅസമത്വവും ഇല്ല. ബോഡി ഷെയിമിങ്ങും ഇല്ല. എന്നാല്‍ കൈയില്‍ പൈസ വേണം എന്ന കാര്യം ഓര്‍ത്തിരിക്കണം. അവിടെ പോയാല്‍ പാത്രം കഴുകിയാലും പൈസ കിട്ടും എന്നതാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ സത്യം അതല്ല. ഇക്കാര്യം ശ്രദ്ധിക്കണം. മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി പുറത്തുപോകുന്നവര്‍ ചുരുക്കമായിരിക്കും. എന്നാല്‍ എല്ലാവരും പൊതുവില്‍ പറയുക, മെച്ചപ്പെട്ട വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പുറത്തുപോകുന്നത് എന്നാണ്. എന്നാല്‍ സത്യം അതല്ല. എനിക്ക് അടിച്ചുപൊളിക്കണം. എന്തു ചെയ്താലും കാശും കിട്ടും. എന്ന തരത്തിലുള്ള കാഴ്ചപ്പാട് പൊതുവായി എല്ലാവരിലും ഉണ്ട്. എന്നാല്‍ പഠനത്തില്‍ മികവ് പുലര്‍ത്തിയവര്‍ പുറത്തുപോയാല്‍ രക്ഷപ്പെടും. കാരണം എന്‍ജിനീയറിങ്ങില്‍ കഴിവുള്ളവര്‍ക്ക് പുറത്തുപോയാല്‍ നല്ല അവസരമുണ്ട്. അവര്‍ അമേരിക്കയിലോ മറ്റും പോയാല്‍ അവര്‍ക്ക് മെച്ചപ്പെട്ട വേതനവും ലഭിക്കും.'- അനൂപ് പി അംബിക പറഞ്ഞു.
'കോവിഡ് കാലത്ത് കുടിയേറ്റത്തിന്റെ പ്രശ്‌നങ്ങള്‍ പൊന്തിവന്നതാണ്. മെച്ചപ്പെട്ട ചികിത്സയ്ക്ക് വേണ്ടി ഭൂരിഭാഗം പ്രവാസികളും നാട്ടിലേക്ക് മടങ്ങിവരണമെന്ന് ആഗ്രഹിച്ചത് കണ്ടതാണ്. ഇപ്പോള്‍ എല്ലാവരും അന്നത്തെ അനുഭവങ്ങള്‍ എല്ലാം മറന്നുപോയി. വിദേശത്ത് എല്ലാം നന്നായി പോകുന്നു എന്നാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ ഇത് പൂര്‍ണമായി ശരിയല്ല. ചിലര്‍ കഠിനമായ വഴികള്‍ പഠിക്കുന്നു'- അനൂപ് പി അംബിക കൂട്ടിച്ചേര്‍ത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
