

കൊച്ചി: മുനമ്പം ഭൂമി പ്രശ്‌നത്തില്‍ പ്രദേശവാസികള്‍ക്ക് ആശ്വാസം. തര്‍ക്കഭൂമിയിലെ കൈവശക്കാര്‍ക്ക് കരം ഒടുക്കാമെന്ന് ഹൈക്കോടതി. അന്തിമ വിധി വരുന്നതു വരെ കരം സ്വീകരിക്കണമെന്ന് റവന്യൂ വകുപ്പിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. താല്‍ക്കാലികമായെങ്കിലും റവന്യൂ അവകാശങ്ങള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് സി ജയചന്ദ്രന്റെ ഇടക്കാല ഉത്തരവ്.
ഭൂമിയില്‍ റവന്യൂ അവകാശങ്ങള്‍ക്കായി മുനമ്പത്ത് 615 കുടുംബങ്ങളാണ് സമരത്തിലുള്ളത്. 2019 ലാണ് വഖഫ് ബോര്‍ഡ് വഖഫ് രജിസ്റ്ററിലേക്ക് മുനമ്പത്തെ ഭൂമി എഴുതി ചേര്‍ക്കുന്നത്. 2022 ല്‍ ആദ്യമായി നോട്ടീസ് ലഭിക്കുമ്പോഴും കരം ഒടുക്കാന്‍ സാധിച്ചിരുന്നു. പിന്നീട് വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് റവന്യൂ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്. തുടര്‍ന്ന് വലിയ നിയമപോരാട്ടങ്ങളും സമരപരമ്പരകളുമാണ് കണ്ടത്.
മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിച്ചിരുന്നു. ഇതിനെതിരെ ഡിവിഷന്‍ ബെഞ്ചിനെ സമരക്കാര്‍ സമീപിച്ചു. തുടര്‍ന്ന് ആധാരപ്രകാരം ഭൂമി ഫറോക്ക് കോളജിനുള്ള ദാനമായിരുന്നുവെന്നും തിരിച്ചെടുക്കാനുള്ള വ്യവസ്ഥ ഉണ്ടായിരിക്കെ ഭൂമി വഖഫ് അല്ലാതായി മാറിയെന്നും കഴിഞ്ഞമാസം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിരുന്നു.
മുനമ്പത്തെ ഭൂമിയില്‍ സംസ്ഥാന സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചുകൊണ്ട് പ്രശ്‌നപരിഹാരം സാധ്യമാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു. അതിനെതിരെ വഖഫ് സംരക്ഷണ വേദി, ടി എം അബ്ദുള്‍ സലാം എന്നിവർ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ട്. മുനമ്പം ഭൂമി വിഷയം ട്രൈബ്യൂണലിന്റെ പരിഗണനയിലായിരിക്കെ അതില്‍ കോടതിക്ക് ഇടപെടനാകില്ലെന്നാണ് വഖഫ് സംരക്ഷണ സമിതിയുടെ വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates