

തിരുവനന്തപുരം: ശക്തി സ്വരൂപിണിയായ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും ബൊമ്മക്കൊലു ഒരുക്കി പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം. ഇത്തവണ 9 ദിവസമല്ല 11 ദിവസം നീണ്ടുനിൽക്കുന്നതാണ് ആഘോഷങ്ങൾ. പത്താം ദിവസമാണ് മഹാനവമി. 11ാം ദിവസം വിജയ ദശമി. പുസ്തക പൂജ നാല് ദിവസമാണ്. സാധാരണയായി 9 രാത്രികളും 10 പകലുകളുമാണ് നവരാത്രി ആഘോഷിക്കുന്നത്. ഇത്തവണ 10 രാത്രികളും 11 പകലുകളുമാണ്.
അസ്തമയ സമയത്ത് അഷ്ടമി തിഥി വരുന്ന ദിവസമാണ് പൂജവയ്പ്പ്. സെപ്റ്റംബർ 29നാണ് പൂജ വയ്ക്കേണ്ടത്. ദശമി തിഥി ഉദയം മുതൽ ആറ് നാഴിക എങ്കിലും വരുന്ന ദിവസം പൂജയെടുപ്പും വിദ്യാരംഭവും ആചരിക്കും. ഇതിനിടെയിൽ രണ്ട് ദിവസങ്ങളിലായി നവമി തിഥി വരുന്നതിനാലാണ് ഇത്തവണ പൂജവയ്പ്പ് നാല് ദിവസവും മൊത്തം നവരാത്രി ദിനങ്ങൾ 11 ദിവസവുമായി മാറുന്നത്. ഒക്ടോബർ രണ്ടിനാണ് വിദ്യാരംഭം.
സംഗീതോത്സവങ്ങൾ, നവരാത്രി പൂജകൾ, പുസ്തക പൂജ, വിദ്യാരംഭം അടക്കമുള്ള വിപുലമായ പരിപാടികൾ സംസ്ഥാനത്തെ വിവിധ ദേവീ ക്ഷേത്രങ്ങളിൽ നടക്കും. കൊല്ലൂർ മൂകാംബിക ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധനാലയങ്ങളിൽ നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും.
തിരുവനന്തപുരത്ത് നവരാത്രി വിഗ്രഹങ്ങൾക്കു വരവേൽപ്പും ആഘോഷ ആരംഭവും ഇന്നാണ്. ചില ക്ഷേത്രങ്ങളിൽ നവരാത്രി ആഘോഷം നാളെയാണ് തുടങ്ങുന്നത്.
പറവൂർ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ ഇന്ന് തുടങ്ങും. വൈകീട്ട് 6.30നു നവരാത്രി മണ്ഡപത്തിൽ സംഗീതോത്സവം സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും. പി വേണുഗോപാൽ അധ്യക്ഷനാകും. തിരുവാതിരകളി, ഭരതനാട്യം, സംഗീതാർച്ചന എന്നിവയും ആദ്യ ദിവസമുണ്ട്. തുടർ ദിവസങ്ങളിൽ സംഗിതോത്സവം നടക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
