

തിരുവനന്തപുരം: മുനമ്പം സമരസമിതി പ്രവർത്തകരുമായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ ചർച്ച നടത്തും. വൈകീട്ട് നാല് മണിയ്ക്ക് ഓൺലൈൻ വഴിയായിരിക്കും ചർച്ച നടത്തുക. ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചതിന് പിന്നാലെയാണ് സമരസമിതിക്കാരെ മുഖ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കാൻ മുഖ്യമന്ത്രി സമരക്കാരോട് ആവശ്യപ്പെടും.
എന്നാൽ ജുഡീഷ്യൽ കമ്മിഷനെ അംഗീകരിക്കില്ല എന്നാണ് സമരക്കാരുടെ നിലപാട്. ജുഡീഷ്യൽ കമ്മിഷനിൽ ആശങ്കയുണ്ട്. പണം വാങ്ങി സ്വന്തമാക്കിയ ഭൂമിയിൽ ജുഡീഷ്യൽ കമ്മിഷനെ വച്ചത് അംഗീകരിക്കാനാവില്ല. ഇത് ശാശ്വത പരിഹാരമല്ലെന്നും പ്രശ്നപരിഹാരം നീണ്ടു പോകുമെന്നുമാണ് സമരക്കാർ പറയുന്നത്.
ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെയാണ് ജുഡീഷ്യൽ കമ്മിഷന്‍ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. മൂന്നു മാസത്തിനുള്ളിൽ കമ്മിഷൻ നടപടികൾ പൂർത്തീകരിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ചേർന്ന ഉന്നതതല യോഗത്തില്‍ തീരുമാനമെടുത്തത്. ഭൂമിയുടെ ഉടമസ്ഥാവകാശം അടക്കമുള്ള കാര്യങ്ങൾ കമ്മിഷൻ പരിശോധിക്കും. ഭൂമിയിൽ കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്ന് യോഗത്തിനുശേഷം മന്ത്രി പി രാജീവ് പറഞ്ഞു. താമസിക്കുന്നവരുടെ നിയമപരമായ അവകാശം സംരക്ഷിക്കും. വഖഫ് ബോർഡ് പുതിയ നോട്ടിസ് നൽകില്ലെന്നും നൽകിയ നോട്ടിസുകളിൽ തുടർനടപടിയുണ്ടാകില്ലെന്നും സമരം പിൻവലിക്കണമെന്നും സർക്കാർ അഭ്യർഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates