

തിരുവനന്തപുരം: നെടുമങ്ങാട് പനവൂര്‍ കരിക്കുഴിയില്‍ കൊല്ലപ്പെട്ട ഒന്നര വയസുകാരന്‍ അര്‍ഷിദിന്റെ മരണ കാരണം രണ്ടാനച്ഛനായ അഷ്‌കറില്‍ നിന്ന് നെഞ്ചിലേറ്റ ചവിട്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അഷ്‌കറിന്റെ ചവിട്ടില്‍ അര്‍ഷിദിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. ഇതിനെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് ഉണ്ടായ പരിക്കാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തലയ്ക്കേറ്റ ക്ഷതം അഞ്ചിടത്ത് നീര്‍ക്കെട്ടുണ്ടാക്കിയെന്നും കോടതിയില്‍ പൊലീസ് അറിയിച്ചു. കുട്ടിയുടെ ശരീരത്തില്‍ 91 മുറിവുകള്‍ ഉണ്ടെന്നാണ് വിശദമായ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. കൊലപാതകത്തില്‍ അമ്മ അഖിലയ്‌ക്കെതിരെ പ്രേരണാക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. വിവാഹ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ കുഞ്ഞ് ഒരു ബാധ്യതയാകുമെന്ന് കരുതിയാണ് അഷ്‌കര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിനെ കൊല്ലാന്‍ അഷ്‌കര്‍ ഒരു മാസത്തോളം ആസൂത്രണം ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ ഭാഗമായി കുഞ്ഞ് കൊല്ലപ്പെടുന്നതിന് മുന്‍പും നിരവധി തവണ ക്രൂരമായി ഉപദ്രവിച്ചതായും പൊലീസ് പറയുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം നൂറോളം വലുതും ചെറുതുമായ പരിക്കുകള്‍ ഉണ്ടായിരുന്നതായും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ പകുതിയും പഴയ മുറിവുകളായിരുന്നുവെന്നും കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുറ്റം സമ്മതിച്ചിരുന്നു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അടിയേറ്റ കുഞ്ഞിന്റെ ബോധം നഷ്ടമായെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞിരുന്നു. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates