'കമ്മീഷണർ പറഞ്ഞിട്ടാണ് റൂട്ട് മാറ്റിയത്'; യൂത്ത് ലീഗ് റാലിക്കെതിരായ കേസിൽ പൊലീസിനെതിരെ ടിപിഎം. ജിഷാൻ

നവറലി ശിഹാബ് തങ്ങളും പി.കെ. ഫിറോസുൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
Youth League Jishan
Youth League Jishan
Edited By:
Updated on: 
2 min read

കൊച്ചി: കൊച്ചിയിലെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കിയെന്ന കേസിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാൻ. കേസ് തങ്ങൾക്ക് പുത്തരിയല്ലെന്നും, എന്നാൽ കലൂരിൽ നിന്നും ആരംഭിക്കാൻ തീരുമാനിച്ചിരുന്ന റാലി ബോൾഗാട്ടിയിലേക്ക് മാറ്റിയത് കമ്മീഷണറുടെ അഭ്യർത്ഥന മാത്രം പാലിച്ചായിരുന്നുവെന്നും ജിഷാൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തി.

റാലി തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കമ്മീഷണർ അടിയന്തര മീറ്റിങ് വിളിക്കുകയായിരുന്നുവെന്ന് ജിഷാൻ പറയുന്നു. ഫിഷറീസ് വകുപ്പ് മന്ത്രി, അഡ്വ. ഹാരിസ് ബീരാൻ എം.പി, ജനറൽ സെക്രട്ടറി പികെ ഫിറോസ്, മുൻ എംഎൽഎ. ഹമീദ് മാഷ്, വൈറ്റ് ഗാർഡ് സംസ്ഥാന കോർഡിനേറ്റർ ഫൈസൽ തങ്ങൾ എന്നിവരോടൊപ്പം യോഗം ചേർന്നാണ് തീരുമാനം എടുത്തത്. ബോൾഗാട്ടിയിൽ നിന്ന് റാലി ആരംഭിച്ചാൽ ബ്ലോക്കില്ലാതെ പൊലീസിന് നിയന്ത്രിക്കാൻ സാധിക്കുമെന്നും വേണ്ടത്ര പൊലീസ് ഫോഴ്സിനെ അയക്കാമെന്നും കമ്മീഷണർ വാഗ്ദാനം ചെയ്തിരുന്നുവെന്നും ജിഷാൻ വ്യക്തമാക്കി.

ഇതനുസരിച്ച് മണിക്കൂറുകൾക്ക് മുമ്പേ പ്രവർത്തകരെ വിവരമറിയിക്കുകയും, വൈറ്റ് ഗാർഡ് അംഗങ്ങൾ പരമാവധി ബ്ലോക്കില്ലാതെ ഗതാഗതം നിയന്ത്രിക്കാൻ പരിശ്രമിക്കുകയും ചെയ്തിരുന്നു. എന്നിട്ടും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് തങ്ങളുടെ പ്രശ്നമല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പൊതുജനങ്ങളെ പരമാവധി ബുദ്ധിമുട്ടിലാക്കാതെ റാലി നടത്താനാണ് മുൻകൂട്ടി അനുവാദം എടുത്തിരുന്നതെന്നും, ഗതാഗതം നിയന്ത്രിക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ടവകാശത്തെ അട്ടിമറിക്കുന്നതിനെതിരെയുള്ള പോരാട്ട പാത കൂടിയായിരുന്നു ഈ സമ്മേളനമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് എറണാകുളം നഗരത്തിൽ നടത്തിയ റാലിക്കിടെ ഗതാഗതക്കുരുക്കുണ്ടാക്കിയ സംഭവത്തിൽ യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് തുടങ്ങി 12 പ്രമുഖ നേതാക്കൾക്കും രണ്ടായിരത്തോളം പ്രവർത്തകർക്കുമെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഗോശ്രീ പാലം മുതൽ മറൈൻഡ്രൈവ് വരെ നടത്തിയ റാലിയെ തുടർന്ന് നഗരത്തിൽ വലിയ ഗതാഗത സ്തംഭനം ഉണ്ടായിരുന്നു.

ജിഷാൻറെ പോസ്റ്റിൻറെ പൂർണ്ണ രൂപം

കേസ് ഞങ്ങൾക്ക് പുത്തരിയല്ല.. എന്നാലും ഈ വാർത്ത വന്നതിനുശേഷം ഒരു സത്യം പറയണം എന്ന് ആഗ്രഹിക്കുന്നു..

ജാഥ ആദ്യം തീരുമാനിച്ചിട്ടുണ്ടായിരുന്നത്,കല്ലൂർ സ്റ്റേഡിയം പരിസരത്തു നിന്ന് ആരംഭിക്കാൻ ആയിരുന്നു.. അതനുസരിച്ച് പ്രവർത്തകരെ വിവരം അറിയിച്ചു.. റാലി തുടങ്ങാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ കമ്മീഷണർ അടിയന്തര മീറ്റിംഗ് വിളിക്കുന്നു... ഫിഷറീസ് വകുപ്പ് മന്ത്രി ഗഫൂർ സാഹിബും, അഡ്വ ഹാരിസ് ബീരാൻ എംപിയും, ജനറൽ സെക്രട്ടറി പി കെ ഫിറോസും, മുൻ എംഎൽഎ ഹമീദ് മാഷും, വൈറ്റ് ഗാർഡ് സംസ്ഥാന കോഡിനേറ്റർ ഫൈസൽ തങ്ങളോടൊപ്പം യോഗം ചേർന്നു..

കമ്മീഷണറുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് മാത്രമാണ് നേരത്തെ നിശ്ചയിച്ച റൂട്ടിൽ നിന്നും റാലി മാറ്റിയത്... ബോൾഗാട്ടിയിൽ നിന്ന് റാലി ആരംഭിച്ചാൽ ബ്ലോക്കില്ലാതെ പോലീസിന് നിയന്ത്രിക്കാൻ സാധിക്കും എന്ന് കമ്മീഷണർ അറിയിച്ചു.വേണ്ടത്ര പോലീസ് ഫോഴ്‌സിനെ അയച്ചോളാം എന്നും ഗതാഗതം നിയന്ത്രിച്ചോളാം എന്നും കമ്മീഷണർ വാക്കു നൽകി..

അതനുസരിച്ച് മണിക്കൂറുകൾക്കു മുമ്പേ പ്രവർത്തകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിവരമറിയിച്ചു... പ്രവർത്തകർ ബസിന്റെ റൂട്ടിൽ മാറ്റങ്ങൾ വരുത്തി.. ഓരോ ജംഗ്ഷനിലും ഞങ്ങളുടെ വൈറ്റ് ഗാർഡ് അംഗങ്ങൾ പരമാവധി ബ്ലോക്കില്ലാതെ നിയന്ത്രിക്കാൻ വേണ്ടി പരിശ്രമിച്ചു.

എന്നിട്ടും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ഞങ്ങളുടെ തെറ്റല്ല.. ഞങ്ങൾക്ക് പരമാവധി ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ റാലി നടത്താനാണ് മുൻകൂട്ടി അനുവാദം എടുത്തിട്ടുണ്ടായിരുന്നുത്.

ഉത്തരവാദിത്വം നിറവേറ്റേണ്ടത് പോലീസിന്റെ കടമയാണ്.. ഇത് കേവലം ഒരു സമ്മേളനം മാത്രമായിരുന്നില്ല ജന്തർമന്തർ നഗർ എന്നാണ് നമ്മൾ ഈ വേദിയെ പേരിട്ടുണ്ടായിരുന്നുത്.. വോട്ടവകാശത്തെ കൊലപ്പെടുത്തിയ ഇലക്ഷൻ കമ്മീഷണർക്കെതിരെയുള്ള പോരാട്ട പാത കൂടിയായിരുന്നു ഇത്..

നിയമം നിയമത്തിന്റെ വഴിക്ക്..സമരവും സമ്മേളനവും അതിന്റെ വഴിക്ക്...

ടിപിഎം ജിഷാൻ

Summary

Muslim Youth League State Secretary T.P.M. Jishan has criticized the police over the case registered against party leaders for traffic congestion during their state conference rally in Kochi, stating that the route was changed earlier solely upon the Commissioner's request.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER