

തൃശൂര്‍:നടുവില്‍ മഠം ഇളമുറ സ്വാമിയാര്‍ ശ്രീമദ് പാര്‍ത്ഥസാരഥി ഭാരതി സ്വാമികള്‍ സമാധിയായി. ഭാഗവത വഴിയിലൂടെയാണ് മാടശ്ശേരി നീലകണ്ഠന്‍ നമ്പൂതിരി സന്യാസം സ്വീകരിച്ചത്. പാര്‍ത്ഥസാരഥി ഭാരതി സ്വാമികള്‍ എന്ന പേരില്‍ നടുവില്‍ മഠത്തില്‍ സന്യാസം ജീവിതം ആരംഭിച്ചു.
തൃശ്ശൂര്‍ നടുവില്‍ മഠത്തിലെയും തിരുവനന്തപുരം മിത്രാനന്ദപുരത്ത് പടിഞ്ഞാറെ മഠത്തിലെയും തൃച്ചംബരം തെക്കേ മഠത്തിലെയും മഠാധിപതിയും പാരമ്പര്യ ട്രസ്റ്റിയും ആയിരുന്ന മറവഞ്ചേരി തെക്കേടത്ത് നീലകണ്ഠ ഭാരതികളുടെ അനുഗ്രഹത്തോടെയും ഇളമുറ സ്വാമിയാര്‍ അച്യുത ഭാരതികളുടെ ആശീര്‍വാദത്തോടെയുമാണ് സന്യാസ ജീവിതം ആരംഭിച്ചത്. നടുവില്‍ മഠത്തിലെ ഇളമറ സ്വാമിയാരായി 2025 ജൂലൈ ഏഴാം തീയതി സന്യാസ ജീവിതം തുടങ്ങി.
എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കറു കിടത്തില്‍ മാടശ്ശേരി ഇല്ലത്തെ ദാമോദരന്‍ നമ്പൂതിരിയുടെയും സാവിത്രി അന്തര്‍ജ്ജനത്തിന്റെയും പുത്രനായി 1953ലാണ് നീലകണ്ഠന്‍ നമ്പൂതിരിയുടെ ജനനം. ഭക്തിയുടെ വഴിതുറപ്പിച്ചത് അമ്മയാണ്. ഗുരുവായൂര്‍ തട്ടയൂര്‍ ഇല്ലത്ത് ഭാഗവത പ്രവചന തിലകം ഉണ്ണി നമ്പൂതിരിപ്പാടിന്റെ ശിഷ്യത്വം സ്വീകരിച്ച് 1983 മുതലാണ് സപ്താഹങ്ങള്‍ നടത്തിത്തുടങ്ങിയത്.
കേരളത്തിനകത്തും പുറത്തും ആയി 500 ഓളം വേദികളില്‍ ഭാഗവത സപ്താഹങ്ങളും നിരവധി ശിവമഹാപുരാണ യജ്ഞവും ഏകാദശ യജ്ഞവും ദേവി ഭാഗവത നവാഹ യജ്ഞവും നടത്തിയ ആചാര്യനായിരുന്നു. ഭാഗവത യാത്രയിലൂടെ സന്യാസത്തില്‍ എത്തിയ ഇദ്ദേഹത്തിന്റെ ജീവിതം ഭഗവാനുവേണ്ടി സമര്‍പ്പിക്കപ്പെട്ട ഒന്നായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു സ്‌ട്രോക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അബോധാവസ്ഥയില്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പാര്‍ത്ഥസാരഥി ഭാരതി സ്വാമികള്‍ ഇന്ന് രാത്രി 9 നാണ് ഭഗവത്പാദങ്ങളിലേക്ക് സ്വയം വിലയം പ്രാപിച്ചത്. സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ നടത്തും. അദ്ദേഹത്തിന്റെ സഹോദരി ഹരിപ്രിയയും ഭാഗവതത്തിന്റെയും ആധ്യാത്മികതയുടെയും പാതയിലാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates