

കൊച്ചി: സംസ്ഥാനത്ത് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്ന വിദ്യാര്‍ഥികളുടെ യാത്രാ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. സ്വകാര്യ, കെഎസ്ആര്‍ടിസി സ്റ്റേജ് ക്യാരേജുകളില്‍ വിദ്യാര്‍ഥികളുടെ യാത്രാ കണ്‍സെഷന്‍ ഓണ്‍ലൈനാക്കുന്നതിന് ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോമായി എംവിഡി ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷനെ വിപൂലീകരിക്കുന്നതിനാണ് കേരള സര്‍ക്കാര്‍ ഒരുങ്ങുന്നത്. കണ്‍സെഷനെ ചൊല്ലി വിദ്യാര്‍ഥികളും ബസ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കുകയാണ് ലക്ഷ്യം.
ലീഡ്സ് മൊബൈല്‍ ആപ്ലിക്കേഷന്റെ സേവനം വിപുലീകരിക്കുന്നതിന് അന്തിമ അംഗീകാരം നല്‍കുന്നതിന് സംസ്ഥാന ഗതാഗത അതോറിറ്റി (എസ്ടിഎ) ഈ ആഴ്ച അവസാനം യോഗം ചേരും. വിദ്യാര്‍ഥി കണ്‍സെഷനുമായി ബന്ധപ്പെട്ടുള്ള ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുന്നത്. നിലവില്‍ കണ്‍സെഷന്‍ പേപ്പര്‍ അധിഷ്ഠിതമാണ്. ഈ സേവനം ഓണ്‍ലൈന്‍ ആക്കുന്നതോടെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് കരുതുന്നത്. മോട്ടോര്‍ വാഹന വകുപ്പ് (എംവിഡി) വികസിപ്പിച്ചെടുത്ത ലീഡ്സ് ആപ്പ് നിലവില്‍ വിദ്യാര്‍ഥികളുടെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനാണ് ഉപയോഗിക്കുന്നത്. ഇത് സമഗ്രവും വിവിധോദ്ദേശ്യപരവുമായി വിപുലീകരിക്കുക എന്നതാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ലക്ഷ്യം.
നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ്, വിദ്യാര്‍ഥി കണ്‍സെഷനുകള്‍ എന്നിവയെ സംയോജിപ്പിക്കാന്‍ കഴിയുന്ന വിശാലമായ ഒരു പ്ലാറ്റ്ഫോമാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഓപ്പണ്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് വകുപ്പ് ആലോചിക്കുന്നുണ്ട്. 'ആപ്പിനെ ഒരു മള്‍ട്ടിപര്‍പ്പസ് ആയി ഉപയോഗിക്കാന്‍ കഴിയുന്ന ഒന്നായി വികസിപ്പിക്കുക എന്നതാണ് ലക്ഷ്യം. വിദ്യാര്‍ഥികളുടെ കണ്‍സെഷനുമായി ബന്ധപ്പെട്ട് സാധ്യതയുള്ള എല്ലാ പ്രശ്നങ്ങളും ഇത് പരിഹരിക്കും, ഭാവിയില്‍, ഇത് ഒരു പൊതു മൊബിലിറ്റി കാര്‍ഡായി വികസിപ്പിക്കാന്‍ കഴിയും'- സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
പലപ്പോഴും തര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന പേപ്പര്‍ അധിഷ്ഠിത സിസ്റ്റത്തില്‍ നിന്ന് ഡിജിറ്റല്‍ പ്രാമാണീകരണത്തിലേക്കുള്ള പരിവര്‍ത്തനമാണ് പ്രധാന നേട്ടം. ഹൈസ്‌കൂള്‍ പ്രായവും അതിനുമുകളിലും പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കുന്നതിനുള്ള യോഗ്യത തല്‍ക്ഷണം പരിശോധിക്കാന്‍ ബസ് കണ്ടക്ടര്‍മാര്‍ക്ക് സാധിക്കുന്ന തരത്തിലാണ് ആപ്പിന്റെ സേവനം വിപുലീകരിക്കുക. കണ്‍സെഷന്‍ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ മൊബൈല്‍ ആപ്പില്‍ രജിസ്റ്റര്‍ചെയ്യുകയും അതിലൂടെ അപേക്ഷിക്കുകയും വേണം. യാത്ര ചെയ്യേണ്ട പാതസഹിതം വിദ്യാലയ അധികൃതര്‍ കണ്‍സെഷന് ശുപാര്‍ശ നല്‍കണം. ഇതു പരിശോധിച്ച് അതത് പ്രദേശത്തെ മോട്ടോര്‍വാഹന വകുപ്പ് ഓഫീസുകള്‍ കണ്‍സെഷന്‍ അനുവദിക്കും.
ക്യുആര്‍ കോഡുള്ള കണ്‍സെഷന്‍ കാര്‍ഡാണ് ഓണ്‍ലൈനില്‍ ലഭിക്കുക. ഇതിന്റെ പ്രിന്റെടുക്കാം. കണ്ടക്ടറുടെ മൊബൈല്‍ഫോണില്‍ ഇത് സ്‌കാന്‍ ചെയ്യുമ്പോള്‍ ഏതുപാതയിലാണ് ടിക്കറ്റ് അനുവദിക്കേണ്ടതെന്ന് അറിയാനാകും. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആപ്പിലെ ക്യുആര്‍ കോഡ് കണ്ടക്ടറെ കാണിക്കാം.
സ്വകാര്യബസുകളിലെ യാത്രാസൗജന്യം സംബന്ധിച്ച വിശദവിവരങ്ങള്‍ ഇതിലൂടെ സര്‍ക്കാരിന് ലഭ്യമാകും.സര്‍ക്കാര്‍ അംഗീകൃത വിദ്യാലയങ്ങള്‍ക്കേ കണ്‍സെഷന് ശുപാര്‍ശചെയ്യാന്‍ കഴിയുകയുള്ളൂ. വിദ്യാലയങ്ങളും ബസ് ജീവനക്കാരും വിദ്യാര്‍ഥികളും ആപ്പില്‍ രജിസ്റ്റര്‍ചെയ്യണം.
'നിലവില്‍, വിവിധ ജില്ലകളില്‍ കണ്‍സെഷന്‍ കാര്‍ഡുകള്‍ മാനുവലായും വ്യത്യസ്ത ഫോര്‍മാറ്റുകളിലുമാണ് നല്‍കുന്നത്. കണ്‍സെഷന്‍ കാര്‍ഡുകള്‍ ലഭിക്കുന്നതിന് വിദ്യാര്‍ഥികള്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. സംസ്ഥാനത്തുടനീളം കണ്‍സെഷന്‍ കാര്‍ഡുകള്‍ അനുവദിക്കുന്നതിന് ഏകീകൃത രജിസ്‌ട്രേഷന്‍ പ്രക്രിയ ഈ ആപ്പ് അവതരിപ്പിക്കും. ഒരു പ്രത്യേക റൂട്ടില്‍ കണ്‍സെഷന് അര്‍ഹതയുണ്ടെന്ന വിദ്യാര്‍ഥിയുടെ അവകാശവാദം ക്രോസ്-ചെക്ക് ചെയ്യുന്നതിനുള്ള ഒരു സംവിധാനം ഇത് ഉറപ്പാക്കും. വിദ്യാര്‍ഥികളും ബസ് ഓപ്പറേറ്റര്‍മാരും തമ്മിലുള്ള ഒരു പ്രധാന പ്രശ്‌നമായ നിര്‍ദിഷ്ട റൂട്ടില്‍ നിന്ന് വ്യത്യസ്തമായി മറ്റു പ്രദേശത്തേക്കുള്ള യാത്രയും ഇത് ഇല്ലാതാക്കും,'- നഗര ഗതാഗത വിദഗ്ധനും ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് വാച്ച് (ജിസിഡിഡബ്ല്യു) അംഗവുമായ എബനേസര്‍ ചുള്ളിക്കാട് ചൂണ്ടിക്കാട്ടി. ആപ്പ് ഒരു കണ്‍സെഷന്‍ ഉപകരണം മാ്ര്രതമായിട്ടായിരിക്കില്ല പ്രവര്‍ത്തിക്കുക. മോട്ടോര്‍ വാഹന വകുപ്പിന്റെ വിശാലമായ പൊതു സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി കൂടി ഇത് പ്രവര്‍ത്തിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates