''എന്തിനാണ് ഇത്രയധികം സ്‌കാനിങ്ങുകള്‍? എന്തിനാ ചികിത്സ വൈകിക്കുന്നത്?"

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പെടെ ചികിത്സപ്പിഴവ് മൂലം രോഗി മരിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുമ്പോഴാണ് എന്‍ പ്രശാന്തിന്റെ കുറിപ്പ്
n prasanth
എന്‍ പ്രശാന്ത് ഫെയ്‌സ്ബുക്ക്‌
Updated on
2 min read

കൊച്ചി: ആശുപത്രികളില്‍ എത്തുന്നവരുടെ രോഗം കണ്ടെത്തി തുടര്‍ ചികിത്സ നിര്‍ദേശിക്കുന്ന ഡോക്ടറുടെ ജോലി എളുപ്പമായി കരുതരുതെന്ന് എന്‍ പ്രശാന്ത് ഐഎഎസ്. രോഗിക്ക് ചികിത്സ വൈകിക്കുന്നത്, ആശുപത്രികള്‍ പണം ഉണ്ടാക്കാനാണെന്ന് സംശയിക്കുമ്പോള്‍ ഓരോ ഡോക്ടറും തെളിവുകള്‍, പരിശീലനം, സമയം എന്നിവ ഉപയോഗിച്ച് എല്ലാം ശരിയാവും എന്ന പ്രതീക്ഷയില്‍ അനിശ്ചിതത്വത്തോട് പൊരുതുകയാണെന്നും എന്‍ പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഉള്‍പ്പെടെ ചികിത്സപ്പിഴവ് മൂലം രോഗി മരിക്കുന്നതുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ തുടര്‍ച്ചയായി ഉണ്ടാകുമ്പോഴാണ് എന്‍ പ്രശാന്തിന്റെ കുറിപ്പ്. ഡോക്ടര്‍മാര്‍ അനിശ്ചിതത്വം കൈകാര്യം ചെയ്യാന്‍ പരിശീലനം നേടിയവരാണ്. എന്നാല്‍ രോഗിയുടെ കാര്യത്തില്‍ കുടുംബങ്ങള്‍ക്ക് വേണ്ടത് നൂറുശതമാനം ഉറപ്പാണ്. ഡോക്ടര്‍മാര്‍ ചികിത്സയിലെ അപകടസാധ്യതകളെക്കുറിച്ച് പറയുമ്പോള്‍, കുടുംബങ്ങള്‍ അതിനെ ഒഴിവുകഴിവായി കാണുന്നുവെന്നും എന്‍ പ്രശാന്ത് കുറിച്ചു.

n prasanth
ടി ജെ എസ് ജോര്‍ജ് പകരം  വെയ്ക്കാനില്ലാത്ത പ്രതിഭ; അനുസ്മരിച്ച് മാധ്യമ ലോകം

എന്‍ പ്രശാന്തിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

രോഗനിര്‍ണയവും സംശയവും

ഒരു കൊച്ചുകുട്ടി പനിച്ചും ദേഹമാസകലം പാടുകളോടും കുറഞ്ഞ പ്ലേറ്റ്ലെറ്റുകളോടും കൂടി അത്യാഹിത വിഭാഗത്തിലേക്ക് (Casualty) വരുമ്പോള്‍, ഡോക്ടറുടെ മനസ്സില്‍ പലവിധ കണക്കുകൂട്ടലുകളാണ് : ഡെങ്കിപ്പനിയോ, സെപ്സിസോ, അതോ അപൂര്‍വമായ മറ്റെന്തെങ്കിലും അസുഖമോ?

ഉടന്‍ തന്നെ ടെസ്റ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു. ധമനികളിലേക്ക് മരുന്ന് കയറ്റുന്നു, ഡോസ് കൃത്യമായി കണക്കാക്കുന്നു. ഓരോ തീരുമാനവും ഓരോ തീരുമാനം തന്നെയാണ് ഏറ്റവും സാധ്യതയുള്ളതും, സംഭവിക്കാന്‍ സാധ്യതയുള്ളതും, ഒരു കാരണവശാലും വിട്ടുപോകാന്‍ പാടില്ലാത്തതുമായ ലക്ഷണങ്ങള്‍ക്കും രോഗങ്ങള്‍ക്കും ഇടയിലെ ഞാണിന്മേല്‍ കളി. ഇതാണ് രോഗനിര്‍ണയം. ഡയഗ്‌നോസിസ്. നിരന്തരമായ കണക്കുകൂട്ടലുകളും ഡെഗ്‌നോസിസും ചികിത്സയും വീണ്ടും സസൂക്ഷ്മം ശ്രദ്ധിച്ച് തുടര്‍ ചികിത്സയും- ഇതത്ര എളുപ്പമല്ല.

ഇതൊരു മാന്ത്രിക പ്രവചനമല്ല; ശാസ്ത്രവും, അനുഭവവും, സംഭവ്യതയും ചേര്‍ന്ന ഒരു പ്രക്രിയയാണ്.

ഇതിനിടയില്‍ അപ്രതീക്ഷിതമായി പലതും സംഭവിക്കാം. ഇത് സിമന്റും കമ്പിയുമല്ല, മനുഷ്യശരീരമാണ്. ഓരോ ഡോക്ടറും തങ്ങളുടെ പക്കലുള്ള ഏറ്റവും മികച്ച ആയുധങ്ങളായ തെളിവുകള്‍, പരിശീലനം, സമയം എന്നിവ ഉപയോഗിച്ച് ഈ അനിശ്ചിതത്വത്തോട് പൊരുതുകയാണ്. എല്ലാം ശരിയാവും എന്ന പ്രതീക്ഷയില്‍.

എന്നാല്‍, ആശുപത്രിയുടെ വരാന്തയില്‍, ഐ.സി.യുവിന്റെ വാതില്‍പ്പടിയില്‍, മറ്റൊരു പോരാട്ടം നടക്കുന്നുണ്ട്. ബന്ധുക്കള്‍ പരസ്പരം മന്ത്രിക്കുന്നു: ''എന്തിനാണ് ഇത്രയധികം സ്‌കാനിങ്ങുകള്‍? എന്തിനാ ചികിത്സ വൈകിക്കുന്നത്? ഇതിലൂടെയെല്ലാം അവര്‍ക്ക് പണം ഉണ്ടാക്കാനാണോ?'' ഡോക്ടര്‍മാര്‍ ശാസ്ത്രീയമായ സംഭാവ്യതകളെപ്പറ്റി (Probabilities) പറയുമ്പോള്‍, കുടുംബങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ടയാള്‍ക്ക് എന്തെല്ലാം സാധ്യതകള്‍ (Possibilities) ഉണ്ടെന്ന് മാത്രം കേള്‍ക്കുന്നു. ഈ രണ്ടുകാര്യങ്ങള്‍ക്കിടയിലെ അകലത്തില്‍ സംശയം വിഷം പോലെ പടരുന്നു.

ഡോക്ടര്‍മാര്‍ അനിശ്ചിതത്വം കൈകാര്യം ചെയ്യാന്‍ പരിശീലനം നേടിയവരാണ്. എന്നാല്‍ കുടുംബങ്ങള്‍ക്ക് വേണ്ടത് നൂറുശതമാനം ഉറപ്പാണ്. ഡോക്ടര്‍മാര്‍ ചികിത്സയിലെ അപകടസാധ്യതകളെക്കുറിച്ച് പറയുമ്പോള്‍, കുടുംബങ്ങള്‍ അതിനെ ഒഴിവുകഴിവായി കാണുന്നു.

ഡോക്ടര്‍മാര്‍ ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, കുടുംബങ്ങള്‍ ആശ്രയിക്കുന്നത് വിശ്വാസത്തെയാണ്.

രണ്ടു കൂട്ടരും അവരവരുടെ സ്ഥാനത്ത് ശരിയാണ്. എന്നാല്‍ രോഗനിര്‍ണയത്തെ സംശയം കീഴടക്കുമ്പോള്‍, എല്ലാവര്‍ക്കും നഷ്ടം സംഭവിക്കുന്നു.

കേരളത്തിലെ പല ആശുപത്രികളിലും ഇന്ന് ഇതാണ് സ്ഥിതി. ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി ഡോക്ടര്‍ നിര്‍ദ്ദേശിച്ച വിലകൂടിയ ടെസ്റ്റിന്റെ പേരില്‍, 'ഇവര്‍ക്ക് കച്ചവടമാണ്' എന്ന പഴി കേള്‍ക്കേണ്ടി വരുന്നതിന്റെ നിസ്സഹായത ഓരോ ഡോക്ടര്‍ക്കുമുണ്ട്. ഹൃദയാഘാതം ഒഴിവാക്കാന്‍ എല്ലാ ടെസ്റ്റുകളും ചെയ്താല്‍ 'അമിത ടെസ്റ്റ്' എന്ന പേര് വരും. എന്നാല്‍, അപൂര്‍വമായ ഒരവസ്ഥ ടെസ്റ്റ് ചെയ്യാതെ പോയാല്‍ 'അശ്രദ്ധ' എന്ന പേരില്‍ കേസ് വരും. സര്‍ക്കാര്‍ ആശുപത്രിയിലെ വാര്‍ഡിലെ തിരക്കുകാരണം വരുന്ന കാലതാമസം കുടുംബാംഗങ്ങള്‍ക്ക് 'മനഃപൂര്‍വമായ അനാസ്ഥ'യായി തോന്നുകയും, ഷിഫ്റ്റ് ഡ്യൂട്ടിയിലുള്ള ജൂനിയര്‍ ഡോക്ടറോട് ക്ഷോഭിക്കുന്നതും നാം കേട്ടിട്ടുണ്ട്. ഭൗതിക സാഹചര്യം ഒരുക്കാനുള്ള അധികാരമൊന്നും ഈ പാവങ്ങള്‍ക്ക് ഇല്ല എന്നാദ്യം മനസ്സിലാക്കണം. ആശുപത്രിയിലെ ശുചിത്വം മുതല്‍ സപ്ലൈ ചെയ്യുന്ന മരുന്നിന്റെ നിലവാരം വരെ രോഗശാന്തിക്ക് നിര്‍ണായകമാണ്. ഭൗതികസാഹചര്യങ്ങള്‍, ഉപകരണങ്ങള്‍, മറ്റ് സൗകര്യങ്ങള്‍, സഹായത്തിനുള്ള സ്റ്റാഫ്- ഇതൊന്നുമില്ലാതെ സര്‍ക്കസ് കളിക്കുന്ന ഒരു പാവത്തിന്റെ നെഞ്ചത്തോട്ട് സംശയത്തിന്റെ ഇരട്ടക്കുഴല്‍ തുപ്പാക്കി കൂടി! അവരും നമ്മളെ പോലെ നിസ്സഹായരായ പൗരന്മാര്‍ മാത്രമാണ് ഭായ്.

ഡോക്ടര്‍മാര്‍ കൊലയാളികളല്ല. അവര്‍, ഉറപ്പില്ലാത്ത ഇരുണ്ട വഴികളിലൂടെ നടന്ന്, ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏറ്റവും നല്ല വഴി തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ മാത്രമാണ്. (കുഴപ്പക്കാര്‍ എല്ലായിടത്തും ഉണ്ട്, അത് വേറെ കാര്യം.) രോഗനിര്‍ണയം സങ്കീര്‍ണ്ണമാണ്, പല സാധ്യതകളുള്ളതാണ്, കടുത്ത സമ്മര്‍ദ്ദത്തിനിടയിലെ ശാസ്ത്രമാണ്.

സംശയം ഭയമാണ്, അവിശ്വാസമാണ് - എന്നാല്‍ വസ്തുതകളെക്കാള്‍ ജനം ഉച്ചത്തില്‍ കേള്‍ക്കുന്നത് ഇതാണ്. സംശയം ജനിപ്പിക്കാന്‍ എളുപ്പവുമാണ്. മാധ്യമങ്ങള്‍ ഓരോ ചികിത്സാസങ്കീര്‍ണ്ണതയെയും ഒരു ഗൂഢാലോചനയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്ന കാലമാണ്. ഡോക്ടര്‍മാരുടെ നെഞ്ചത്തോട്ട് കയറാന്‍ പ്രോത്സാഹിപ്പിക്കുന്ന രീതി സിസ്റ്റത്തിലെ പുഴുക്കുത്തുക്കളെ ഒരിക്കലും പുറത്ത് കൊണ്ടുവരാതിരിക്കാന്‍ മാത്രമേ സഹായിക്കൂ.

രോഗനിര്‍ണയം ജീവന്‍ രക്ഷിക്കുന്നു. സംശയം, രോഗശാന്തി തുടങ്ങുന്നതിനു മുമ്പേ അതിനെ തകര്‍ക്കുന്നു. ഏത് മരുന്നിനേക്കാളും വേഗത്തില്‍ വിശ്വാസം രോഗശാന്തി നല്‍കും. രോഗിക്ക് ഡോക്ടറില്‍ വിശ്വാസമുണ്ടെങ്കില്‍, ചികിത്സയോട് പൂര്‍ണ്ണമായി സഹകരിക്കും. ഡോക്ടറുടെ ഉദ്ദേശ്യശുദ്ധിയില്‍ കുടുംബത്തിന് വിശ്വാസമുണ്ടെങ്കില്‍, ചികിത്സയുടെ ഫലം അനിശ്ചിതമാണെങ്കില്‍ പോലും അവര്‍ പ്രതീക്ഷയോടെ കാത്തിരിക്കും. എന്നാല്‍, വിശ്വാസം നഷ്ടപ്പെട്ടാല്‍, ശരിയായ ചികിത്സ പോലും തെറ്റായി തോന്നാം. ഏറ്റവും നല്ല തീരുമാനവും സംശയാസ്പദമാകും. ചികിത്സകന്‍ പ്രതിക്കൂട്ടിലാകും.

രോഗികളോടും കുടുംബാംഗങ്ങളോടും വിവരമുള്ളവര്‍ പറയാറുണ്ട് - ചോദിക്കുക, എന്നാല്‍ ഉത്തരങ്ങള്‍ ക്ഷമയോടെ കേള്‍ക്കണം.

ഡോക്ടര്‍മാരോട് പറയാറുണ്ട്, കൂടുതല്‍ നന്നായി സംസാരിക്കക്കണം, സഹാനുഭൂതി (Empathy) ആന്റിബയോട്ടിക്കിനെ പോലെതന്നെ പ്രധാനമാണ്.

നമ്മുടെ പക്കലുള്ള ഏറ്റവും വലിയ മരുന്ന് ഇപ്പോഴും വിശ്വാസം തന്നെയാണ്. അതിനെ കൊന്നുകളയാന്‍ അനുവദിക്കരുത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com