

പാലക്കാട്: ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ രാഷ്ട്രീയത്തില്‍ ഏറ്റവും ആദ്യം വിജയകരമായി പരീക്ഷിച്ച നേതാവ് നരേന്ദ്രമോദിയാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പരമ്പരാഗത മാധ്യമങ്ങളെ അവഗണിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നരേന്ദ്രമോദി സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയും ജനപിന്തുണയും വലിയതാണെന്നും സന്ദീപ് വാര്യര്‍ ഫെയ്ബുക്കില്‍ കുറിച്ചു.
കേരളത്തിലെ സംഘികളില്‍ അധികവും ഫെയ്‌സ്ബുക്ക് അമ്മാവന്മാരാണ്. ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ നാടിന്റെ പള്‍സ് അവര്‍ തിരിച്ചറിയുന്നില്ല. അവര്‍ വായിക്കാന്‍ വേണ്ടിയാണ് ഇത് എഴുതുന്നത്. നരേന്ദ്രമോദിയും ബിജെപിയും വലിയ ഭരണവിരുദ്ധ വികാരമാണ് ഇപ്പോള്‍ നേരിടുന്നത്. യുവതലമുറ ബിജെപിയെ വിശ്വസിക്കുന്നില്ല. അവരുടെ പ്രതീക്ഷകളെ സഫലീകരിക്കാനുള്ള ഒരു പദ്ധതിയും ബിജെപിയുടെ കൈവശമില്ലെന്നും സന്ദീപ് വാര്യര്‍ കുറിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയും ജനപിന്തുണയുമാണ് മോദിയെ അധികാരത്തിലേറ്റിയതെന്നും 2014, 2019 ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തെരഞ്ഞെടുപ്പുകളായിരുന്നുവെങ്കില്‍ 2024ല്‍ അത് ഇന്‍സ്റ്റാഗ്രാം യൂട്യൂബ് തെരഞ്ഞെടുപ്പുകളിലേക്ക് മാറിയെന്നും സന്ദീപ് പോസ്റ്റില്‍ നിരീക്ഷിച്ചു.
സന്ദീപ് വാര്യരുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
1999 മുതല്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരാളെന്ന നിലയ്ക്ക് ഇതില്‍ ഇടപെടുന്ന ആളുകളുടെ സ്വഭാവവും ജനക്കൂട്ടത്തെ ഇന്റര്‍നെറ്റ് നിയന്ത്രിക്കുന്നതുമെല്ലാം സൂക്ഷ്മമായി നിരീക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മുല്ലപ്പൂ വിപ്ലവം മുതല്‍ക്ക് ലോകത്ത് സാമൂഹിക മാധ്യമങ്ങള്‍ സമരങ്ങളെ സ്വാധീനിക്കുന്നതും അതിന്റെ ഗതി നിശ്ചയിക്കുന്നതും വര്‍ദ്ധിച്ചു വന്നു. ഗ്രാമഗ്രാമാന്തരങ്ങളില്‍ ഉണ്ടാകുന്ന ചെറിയ കാര്യങ്ങള്‍ പോലും സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടല്‍ മൂലം വലിയ ബഹുജനപ്രക്ഷോഭമായി മാറുകയും അത് പരിവര്‍ത്തനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നതൊക്കെ നമ്മുടെ കണ്‍മുന്നിലാണ് സംഭവിച്ചത്.
ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അനന്തസാധ്യതകള്‍ രാഷ്ട്രീയത്തില്‍ ഏറ്റവുമാദ്യം ഏറ്റവും വിജയകരമായി പരീക്ഷിച്ച നേതാവ് നരേന്ദ്രമോദി തന്നെയാണ്. പരമ്പരാഗത മാധ്യമങ്ങളെ അവഗണിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ നരേന്ദ്രമോദി സൃഷ്ടിച്ചെടുത്ത പ്രതിച്ഛായയും ജനപിന്തുണയും വലിയതായിരുന്നു . ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ മൂവ്‌മെന്റും അണ്ണാ ഹസാരേയുടെ ഉദയവും ആം ആദ്മി പാര്‍ട്ടി രൂപീകരണവും നിര്‍ഭയ പ്രക്ഷോഭവും എല്ലാം സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനത്തില്‍ നിന്ന് ഉണ്ടായതാണ്. തികച്ചും അരാഷ്ട്രീയവാദികള്‍ ആയിരുന്ന ഡല്‍ഹിയിലെ യുവാക്കള്‍ രാഷ്ട്രപതി ഭവനിലേക്ക് വരെ ഗേറ്റ് ചാടി കടന്ന് പ്രക്ഷോഭവുമായി എത്തിയത് നമ്മള്‍ മറന്നിട്ടില്ല.
ഒരു ദശാബ്ദത്തിനിപ്പുറം സാമൂഹിക മാധ്യമങ്ങള്‍ വലിയതോതില്‍ വളര്‍ന്നു. അതിലെ അംഗങ്ങളായ ഇന്ത്യക്കാരുടെ എണ്ണവും പതിന്മടങ്ങ് വര്‍ദ്ധിച്ചു. ഇന്നോരോ കുടുംബത്തിലും സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് ഉള്ളവരുണ്ട്.
2014ലെയും 2019ലെയും തെരഞ്ഞെടുപ്പുകള്‍ ഫേസ്ബുക്ക് , ട്വിറ്റര്‍ തെരഞ്ഞെടുപ്പുകളായിരുന്നു. ആ രണ്ടു തെരഞ്ഞെടുപ്പിലും ബിജെപിക്ക് പൂര്‍ണ്ണ ഭൂരിപക്ഷം ലഭിച്ചു. എന്നാല്‍ 2024 എത്തിയപ്പോള്‍ ബിജെപി പ്രതീക്ഷിക്കാത്ത തരത്തില്‍ ചിത്രം മാറി. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ രാജ്യത്ത് ശക്തമായ ഒരു പ്രതിപക്ഷ ഐക്യം രൂപപ്പെട്ടു. രാഹുല്‍ഗാന്ധി പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തേക്ക് കൊടുങ്കാറ്റ് പോലെ കടന്നുവന്നു. അമേഠിയില്‍ സ്മൃതി ഇറാനി പോലും പരാജയപ്പെട്ടു.
ബിജെപിക്ക് എന്തുകൊണ്ട് തിരിച്ചടി കിട്ടി എന്നതിന് ഒരു ഉത്തരമേയുള്ളൂ . 2024 ഇലക്ഷന്‍ 2014ലെയും 2019ലെയും പോലെ ഫേസ്ബുക്ക് ട്വിറ്റര്‍ ഇലക്ഷന്‍ ആയിരുന്നില്ല. മറിച്ച് ഇന്‍സ്റ്റാഗ്രാം യൂട്യൂബ് ഇലക്ഷന്‍ ആയിരുന്നു. ഫേസ്ബുക്കിലും ട്വിറ്ററിലും വരുന്ന എഴുത്തു കുത്തുകള്‍ വായിച്ചിരുന്നതില്‍ നിന്ന് ഇന്‍സ്റ്റയിലെയും യൂട്യൂബിലെയും വീഡിയോ കൊണ്ടെന്റുകളിലേക്ക് ജനം മാറി.
ബിജെപിയുടെ കൈവശം ആകെ ഉണ്ടായിരുന്ന വീഡിയോ കൊണ്ടെന്റ് നരേന്ദ്രമോദി റാലികളില്‍ പോകുന്നു. കൈവീശി കാണിക്കുന്നു. പ്രസംഗിക്കുന്നു. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പിലെ ഒരേ പാറ്റേണ്‍. പ്രത്യേകിച്ച് ഒരു മാറ്റവുമില്ല. യുവാക്കളെ, ചെറുപ്പക്കാരെ പ്രചോദിപ്പിക്കുന്ന പുതിയ ഒന്നും ബിജെപിക്ക് നല്‍കാനുണ്ടായിരുന്നില്ല.
എന്നാല്‍ മറുവശത്ത് ഏറ്റവും മികച്ച വീഡിയോ കണ്ടെന്റുകള്‍ കോണ്‍ഗ്രസിന്റെ കൈവശമാണ് ഉണ്ടായിരുന്നത്. രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര. പിന്നെ ധ്രൂവ് റാട്ടിയെ പോലെ യൂട്യൂബര്‍ ഉണ്ടാക്കിയ ബിജെപി വിരുദ്ധ തരംഗം. ഇതു തിരിച്ചറിയാന്‍ ബിജെപി കേന്ദ്ര നേതൃത്വം വൈകിപ്പോയി. ബിജെപി ഐടി സെല്‍ ചുമതലയില്‍ വര്‍ഷങ്ങളായിരിക്കുന്ന അമിത മാളവിയ തന്റെ ഉത്തരവാദിത്വം മറന്ന് രാഷ്ട്രീയ നേതാവാകാന്‍ നടത്തിയ ശ്രമങ്ങളാണ് ബിജെപിയുടെ സോഷ്യല്‍ മീഡിയ ടീമിനെ തകര്‍ത്തെറിഞ്ഞത്. മറുവശത്ത് കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും അടിച്ചു കയറി.
ഇപ്പോള്‍ രാഹുല്‍ഗാന്ധി കൊണ്ടുവന്ന വോട്ട് ചോരി ആരോപണം സാമൂഹിക മാധ്യമങ്ങളില്‍ കൊടുങ്കാറ്റ് ആണ്. ഇന്‍സ്റ്റഗ്രാം തുറന്നാല്‍ രാഹുലിന്റെ പടയോട്ടമാണ്. ഒരു രാഷ്ട്രീയവും ഇല്ലാത്ത കുട്ടികള്‍വരെ രാഹുല്‍ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച് സ്റ്റോപ്പ് വോട്ട് ചോരി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നു. ബീഹാറില്‍ രാഹുല്‍ നയിക്കുന്ന യാത്രയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നതും വലിയ പിന്തുണയാണ്.
ഞാന്‍ ഇത്രയും ഫേസ്ബുക്കില്‍ എഴുതിയത് എന്തിനാണെന്ന് വെച്ചാല്‍ കേരളത്തിലെ സംഘികളില്‍ അധികവും ഫേസ്ബുക്ക് അമ്മാവന്മാരാണ്. ഇന്‍സ്റ്റാഗ്രാമില്‍ അവര്‍ വളരെ കുറവാണ്. അതുകൊണ്ടുതന്നെ നാടിന്റെ പള്‍സ് അവര്‍ തിരിച്ചറിയുന്നില്ല. അവര്‍ വായിക്കാന്‍ വേണ്ടിയാണ് ഇത് എഴുതുന്നത്. നരേന്ദ്രമോദിയും ബിജെപിയും വലിയ ഭരണവിരുദ്ധ വികാരമാണ് ഇപ്പോള്‍ നേരിടുന്നത്. യുവതലമുറ ബിജെപിയെ വിശ്വസിക്കുന്നില്ല. അവരുടെ പ്രതീക്ഷകളെ സഫലീകരിക്കാനുള്ള ഒരു പദ്ധതിയും ബിജെപിയുടെ കൈവശമില്ല. അവര്‍ പ്രതീക്ഷയോടെ നോക്കുന്ന ഒരേയൊരു നേതാവ് രാഹുല്‍ ഗാന്ധിയാണ്. നിങ്ങള്‍ ഫേസ്ബുക്കില്‍ കിടന്ന് തലകുത്തി മറിഞ്ഞാലും ഈ തരംഗം മുന്നോട്ടുപോവുക തന്നെ ചെയ്യും. ഇപ്പോഴുള്ള 240 സീറ്റില്‍ നിന്ന് 60 സീറ്റ് കുറഞ്ഞാല്‍ ബിജെപി പ്രതിപക്ഷത്തിരിക്കും എന്ന് ഓര്‍മ്മവേണം. 400 സീറ്റ് പ്രോജക്ട് ചെയ്ത് തെരഞ്ഞെടുപ്പിനെ നേരിട്ട് ബിജെപി എത്തിയത് 160 സീറ്റ് കുറവിലായിരുന്നു. അധികാരത്തില്‍ നിന്ന് പുറത്തു പോകാന്‍ ഇനി അധികകാലമില്ല എന്ന് ഫേസ്ബുക്ക് സംഘികളെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates