

തൊടുപുഴ: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തുകയെന്നത് തമിഴ്‌നാട്ടുകാരുടെ സ്വപ്‌നമാണെന്നും ഡിഎംകെ ഭരണത്തില്‍ അതു യാഥാര്‍ഥ്യമാക്കുമെന്നും തമിഴ്‌നാട് ഗ്രാമവികസന, തദ്ദേശവകുപ്പ് മന്ത്രി ഐ പെരിയസാമി. തേനി ജില്ലയിലെ മഴക്കെടുതികള്‍ വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
സുപ്രീംകോടതി വിധി പ്രകാരം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ക്ക് തമിഴ്‌നാട് സര്‍ക്കാരിന് അവകാശമുണ്ട്. വൈക്കം സന്ദര്‍ശിക്കുന്ന സമയത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇക്കാര്യം സംസാരിക്കാന്‍ തീരുമാനിച്ചിരുന്നതായും പെരിയസാമി പറഞ്ഞു.
മുല്ലപ്പെരിയാറില്‍ അറ്റകുറ്റപ്പണികള്‍ക്ക് കഴിഞ്ഞയാഴ്ച തമിഴ്‌നാടിന് കേരളം അനുമതി നല്‍കിയിരുന്നു. ജലവിഭവ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് ഉത്തരവ് നല്‍കിയത്. ഏഴു ജോലികള്‍ക്കായി നിബന്ധനയോടെയാണ് അനുമതി. സ്പില്‍വേയിലും സിമന്റ് പെയിന്റിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികളാണ് തമിഴ്‌നാട് നടത്തുന്നത്. പുതിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുന്നതുവരെ ജനങ്ങളുടെ ഭീതി ഒഴിവാക്കുന്നതിനായി നിലവിലുള്ള അണക്കെട്ടില്‍ താല്‍ക്കാലിക അറ്റകുറ്റപ്പണികള്‍ക്ക് മാത്രമാണ് അനുമതി നല്‍കുന്നതെന്ന് ഉത്തരവില്‍ വ്യക്തമാക്കി.
നിര്‍മാണ സാമഗ്രികള്‍ കൊണ്ടുപോകുന്ന സമയവും ദിവസവും മുന്‍കൂട്ടി അറിയിക്കണം. ഇടുക്കി എംഐ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടേയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ഓഫീസര്‍മാരുടേയോ സാന്നിധ്യത്തില്‍ മാത്രമേ പണികള്‍ നടത്താവൂ. വനനിയമങ്ങള്‍ പാലിച്ച് രാവിലെ ആറിനും വൈകിട്ട് ആറിനും ഇടയില്‍ മാത്രമായിരിക്കും വാഹനങ്ങള്‍ക്ക് അനുമതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates