

തിരുവനന്തപുരം: ലാന്‍ഡ് റവന്യൂ, സര്‍വെ, ദുരന്ത നിവാരണ വകുപ്പുകളില്‍ മികച്ച സേവനം കാഴ്ചവയ്ക്കുന്നവര്‍ക്കുള്ള 2021 ലെ റവന്യൂ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ജില്ലാ കലക്ടര്‍മാരായി മൃണ്‍മയി ജോഷി (പാലക്കാട്), ഡോ. നവജ്യോത് ഖോസ (തിരുവനന്തപുരം), എ അലക്‌സാണ്ടര്‍ (ആലപ്പുഴ) എന്നിവരെ തെരഞ്ഞെടുത്തു. റവന്യൂ ദിനമായ ഫെബ്രുവരി 24നു മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന റവന്യൂ ദിനാചരണം ഈ വര്‍ഷം മുതല്‍ പുനരാരംഭിക്കുകയാണെന്ന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചുകൊണ്ട് റവന്യൂ മന്ത്രി കെ രാജന്‍ പറഞ്ഞു.
ലാന്റ് റവന്യൂ വകുപ്പില്‍ നിന്നും ഓരോ ജില്ലയിലേയും മികച്ച മൂന്ന് വില്ലേജ് ഓഫീസര്‍മാര്‍ക്കും സംസ്ഥാനത്തെ മികച്ച മൂന്ന് തഹസില്‍ദാര്‍മാര്‍ക്കും മികച്ച മൂന്ന് എല്‍ ആര്‍ തഹസില്‍ദാര്‍മാര്‍ക്കും, മികച്ച മൂന്ന് ആര്‍ഡിഒ/ സബ് കലക്ടര്‍മാര്‍ക്കും മികച്ച മൂന്ന് ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്കും മികച്ച മൂന്ന് ജില്ലാ കലക്ടര്‍മര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിക്കും.
ഓരോ ജില്ലയിലേയും മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഓരോ വില്ലേജ് ഓഫീസിനും സംസ്ഥാന തലത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന ഓരോ താലൂക്കോഫീസിനും റവന്യു ഡിവിഷണല്‍ ഓഫീസിനും ജില്ലാ കലക്ടര്‍ക്കും സര്‍വേ സൂപ്രണ്ടിനും അവാര്‍ഡ് സമ്മാനിക്കും. കൂടാതെ ഹെഡ് സര്‍വേയര്‍, ഹെഡ് ഡ്രാഫ്റ്റ്സ്മാന്‍, സര്‍വേയര്‍, ഡ്രാഫ്റ്റ്സ്മാന്‍ എന്നിവരില്‍ സംസ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച വച്ച മൂന്ന് പേര്‍ക്ക് വീതവും അവാര്‍ഡ് നല്‍കും.
ദുരന്തനിവാരണ വകുപ്പില്‍ നിന്നും ജില്ലയിലെ ഏറ്റവും മികച്ച ഹസാര്‍ഡ് അനലിസ്റ്റ്, സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററിലെ ഹസാര്‍ഡ് അനലിസ്റ്റ്, സെക്ടറല്‍ സ്പെഷ്യലിസ്റ്റ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ക്കും അവാര്‍ഡുകള്‍ വിതരണം ചെയ്യും. 24ന് വൈകിട്ട് ആറിന് അയ്യന്‍കാളി ഹാളിലാണ് ചടങ്ങ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
