

തിരുവനന്തപുരം: സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതോടെ തന്റെ ജോലി കഴിഞ്ഞുവെന്ന് നമ്പി നാരായണന്‍. സത്യം പുറത്തുവരുമെന്ന് അറിയാമായിരുന്നെന്നും ഇനി തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തനിക്ക് കുഴപ്പമില്ലെന്ന് നമ്പി നാരായണന്‍ പറഞ്ഞു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗുഢാലോചനയില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു നമ്പി നാരായണന്‍.
'ഈ കേസിനകത്ത് തന്റെ ജോലി കഴിഞ്ഞു. കുറ്റക്കാരനല്ലെന്ന് തെളിയിക്കേണ്ടത് തന്റെ ചുമതലയായിരുന്നു. ആരാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാന്‍ 20വര്‍ഷം പോരാടി. ഇത്തരം കേസുകളില്‍ മടുത്ത് പലരും പാതിയില്‍ ഇട്ട് പോകും. തനിക്കും മടുത്തിരുന്നു. കേസില്‍ പ്രതികളെന്ന് കണ്ടെത്തിയവരെ ശിക്ഷിച്ചാലും ഇല്ലെങ്കിലും വ്യക്തിപരമായി തനിക്ക് ഒരു പ്രശ്‌നവും ഇല്ല. തന്റെ ജീവിതകാലത്ത് ഇത്തരത്തിലൊരു ജഡ്ജ്‌മെന്റ് വരുമെന്ന് കരുതിയിരുന്നില്ല. ജീവിച്ചിരിക്കെ അതുണ്ടായി. അവര്‍ ജയിലില്‍ പോകണമെന്ന് ആഗ്രഹിക്കുന്നില്ല. അവര്‍ മാപ്പുപോലും ചോദിക്കേണ്ടതില്ല. അബദ്ധം പറ്റിയെന്ന് പറഞ്ഞാലും മതി'- നമ്പി നാരായണന്‍ പറഞ്ഞു.
ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. സിഐ ആയിരുന്ന എസ് വിജയന്റെ സൃഷ്ടിയാണ് ചാരക്കേസ് എന്ന് സിബിഐ തിരുവനന്തപുരം ചീഫ് ജ്യൂഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. കുറ്റപത്രം അംഗീകരിച്ച കോടതി ജൂലായ് 26ന് പ്രതികള്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. ഹോട്ടലില്‍ വെച്ച് വിജയന്‍ മറിയം റഷീദയെ കടന്നുപിടിച്ചപ്പോള്‍ തടഞ്ഞതാണ് വിരോധമെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മറിയം റഷീദയെ അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ കഴിഞ്ഞാണ് ചാരക്കേസ് രജിസ്റ്റര്‍ ചെയ്തത്. അവര്‍ക്കെതിരെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മറിയം റഷീദയെ അന്യായ തടങ്കലില്‍ വയ്ക്കുകയും ഐബിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. മറിയം റഷീദയെ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചു. കുറ്റസമ്മതം നടത്താനായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.
രണ്ടാം പ്രതി സിബി മാത്യൂസ് തെളിവുകളൊന്നുമില്ലാതെയാണ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്ന കുറ്റപത്രത്തില്‍ പറയുന്നു. എസ്‌ഐടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐബി ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ചോദ്യം ചെയ്‌തെന്നും വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെകെ ജോഷ്വയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ചാരവൃത്തി നടത്തിയെന്ന് എഴുതി ചേര്‍ത്ത കേസില്‍ ഒരു തെളിവുമില്ല. പ്രതി ചേര്‍ത്തവരുടെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്തിയതുമില്ല. മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് കസ്റ്റഡിയില്‍ വെച്ച് നമ്പി നാരായണനെ മര്‍ദ്ദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.
മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സിബിഐ കുറ്റപത്രം നല്‍കിയത്. മുന്‍ എസ്പി എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, ഡിവൈഎസ്പി കെകെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. എഫ്‌ഐആറില്‍ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കിയിരുന്നു. എഫ്‌ഐആറില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മര്‍ദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗുഢാലോചന സിബിഐ അന്വേഷിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates