

തിരുവനന്തപുരം: പാലോട് രവി ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ടുവെന്ന് തിരുവനന്തപുരം ഡിസിസി പ്രസിഡന്റായി നിയമിക്കപ്പെട്ട എന്‍ ശക്തന്‍. ഓഡിയോ ക്ലിപ്പിലെ മുഴുവന്‍ ഭാഗവും മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അതു മുഴുവന്‍ താന്‍ കേട്ടപ്പോള്‍, അദ്ദേഹം സ്ഥാനമൊഴിയേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് തോന്നിയത്. താഴേത്തട്ടിലെ പ്രവര്‍ത്തനത്തില്‍ വിഭാഗീയതയില്ലാതെ ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന തരത്തിലുള്ള സംഭാഷണത്തില്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും ശക്തന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞദിവസം രാത്രിയാണ് ആ ഫോണ്‍ സംഭാഷണം മുഴുവന്‍ താന്‍ കേട്ടത്. ബ്ലോക്ക് ഭാരവാഹിയെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി, വിരട്ടുന്നതിന്റെ ഭാഗമായി നടത്തിയ സംഭാഷണമാണത്. സംസാരത്തിനിടെ ചില വാക്കുകള്‍ ഉചിതമായിരുന്നില്ല എന്നാണ് തനിക്ക് തോന്നിയത്. അതേസമയം ഡിസിസി പ്രസിഡന്റ് പദവിയില്‍ നിന്നും മാറേണ്ടതായിട്ട് ഒന്നുമില്ല. എന്തായാലും സംഭവിച്ചു പോയി. തിരുവനന്തപുരത്ത് നല്ല നിലയില്‍ പ്രവര്‍ത്തിച്ച ഡിസിസി അധ്യക്ഷനാണ് പാലോട് രവിയെന്നും ശക്തന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം ഡിസിസി അധ്യക്ഷന്റെ താല്‍ക്കാലിക ചുമതലയാണ് തനിക്ക് നല്‍കിയിട്ടുള്ളത്. ഏതാനും നാളുകള്‍ക്കകം സമ്പൂര്‍ണ പുനഃസംഘടനയുണ്ടാകുമ്പോള്‍, തിരുവനന്തപുരം ഡിസിസിക്കും പുതിയ പ്രസിഡന്റ് വരും. തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭ തെരഞ്ഞെടുപ്പും അടുത്തു വന്നിരിക്കുന്ന സമയത്താണ് ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല തന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതുതന്നെ വലിയ ഉത്തരവാദിത്തമാണ്. ഡിസിസി അധ്യക്ഷ സ്ഥാനത്ത് വളരെയേറെ പ്രവര്‍ത്തിക്കേണ്ട സമയമാണെന്ന് ശക്തന്‍ പറഞ്ഞു.
ദീര്‍ഘനാളായി പൊതുപ്രവര്‍ത്തന രംഗത്തുള്ളതിന്റെയും പല ചുമതലകളും വഹിച്ചതിന്റെയും പരിചയം പാര്‍ട്ടിക്ക് വേണ്ടി വിനിയോഗിക്കും. തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും തലസ്ഥാന ജില്ലയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ സീറ്റുകള്‍ ലഭിക്കുന്നതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കും. ഏറ്റെടുത്ത ഉത്തരവാദിത്തം ഭംഗിയായി മുന്നോട്ടു കൊണ്ടുപോകുമെന്നും ശക്തന്‍ പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ വളരെ ഗുരുതരമായ തെറ്റുകളാണ് വന്നിട്ടുള്ളത്. ബോധപൂര്‍വമായി തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. ഇത്തരം തെറ്റുകല്‍ വരുത്തിയവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. നിയമസഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിക്കാന്‍ പറഞ്ഞാല്‍ മത്സരിക്കുമെന്നും എന്‍ ശക്തന്‍ കൂട്ടിച്ചേര്‍ത്തു.
ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയുടെ രാജിയെത്തുടര്‍ന്ന് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല മുന്‍ സ്പീക്കര്‍ എന്‍ ശക്തന് നല്‍കിയിരുന്നു. മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ചശേഷമാണ് ശക്തനെ ഡിസിസി അധ്യക്ഷനായി നിയമിക്കാന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് തീരുമാനിച്ചത്. നിലവില്‍ കെപിസിസി വൈസ് പ്രസിഡന്റും സീനിയര്‍ നേതാവുമാണ് എന്‍ ശക്തന്‍. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു വരുന്ന വേളയില്‍ ജില്ലയില്‍ നിന്നുള്ള സീനിയര്‍ നേതാവിനെ തന്നെ ജില്ലാ പ്രസിഡന്റിന്റെ ചുമതല ഏല്‍പ്പിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
