കേരളത്തില്‍ കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാന്‍ മടിയുള്ളവര്‍ ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്നത് അത്ര വെടിപ്പല്ലെന്ന് ഐഎഎസ് ഉദ്യോഗസ്ഥന്‍ പ്രശാന്ത് നായര്‍. സംഘര്‍ഷം നടക്കുന്ന സമയത്ത് പാലിക്കേണ്ട മിനിമം മര്യാദയാണ് രാജ്യത്തിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുക എന്നതെന്ന് പ്രശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. അതിര്‍ത്തി സംഘര്‍ഷത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ വരുന്ന പശ്ചാത്തലത്തിലാണ് കുറിപ്പ്.
കുറിപ്പ് വായിക്കാം:
യുദ്ധത്തിന്റെ ശൗര്യവും, ത്യാഗവും, വേദനകളും നിറഞ്ഞ കഥകള്‍ കേട്ട് വളര്‍ന്ന ബാല്യകാലമാണെനിക്ക് അപ്പൂപ്പന്മാര്‍ രണ്ടാളും പട്ടാളക്കാരായിരുന്നു. അച്ഛന്റെ അച്ഛന്‍ ശ്രീ. കുഞ്ഞിരാമന്‍ നായര്‍ നേരത്തെ അന്തരിച്ചു. അമ്മയുടെ അച്ഛന്‍, റിട്ട. ക്യാപ്റ്റന്‍ ശങ്കരന്‍ നായര്‍, ഷെല്ല് കൊണ്ട പരിക്കുകള്‍ തടവി പറഞ്ഞ് കേട്ട യുദ്ധകഥളിലൊക്കെ അഭിമാനത്തോടെ എടുത്ത് പറയുമായിരുന്ന ഒന്നുണ്ട് യുദ്ധസമയത്തെ ഭാരതീയരുടെ ഐക്യം. നമ്മളില്‍ ഒരാളെ തൊട്ടാല്‍ നമ്മള്‍ ഒരുമിച്ച് നിന്ന് തിരിച്ചടിക്കുന്നതിന്റെ രോമാഞ്ചപ്പെടുത്തുന്ന സത്യകഥകള്‍..
ഇനി ഒരു കാര്യം പറയട്ടെ. ഈ യുദ്ധസമാനമായ സാഹചര്യത്തിലും ബുദ്ധിജീവി ചമയാനും, വ്യത്യസ്തമായി എന്തെങ്കിലും പറഞ്ഞെന്ന് വരുത്താനും ചിലരെങ്കിലും കാട്ടിക്കൂട്ടുന്നത് കാണുമ്പോള്‍ കഷ്ടം തോന്നുന്നു. ജാതിയും മതവും സിന്ദൂരത്തിന്റെ ബിംബവും.. എന്തൊക്കെ വിവരക്കേടുകള്‍! ദേശവിരുദ്ധ ലൈന്‍ എടുത്തിട്ടാണെങ്കിലും ഒരല്‍പം ശ്രദ്ധ പിടിച്ച് പറ്റാം എന്നാണെങ്കില്‍ വളരെ കഷ്ടം എന്നേ പറയാനുള്ളൂ. അവനവന്റെ നിലനില്‍പും അസ്തിത്വവും ഭാരതീയന്‍ എന്ന ഒരു വാക്കിലാണെന്ന് ആദ്യം മനസ്സിലാക്കണം, വല്ലാതെ തലമറന്ന് എണ്ണ തേക്കരുത്. കേരളത്തില്‍, നമ്മുടെ കണ്മുന്നിലുള്ള അനീതികളെക്കുറിച്ച് ശബ്ദിക്കാന്‍ മടിയുള്ളവര്‍, ശത്രുരാജ്യത്തിന് നീതി ഉറപ്പാക്കാന്‍ വെമ്പല്‍ കൊള്ളുന്നത് അത്ര വെടിപ്പല്ല. സംഘര്‍ഷം നടക്കുന്ന സമയത്ത് പാലിക്കേണ്ട മിനിമം മര്യാദയാണ് രാജ്യത്തിന്റെ നേതൃത്വത്തെ ശക്തിപ്പെടുത്തുക എന്നത്. ഒത്തൊരുമ കാത്ത് സൂക്ഷിക്കുക എന്നത്.
ഈ സമയത്ത് തിരുവാ തുറക്കാന്‍ തീരുമാനിക്കുന്ന ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണം. ഇന്ത്യയുടെ നാനാഭാഗത്ത് മാന്യമായി ജോലി ചെയ്ത് ജീവിക്കാനായി നാടുവിട്ട മലയാളികളുണ്ട് . നിങ്ങളുടെ വിടുവായത്തം കൊണ്ട് അവര്‍ക്ക് നാണക്കേടുണ്ടാക്കരുത്. ഈ പോരാട്ടത്തില്‍ എത്രയോ മലയാളി സൈനികരും ഉള്‍പ്പെട്ടിട്ടുണ്ട്. അവരെ അവഹേളിക്കരുത്.
സൈനിക നീക്കങ്ങള്‍ ആസൂത്രണം ചെയ്യാനും, യുദ്ധ സംബന്ധമായ തീരുമാനങ്ങളെടുക്കാനും, വിവരങ്ങള്‍ യഥാസമയം വേണ്ട രീതിയില്‍ മാത്രം വെളിപ്പെടുത്താനും, തീരുമാനങ്ങള്‍ അച്ചടക്കത്തോടെ നടപ്പിലാക്കാനും കഴിവുള്ള സംവിധാനങ്ങള്‍ ഭാരത സര്‍ക്കാറിനുണ്ട്. ചാനല്‍ ചര്‍ച്ചയും കവലപ്രസംഗവും പോലല്ല ഈ പണി.
കേരളം ഭാരതത്തിന്റെ വളരെ ചെറിയൊരു ഭാഗമാണ്. എന്നാല്‍ ഒരര്‍ത്ഥത്തില്‍ നോക്കിയാല്‍ ഭാരതത്തിന്റെ ആത്മീയ തേജസ്സ് ഇവിടെ നിന്ന് ഉദ്ഭവിച്ച ചരിത്രമാണുള്ളത്. ഇന്ന് ലോകം ഭാരതത്തെ ഉറ്റുനോക്കുകയാണ്. ഇതിനിടയില്‍ കോമാളികളാവാതിരിക്കാന്‍ നമുക്ക് ശ്രമിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates