നെടുങ്ങാല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ സ്വര്‍ണമുഖാഭരണം ഒടിച്ചുമാറ്റിയ നിലയില്‍, കേസെടുത്ത് പൊലീസ്

Muvattupuzha Temple Shrine Theft: Golden Face Ornament Snatched
സ്വര്‍ണമുഖാഭരണം
Updated on
1 min read

കൊച്ചി: മുവാറ്റുപുഴ, വാളകം കുന്നയ്ക്കാല്‍ നെടുങ്ങാല്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രവിഗ്രഹ മുഖാഭരണത്തിലെ സ്വര്‍ണഭാഗം കാണാതായതായി പരാതി. രണ്ടരപ്പവനോളം തൂക്കംവരുന്ന സ്വര്‍ണമുഖമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ ക്ഷേത്രസമിതിയുടെയും ഊരാഴ്മയുടെയും പരാതിയെത്തുടര്‍ന്ന് മൂവാറ്റുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പൂജാരിമാരും ക്ഷേത്രസമിതി ഭാരവാഹികളും മാത്രം കൈകാര്യം ചെയ്യുന്ന മുഖാഭരണത്തിലെ സ്വര്‍ണഭാഗം മാത്രമാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ക്ഷേത്രം ഓഫീസിലാണ് ഇത് കുറച്ചുനാളായി സൂക്ഷിച്ചിരുന്നത്. മുഖക്കാപ്പിന്റെ ചെവികള്‍ പിച്ചളയും കിരീടം വെള്ളിയുമാണ്. പരാതിക്ക് പിന്നാലെ വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന നടത്തി. മുഖക്കാപ്പിലെ ഇടതുകണ്ണിന്റെ ഒരു ഭാഗവും വലതുകണ്ണിന്റെ താഴെ മുതലുമാണ് ഒടിച്ചു മാറ്റിയിരിക്കുന്നത്. മൂക്കുമുതല്‍ താഴേക്കുള്ള ഭാഗം പൂര്‍ണമായും നഷ്ടപ്പെട്ടു. മൂന്നുലക്ഷത്തിലേറെ വില വരുമെന്നാണ് പ്രാഥമിക നിഗമനം.

എല്ലാ ഒന്നാംതീയതിയും വിശേഷാല്‍ ദിവസങ്ങളിലും ഉത്സവനാളുകളിലുമാണ് സാധാരണ മുഖാഭരണം ചാര്‍ത്തുന്നത്. ഫെബ്രുവരി 14-ന് പരിശോധിച്ചപ്പോഴാണ് മുഖക്കാപ്പിന്റെ ഒരുഭാഗം ഒടിച്ചുമാറ്റിയതായി മനസ്സിലാക്കുന്നത്. നാല്പതുദിവസം മുന്‍പാണ് അവസാനമായി മുഖക്കാപ്പ് വിഗ്രഹത്തില്‍ ചാര്‍ത്തിയത്.

സാധാരണഗതിയില്‍ വിലപിടിപ്പുള്ള ആഭരണങ്ങളും മുഖാഭരണവും സുരക്ഷിതമായി മറ്റൊരിടത്താണ് സൂക്ഷിക്കാറുള്ളത്. എന്നാല്‍ ഇക്കുറി ചാര്‍ത്തിയതിനുശേഷം ക്ഷേത്രത്തില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ക്ഷേത്രത്തിലെ മറ്റ് ആഭരണങ്ങളും കണക്കുകളും ആസ്തി രജിസ്റ്ററും പരിശോധിക്കണമെന്ന് ഊരാഴ്മ ആവശ്യപ്പെട്ടിട്ടുണ്ട്.

Summary

Muvattupuzha Temple Shrine Theft: Golden Face Ornament Snatched

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com