

പാലക്കാട്: പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് കുട്ടികള്‍ മരിച്ച സംഭവത്തില്‍ സ്റ്റാര്‍ട്ട് ചെയ്യുന്നതിനിടെ കാര്‍ കത്തുന്നത് അപൂര്‍വമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ്. അപകടത്തിന് കാരണം ഇന്ധന ചോര്‍ച്ചയാകാമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് സംശയിക്കുന്നത്.
ഗുരുതരമായി പൊള്ളലേറ്റ അത്തിക്കോട് പൂളക്കാട് എല്‍സിയുടെ മക്കളായ ആല്‍ഫ്രഡ് മാര്‍ട്ടിന്‍ (6), എമില്‍ മരിയ മാര്‍ട്ടിന്‍ (4) എന്നിവരാണു കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അമ്മയുടെ നില അതീവഗുരുതരമായി തുടരുകയാണ്. കീ ഓണാക്കുമ്പോള്‍ ഇന്ധനം പമ്പ് ചെയ്യുന്ന മള്‍ട്ടി പോയിന്റ് ഫ്യുവല്‍ ഇന്‍ജക്ഷന്‍ (എംപിഎഫ്‌ഐ) സംവിധാനമുള്ള 2002 മോഡല്‍ കാറാണു കത്തിയത്. പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിനു മുകളിലേക്കു പെട്രോള്‍ വീണിട്ടുണ്ടാകാം. ഇതേസമയം, സ്റ്റാര്‍ട്ടിങ് മോട്ടോറില്‍ സ്പാര്‍ക്കുണ്ടാവുകയും തീ പെട്രോള്‍ ടാങ്കിലേക്കു പടരുകയും ചെയ്തിട്ടുണ്ടാകുമെന്നാണു മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നിഗമനം.
വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെയുണ്ടായ അപകടത്തില്‍ 60 ശതമാനം പൊള്ളലേറ്റ എമില്‍ ഇന്നലെ ഉച്ചയ്ക്ക് 2.25നും 75 ശതമാനം പൊള്ളലേറ്റ ആല്‍ഫ്രഡ് 3.15നുമാണു മരിച്ചത്. ഇവരുടെ അമ്മ എല്‍സിയും 35 ശതമാനം പൊള്ളലേറ്റ മൂത്തമകള്‍ അലീനയും കൊച്ചിയില്‍ ആശുപത്രിയിലാണ്. അലീനയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ മുത്തശ്ശി ഡെയ്‌സിയും അപകടനില തരണം ചെയ്തുവെന്നാണു വിവരം. എല്‍സിയുടെ ഭര്‍ത്താവ് മാര്‍ട്ടിന്‍ ഒന്നരമാസം മുന്‍പ് രോഗംമൂലം മരിച്ചിരുന്നു. 2 മാസമായി കാര്‍ ഉപയോഗിച്ചിരുന്നില്ല. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായ എല്‍സി ജോലികഴിഞ്ഞു വീട്ടിലെത്തി മക്കളുമായി പുറത്തുപോകാന്‍ കാര്‍ സ്റ്റാര്‍ട്ടാക്കിയപ്പോഴാണു തീപിടിച്ചത്.
മാരകമായ ഇന്ധന ചോര്‍ച്ചയാണ് സംഭവത്തിന് കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് സംശയിക്കുന്നത്. 'പെട്രോള്‍ കടന്നുപോകുന്ന ലൈനുകള്‍ക്ക് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ ഇന്ധന ചോര്‍ച്ച സംഭവിക്കും, കാര്‍ ആദ്യം സ്റ്റാര്‍ട്ട് ചെയ്ത് പുറത്തെടുത്തപ്പോള്‍ ഇന്ധന ചോര്‍ച്ച സംഭവിച്ചിരിക്കാം. പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിനു മുകളിലേക്കു പെട്രോള്‍ വീണിട്ടുണ്ടാകാം. എല്‍സി കാര്‍ ഓഫ് ചെയ്ത് ഇറങ്ങിയപ്പോള്‍ ചോര്‍ന്ന ഇന്ധനം അടിഞ്ഞുകൂടിയിട്ടുണ്ടാകാം. അവര്‍ തിരിച്ചെത്തി കാര്‍ വീണ്ടും സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സ്റ്റാര്‍ട്ട് മോട്ടോറില്‍ ഉണ്ടായ തീപ്പൊരി തീപിടുത്തത്തിന് കാരണമായിരിക്കാം. എന്‍ജിനിലേക്ക് ഇന്ധനം ഒഴുകുന്നത് തുടര്‍ന്നതോടെ, തീജ്വാല വലുതായി കാറിനെ വിഴുങ്ങി.വയറുകള്‍ പെട്ടെന്ന് കത്തിയതോടെ, സെന്‍ട്രല്‍ ലോക്കിങ് സിസ്റ്റം പ്രവര്‍ത്തനരഹിതമായി. ഇത് യാത്രക്കാര്‍ക്ക് കാറില്‍ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിന് തടസ്സം സൃഷ്ടിച്ചു.'- മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
എല്‍സി വാഹനം സ്റ്റാര്‍ട്ട് ചെയ്ത് ഷെഡില്‍ നിന്ന് പുറത്ത് പാര്‍ക്ക് ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. ഏകദേശം അരമണിക്കൂറിനുശേഷം, അവര്‍ തിരിച്ചെത്തി കാറിന്റെ ഇഗ്‌നിഷന്‍ കീ തിരിക്കുന്നതിനിടെ, പെട്ടെന്ന് പൊട്ടിത്തെറിച്ച് തീപിടിക്കുകയും അത് വാഹനത്തെ വേഗത്തില്‍ വിഴുങ്ങുകയും ചെയ്തു. എല്‍സിയും മൂന്ന് കുട്ടികളും വാഹനത്തിനുള്ളില്‍ കുടുങ്ങി. നാട്ടുകാര്‍ പെട്ടെന്ന് സ്ഥലത്തെത്തി വാതിലുകള്‍ തകര്‍ത്താണ് അവരെ രക്ഷപ്പെടുത്തിയത്. കുട്ടികളെ രക്ഷിക്കുന്നതിനിടെയാണ് അവരുടെ മുത്തശ്ശിക്കും പൊള്ളലേറ്റത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates