

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡുകളുടെ അവസ്ഥ ഓരോ മാസവും പരിശോധിച്ച് ഫോട്ടോ സഹിതം റിപ്പോര്‍ട്ട് നല്‍കുന്നതിന് നടപടിയായതായി മന്ത്രി മുഹമ്മദ് റിയാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം ഇത് ആരംഭിക്കും. ഒരു അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനിയറുടെ പരിധിയില്‍ 500 കിലോമീറ്റര്‍ റോഡ് ആണ് വരുന്നത്. ഇത് പരിശോധിച്ചാണ് ഫോട്ടോ സഹിതമുള്ള റിപ്പോര്‍ട്ട് നല്‍കേണ്ടത്. റിപ്പോര്‍ട്ട് ചീഫ് എന്‍ജിനിയറും മന്ത്രിയുടെ ഓഫീസിലും പരിശോധിക്കാന്‍ സംവിധാനമുണ്ടാകും. റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ പ്രത്യേക ടീം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ റോഡുകളുടെ പരിപാലന കാലാവധി പരസ്യപ്പെടുത്തുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ നാലിന് രാവിലെ 9 ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസും ചലച്ചിത്രതാരം ജയസൂര്യയും മാസ്‌ക്കറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ നിര്‍വഹിക്കും. ഡിസംബര്‍ പത്തിനകം എല്ലാ മണ്ഡലങ്ങളിലും എം. എല്‍. എമാര്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. ഒന്നാം ഘട്ടത്തില്‍ റോഡുകളുടെ വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നു. രണ്ടാം ഘട്ടത്തില്‍ റോഡുകളില്‍ ഡി. എല്‍. പി ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇതില്‍ റോഡിന്റെ വിശദാംശങ്ങളും കരാറുകാരന്റെ പേര്, ഫോണ്‍ നമ്പര്‍, ബന്ധപ്പെട്ട പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ ഉണ്ടാവും. സംസ്ഥാനത്തെ 2514 പദ്ധതികളില്‍ ഡി. എല്‍. പി നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
മഴ മാറുന്നതോടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കും. മഴക്കാലത്തും റോഡ് പണി നടത്താന്‍ കഴിയുന്ന സാങ്കേതിക വിദ്യയുടെ സാധ്യത പരിഗണിക്കുന്നുണ്ട്. മലേഷ്യയില്‍ ഇത്തരത്തിലുള്ള സംവിധാനം ഉപയോഗിക്കുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ക്കായി 273.41 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മുന്‍വര്‍ഷം ഇത് 180 കോടി രൂപയായിരുന്നു. പരിപാലന കാലവാധി കഴിയുന്ന റോഡുകള്‍ക്ക് റണ്ണിങ് കോണ്‍ട്രാക്ട് നല്‍കും. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി. ഇതിനായി 137.41 കോടി രൂപ അനുവദിച്ചു. റോഡുകള്‍ തകരാതിരിക്കാന്‍ മികച്ച ഡ്രെയിനേജ് സംവിധാനം അത്യന്താപേക്ഷിതമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തതിലൂടെ ഒരു മാസം കൊണ്ട് 27, 84,213 രൂപ ലഭിച്ചു. 4604 പേര്‍ ഓണ്‍ലൈനില്‍ റെസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്തതായി മന്ത്രി പറഞ്ഞു.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
