

കൊച്ചി: വാഹനമോടിക്കുമ്പോഴുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം വരുത്തിവെക്കുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് കര്‍ശന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഓടുന്ന വാഹനത്തില്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്ന ഫോണ്‍ ഹെല്‍മെറ്റിനുള്ളില്‍ തിരുകിവെച്ച് സംസാരിക്കുന്ന ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് എംവിഡി മുന്നറിയിപ്പ്.
കൈകളില്‍ ഫോണ്‍ പിടിച്ചു സംസാരിക്കുന്നത് മാത്രമല്ല നിയമലംഘനമെന്നും, ബ്ലൂടൂത്ത് ഹെഡ്സെറ്റുകള്‍ ഹെല്‍മെറ്റിനുള്ളില്‍ ഒളിപ്പിച്ചുവെച്ച് അതിസാമര്‍ത്ഥ്യം കാണിക്കുന്നവരും സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഒരുപോലെ അപകടത്തിലാക്കുകയാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. ഫോണ്‍ സംഭാഷണത്തിനായി തലച്ചോറിന്റെ ഒരു ഭാഗം മാറ്റിവെക്കുമ്പോള്‍ വാഹനത്തിന്റെ നിയന്ത്രണത്തില്‍ ഡ്രൈവര്‍ക്ക് കൃത്യമായ ശ്രദ്ധ നല്‍കാന്‍ സാധിക്കില്ലെന്ന യാഥാര്‍ത്ഥ്യം പലരും തിരിച്ചറിയുന്നില്ല. ഇത്തരം അപകടകരമായ പ്രവണതകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും സുരക്ഷിതമായ യാത്രയ്ക്കായി നിയമങ്ങള്‍ പാലിക്കണമെന്നും എംവിഡി ഓര്‍മ്മിപ്പിച്ചു.
മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കുറിപ്പ്
സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ ടെക്‌നോളജി പ്രയോഗിക്കാത്ത ഇരുചക്രവാഹന ഡ്രൈവര്‍മാര്‍ കുറവായിരിക്കും. കയ്യില്‍ മൊബൈല്‍ പിടിച്ച് സംസാരിക്കുന്നത് മാത്രമാണ് പ്രശ്‌നമെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ''സമര്‍ത്ഥ''രാണ് ആണ്‍പെണ്‍ ഭേദമെന്യേ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പെടുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഓടുന്ന ഇരു ചക്ര വാഹനത്തില്‍, ചാര്‍ജ് ചെയ്തു കൊണ്ടിരിക്കുന്ന മൊബൈലില്‍ സംസാരിക്കുന്ന വ്യക്തിയുടെ ഉത്തരവാദിത്വബോധത്തെ എന്ത് പേരിട്ട് വിളിക്കും..!
ചെവിക്കുള്ളില്‍ വച്ച ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ഹെല്‍മറ്റ് കൊണ്ട് മറച്ച് അതിസാമര്‍ത്ഥ്യം കാണിക്കുന്നവരും ഉണ്ട്. പക്ഷേ വാഹനം ഓടുമ്പോള്‍ മൊബൈല്‍ ഫോണിനു വേണ്ടി മാറ്റി വച്ചിരിക്കുന്ന സ്വന്തം തലച്ചോറിന്റെ പ്രവര്‍ത്തനം വാഹനത്തിന്റെ നിയന്ത്രണത്തിന് ഉപകരിക്കുന്നില്ല എന്ന സത്യം ഇവര്‍ തിരിച്ചറിയുന്നില്ല. സ്വജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തില്‍ പെടുത്താന്‍ സാധ്യതയുള്ള ഇവരെയൊന്ന് ഉപദേശിക്കാന്‍ പോലും ഒന്നിച്ച് യാത്ര ചെയ്യുന്നവരോ അറിയാവുന്നവരോ ശ്രമിക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates