'തലയില്‍ തട്ടമിട്ട് വന്ന പെണ്‍കുട്ടിയുടെ അധ്യാപകന്‍ യേശുക്രിസ്തു ആയിരുന്നെങ്കില്‍...'; പള്ളുരുത്തിയിലെ സ്‌കൂള്‍ അനുഭവം, കുറിപ്പ്

Nazeer Hussain writes about hijab raw in Palluruthy
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്‌ Nazeer HussainFacebook
Updated on
3 min read

കൊച്ചി: പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥിയെ ക്ലാസില്‍ കയറ്റാതിരുന്നതിനെച്ചൊല്ലി ഉയര്‍ന്ന വിവാദം ഇനിയും അടങ്ങിയിട്ടില്ല. ഹൈബി ഈഡന്‍ എംപിയുടെ നേതൃത്വത്തില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ സമവായമായെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനു പിന്നാലെ സ്‌കൂളിന്റെ നടപടിയെ തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രംഗത്തുവന്നു. ഇതിനെതിരെ സ്‌കൂള്‍ പിടിഎ പ്രതികരിച്ചതോടെ വിവാദം വീണ്ടും ചൂടുപിടിക്കുകയാണ്. ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍, പള്ളുരുത്തിയിലെ തന്റെ സ്‌കൂള്‍ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ് നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് ഈ കുറിപ്പില്‍. തലയില്‍ തട്ടമിട്ട് വന്ന പെണ്‍കുട്ടിയുടെ അധ്യാപകന്‍ യേശുക്രിസ്തു ആയിരുന്നെങ്കില്‍ അവളെ ചേര്‍ത്ത് പിടിച്ചേനെ എന്ന് തന്നെയാണ് തനിക്കു തോന്നുന്നതെന്ന് നസീര്‍ ഹുസൈന്‍ പറയുന്നു.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്:

ഇപ്പോള്‍ ഹിജാബ് വിവാദം നടക്കുന്ന പള്ളുരുത്തിയിലെ, ഏതാണ്ട് നൂറു വര്‍ഷം പഴക്കമുള്ള, സെയിന്റ് ആന്റണീസ് യു പി സ്‌കൂളില്‍ പഠിച്ച ഒരു മുസ്ലിം നാമധാരിയാണ് ഞാന്‍. എന്റെ ഉന്നത വിദ്യാഭ്യാസത്തിനും അതുവഴി അമേരിക്കയില്‍ എത്താനുമുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണം ഈ സ്‌കൂളും അവിടെയുള്ള അധ്യാപകരുമാണ്. പ്രത്യേകിച്ച് ആനി ടീച്ചര്‍. ആ ഒരു പ്രൈമറി സ്‌കൂള്‍ ടീച്ചറിന്റെ കരുതല്‍ കൊണ്ടുമാത്രം രണ്ടാം ക്ലാസ്സിനു മുകളില്‍ പഠിക്കുകയും അമേരിക്ക വരെ എത്തിച്ചേരുകയും ചെയ്ത ഒരാളാണ് ഞാന്‍.

എന്റെ രണ്ടാം ക്ലാസ്സിലെ ടീച്ചറായിരുന്നു ആനി ടീച്ചര്‍. കുട്ടികളോട് എല്ലാവരോടും വളരെ സ്‌നേഹത്തോടെ പെരുമാറുന്ന, ആരെയും അടിക്കാത്ത ടീച്ചറെ കുട്ടികള്‍ എല്ലാവരും വളരെ ഇഷ്ടപ്പെട്ടു. ആ സമയത്താണ് ചില കുടുംബ പ്രശ്‌നങ്ങള്‍ കാരണം, വീട്ടില് ബാപ്പക്കും ഉമ്മക്കും ഞങ്ങളെ ശ്രദ്ധിക്കാന്‍ നേരമില്ലാതെ വന്നത്. ജന്മനാ മടിയനായ ഞാന്‍ സന്ദര്‍ഭം മുതലെടുത്ത് സ്‌കൂളില്‍ പോകേണ്ട എന്ന അതി ധീരമായ ഒരു തീരുമാനം എടുത്തു. രണ്ടു ദിവസം പരമ സുഖം, വൈകി എഴുന്നേല്ക്കുക, കളിയ്ക്കാന്‍ പോവുക , സുഖം, സുന്ദരം.

ആരോ ഉമ്മയെ വഴക്ക് പറയുന്ന ശബ്ദം കേട്ടാണ് മൂന്നാം ദിവസം എഴുന്നേറ്റത്. ആനി ടീച്ചര്‍ ആയിരുന്നു. എങ്ങിനെയോ എന്റെ വീട് കണ്ടു പിടിച്ചു വന്നിരിക്കുകയാണ്.

'നസീര്‍ നന്നായി പഠിക്കുന്ന കുട്ടിയാണ്, നിങ്ങള്‍ കുട്ടികളെ സ്‌കൂളില്‍ വിട്ടില്ലെങ്കില്‍ പോലീസ് കേസ് ആകും എന്നറിയാമോ?'

ആ ഭീഷണിയില്‍ ഞങ്ങളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ നേരം മാത്രം ആദ്യമായി സ്‌കൂളില്‍ പോയ ഉമ്മ വിരണ്ടു

'അത് പിന്നെ ടീച്ചറെ, വീട്ടിലെ കാര്യങ്ങളുടെ ഇടയ്ക്കു നോക്കാന്‍ വിട്ടു പോയതാണ്, ഇനി ഞാന്‍ എല്ലാ ദിവസവും മുടങ്ങാതെ അയക്കാം '

കുറെ നാള്‍ വരെ ഞാനും ഉമ്മയും ടീച്ചര്‍ പറഞ്ഞത് ശരിക്കും വിശ്വസിച്ചു , മുടങ്ങാതെ സ്‌കൂളില്‍ പോവുകയും ചെയ്തു. സ്‌കൂളില്‍ ഏതാണ്ട് എല്ലാ കുട്ടികള്‍ക്കും അമ്മയെ പോലെ ആയിരുന്നു ആനി ടീച്ചര്‍.

സ്‌കൂളില്‍ നിന്ന് പോയതിനു ശേഷം ടീച്ചറെ ഞാന്‍ അധികം കണ്ടില്ല. വര്ഷങ്ങള്ക്ക് ശേഷം, ങഇഅ പഠനമെല്ലാം കഴിഞ്ഞു, ബാംഗ്ലൂരില്‍ ജോലിയും കിട്ടിയപ്പോള്‍ ആണ് എനിക്ക് ടീച്ചറെ കാണണം എന്ന് തോന്നിയത്. 1997 ല്‍ ആയിരുന്നു അത്. അപ്പോഴേക്കും ടീച്ചര്‍ വിരമിച്ചു കഴിഞ്ഞിരുന്നു. കുമ്പളങ്ങിയിലെ ടീച്ചറുടെ വീട്ടില്‍ പോയി.

എന്നെ കണ്ടപ്പോള്‍ ടീച്ചറിന് വളരെ സന്തോഷം ആയി. ഇത്രയും കുട്ടികളെ പഠിപ്പിച്ച ഒരാള്‍ എന്റെ പേര് ഓര്‍ക്കും എന്ന് തന്നെ ഞാന്‍ കരുതിയില്ല, ടീച്ചര്‍ ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും പേര് പറഞ്ഞു അവര്‍ ഇപ്പൊ എവിടെ ആണ് എന്നെല്ലാം എന്നോട് ചോദിച്ചു.

ചെറിയ ഒരു വീടായിരുന്നു ടീച്ചറിന്റെത്. ടീച്ചറിന്റെ പേരക്കുട്ടികള്‍ ആകാന്‍ പ്രായമുള്ള കുറെ ചെറിയ കുട്ടികള്‍ അവിടെയും ഇവിടെയും ഓടി കളിച്ചു കൊണ്ടിരുന്നു.

'ടീച്ചറിന്റെ മക്കള്‍ എല്ലാവരും എന്ത് ചെയ്യുന്നു? ' ഞാന്‍ ഒരു ഉപചാരത്തിനു ചോദിച്ചു .

ടീച്ചര്‍ ഓടികളിച്ചു കൊണ്ടിരുന്ന കുട്ടികളെ എല്ലാം കൂട്ടിനിര്‍ത്തി , എന്നിട്ട് പറഞ്ഞു

'ഇവരെല്ലാം എന്റെ കുട്ടികള്‍ ആണ്'

അപ്പോള്‍ കൂട്ടത്തില്‍ കുറച്ചു കുരുത്തം കേട്ടത് എന്ന് തോന്നിപ്പിച്ച ഒരു പീക്കിരി പറഞ്ഞു

'ആന്റി കല്യാണം കഴിച്ചിട്ടില്ല '

എനിക്ക് നാവ് വരണ്ടു പോയി. ടീച്ചര്‍ കല്യാണം കഴിച്ചിട്ടില്ല എന്ന് എനിക്കറിയില്ലായിരുന്നു.

'ഇതെല്ലം എന്റെ ആങ്ങളമാരുടെ മക്കളാണ് നസീറേ'

കൂടുതല്‍ ചോദ്യോത്തരങ്ങള്‍ ഉണ്ടായില്ല. ടീച്ചര്‍ സ്‌നേഹപൂര്‍വം തന്ന ചായയും കുടിച്ചു ഞാന്‍ യാത്ര പറഞ്ഞു ഇറങ്ങി.

മനസ്സില്‍ അമ്മയെ പോലെ ഞങ്ങളെ നോക്കിയ ടീച്ചറുടെ രൂപം ഓര്‍മ വന്നു. ആയിരക്കണക്കിന് കുട്ടികള്‍ക്ക് അമ്മയായ ടീച്ചര്‍. രണ്ടാം ക്ലാസ്സില്‍ പഠനം നിലച്ചു പോകേണ്ട എന്നെ വീട്ടില്‍ വന്നു സ്‌കൂളിലേക്ക് തിരിച്ചു കൊണ്ടുവന്ന ടീച്ചര്‍. ചെറുതായി കണ്ണ് നിറഞ്ഞു.

നോക്കൂ, പഠനം രണ്ടാം ക്ലാസ്സില്‍ നിലച്ചു പോകേണ്ടിയിരുന്ന ഒരു കുട്ടിയെ അവന്റെ മതവും സാമ്പത്തിക സ്ഥിതിയുമൊന്നും നോക്കാതെ സ്‌നേഹം കൊണ്ട് മാറ്റിയെടുത്ത ആനി ടീച്ചറെയാണ് ഞാന്‍ എല്ലാ സ്‌കൂളുകളിലും തിരയുന്നത്, കോണ്‍വെന്റ് സ്‌കൂളുകളില്‍ പ്രത്യേകിച്ചും. ഇപ്പോള്‍ വിവാദം നടന്ന സ്‌കൂളിലും തലയില്‍ തട്ടമിട്ടു വന്ന കുട്ടിയെ സ്‌നേഹത്തോടെ അധ്യാപകര്‍ ചേര്‍ത്ത് പിടിക്കണം. വിദ്യാഭ്യാസം മാത്രമാണ് ആളുകള്‍ക്ക് സാമ്പത്തികമായും സാംസ്‌കാരികമായും മതപരമായും സ്വാതന്ത്ര്യം നേടാനുള്ള ഒരേ ഒരു മാര്‍ഗം.

തലയില്‍ തട്ടമിട്ട കുട്ടിയെ ക്ലാസ്സില്‍ കയറ്റില്ലെന്ന് പറഞ്ഞ് മാറ്റി നിര്‍ത്തുമ്പോള്‍, ആ കുട്ടി ചെന്ന് ചേരാന്‍ പോകുന്നത് ഒരു പക്ഷെ തട്ടമിട്ടവര്‍ മാത്രമുള്ള ഒരു സ്‌കൂളിലോ ക്ലാസ്സിലോ ആയിരിക്കും. പല മതത്തില്‍ പെട്ട കുട്ടികള്‍ ഒരുമിച്ചിരുന്നു പഠിച്ചാല്‍ മാത്രമേ വ്യത്യസ്ത മതവിശ്വാസത്തില്‍ പെട്ട ഭൂരിഭാഗം ആളുകളും, പ്രത്യേകിച്ച് മതം തലക്ക് പിടിക്കാത്ത കുട്ടികള്‍, നമ്മളെ പോലെ തന്നെ സാധാരണ മനുഷ്യരാണെന്ന് നമുക്ക് നേരിട്ട് മനസിലാക്കാന്‍ കഴിയൂ. ഞാന്‍ ജീവിച്ച പള്ളുരുത്തി അങ്ങിനെ ഒരു ദേശമാണ്. എന്റെ ഏതാണ്ടെല്ലാ കൂട്ടുകാരും മറ്റു മതസ്ഥരാണ്. ബാപ്പയ്ക്ക് ഹാര്‍ട്ട് അറ്റാക്ക് വന്നു കിടന്ന സമയത്ത് ബ്ലഡ് ഡോണറ്റ് ചെയാന്‍ അനേകം കൂട്ടുകാര്‍ വന്നത് എന്റെ മതം നോക്കിയല്ല.

ഇക്കാര്യത്തില്‍ സ്‌നേഹവും കരുണയും കരുതലും മാറ്റി നിര്‍ത്തി ലോജിക്ക് മാത്രം നോക്കിയാല്‍, ഈ പെണ്‍കുട്ടിയും, തലയില്‍ തട്ടമിടേണ്ട എന്ന് പറഞ്ഞ കന്യസ്ത്രീയും എല്ലാം മതത്തിന്റെയും പുരുഷാധിപത്യത്തിന്റെയും ഒക്കെ ഇരകളാണെന്നു കാണാം. രണ്ടുപേരും ഒരേ പോലെ സഹതാപം അര്‍ഹിക്കുന്നവരാണ്. വസ്ത്ര സ്വാതന്ത്ര്യം എന്നൊക്കെ പറയാമെങ്കിലും, പല മത വസ്ത്രങ്ങളും, പ്രത്യേകിച്ച് സ്ത്രീകളുടെ വസ്ത്രങ്ങള്‍, നമ്മള്‍ കുട്ടികളായിരിക്കുമ്പോള്‍, അല്ലെങ്കില്‍ ഒരു വ്യവസ്ഥയുടെ അടയാളമായി നമ്മുടെ മേല്‍ അടിച്ചേല്പിക്കുന്നവയാണ്. അതുപോലെ തന്നെ കോടതി വിധി സ്‌കൂളിനാണോ കുട്ടിക്കാണോ അനുകൂലം എന്നൊക്കെ നമുക്ക് തലനാരിഴ കീറി പരിശോധിക്കാം. പക്ഷെ വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ കാരണങ്ങളാല്‍ വളരെ മുന്നോക്കം നില്‍ക്കുന്ന ക്രിസ്ത്യന്‍ സമുദായം, മറ്റുള്ളവരെ ചേര്‍ത്ത് പിടിക്കണം എന്നാണ് എന്റെ അഭിപ്രായം. അതില്‍ തലയില്‍ തട്ടമിടാത്ത കുട്ടികള്‍ക്ക് മാത്രമേ വിദ്യാഭ്യാസം നല്‍കൂ എന്ന് വാശി പിടിക്കുന്നത്, ഇപ്പോള്‍ തന്നെ കീരിയും പാമ്പും പോലെ നില്‍ക്കുന്ന മനുഷ്യരെ കൂടുതല്‍ അകറ്റാനേ ഉപകരിക്കൂ. അങ്ങിനെ അപരവത്കരിക്കപ്പെടുന്നവരാണ് കൂടുതല്‍ തങ്ങളുടെ മത ചിഹ്നങ്ങള്‍ അണിയാന്‍ പോകുന്നത്.

തലയില്‍ തട്ടമിട്ട് വന്ന പെണ്‍കുട്ടിയുടെ അദ്ധ്യാപകന്‍ യേശുക്രിസ്തു ആയിരുന്നെങ്കില്‍ അവളെ ചേര്‍ത്ത് പിടിച്ചേനെ എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. എന്റെ മനസിലെ ക്രിസ്തു അങ്ങിനെ ഒരാളാണ്. വെറുപ്പും വിദ്വേഷവും മാറ്റിവച്ച് നമുക്ക് സ്‌നേഹത്തോടെ നമ്മുടെ കുട്ടികളെ വളര്‍ത്താം.

ഒരുനാള്‍ മതമില്ലാത്ത ജീവനുകള്‍ ഈ വാര്‍ത്തയൊക്കെ കേട്ട് ചിരിക്കുന്ന കാലം വരുമായിരിക്കും എന്ന പ്രതീക്ഷയോടെ..

Summary

Nazeer Hussain writes about hijab raw in St. Rita's School, Palluruthy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com