

കൊച്ചി: എൻഎച്ച് 66 ന്റെ രണ്ടു റീച്ചുകളുടെ അടക്കം, പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ദേശീയപാതാ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കി. കൊച്ചിയിൽനടക്കുന്ന ഉദ്ഘാടന ചടങ്ങിൽ നിന്നാണ് മന്ത്രിയെ ഒഴിവാക്കിയത്. ഇതിൽ പ്രതിഷേധിച്ച് പരിപാടി സംസ്ഥാന സർക്കാർ ബഹിഷ്കരിക്കും.
പ്രധാനമന്ത്രിയുടെ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല. മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിമാരായ എം ബി രാജേഷ്, കെ കൃഷ്ണൻകുട്ടി എന്നിവരെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നു. കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവർക്കും എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ഉമ തോമസ് എംഎൽഎ എന്നിവർക്കും ക്ഷണമുണ്ട്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. മുഖ്യമന്ത്രിക്കുപുറമെ, സംസ്ഥാന മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കില്ല. തന്നെ ഒഴിവാക്കിയത് എന്തിനെന്ന് അറിയില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദേശീയപാത ഉദ്ഘാടന ചടങ്ങിൽ ഇന്നേവരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയിട്ടില്ല. ഏതു മുന്നണിയുടെ മന്ത്രിയായാലും ഒഴിവാക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു.
സംസ്ഥാനത്ത് ദേശീയപാത-66 ആറുവരിയാക്കുന്ന പണിനടക്കുന്ന 23 റീച്ചുകളിൽ ആദ്യം പൂർത്തിയായ തലപ്പാടി-ചെങ്കള റീച്ചാണ് പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കുന്നത്. ദേശീയപാതയുടെ വെങ്ങളം- രാമനാട്ടുകര റീച്ചും ഇതിൽ ഉൾപ്പെടും. വെങ്ങളംമുതൽ രാമനാട്ടുകരവരെ ആറുവരിപ്പാതയായി നവീകരിച്ച കോഴിക്കോട് ബൈപ്പാസ്, പ്രധാനമന്ത്രി ഗ്രാമ സഡക് യോജനപ്രകാരം നിർമിച്ച 23 ഗ്രാമീണ റോഡുകൾ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മോദി നിർവഹിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates