തിരുവനന്തപുരം: 'ഇവിടെ അടച്ചിടുന്നതിനുള്ള മാനദണ്ഡം ചെരുപ്പ് കട, ഫാന്‍സി കട, തുണിക്കട ഇതൊക്കേയാണ്. ചെരുപ്പ് പൊട്ടിയവനല്ലേ ചെരുപ്പ് വാങ്ങാന്‍ പോകുകയുള്ളൂ. ചെരുപ്പ് പൊട്ടാത്തവന്‍ ചെരുപ്പ് വാങ്ങാന്‍ കടയില്‍ പോകില്ല. ഫാന്‍സി കടയിലും തുണിക്കടയിലും ആവശ്യക്കാര്‍ മാത്രമേ പോകുകയുള്ളൂ. ബുദ്ധിമുട്ട് കൊണ്ടാണ് പറയുന്നത്. കഴിഞ്ഞ നാലുമാസമായി കടകള്‍ അടച്ചിട്ടിരിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു മാസത്തെ ശമ്പളം ലഭിച്ചില്ലെങ്കില്‍ ആരെങ്കിലും ഓഫീസില്‍ പോകുമോ. അവര്‍ക്ക് അസോസിയേഷന്‍ ഉണ്ട്, സംഘടനയുണ്ട്'- ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയിലായ അര്‍ഷാദ് എന്ന വ്യാപാരിയുടെ നെഞ്ചില്‍ തട്ടുന്ന വാക്കുകളാണിത്.
നെടുമങ്ങാട് നഗരസഭയില്‍ നടന്ന അവലോകനയോഗത്തില്‍ അര്‍ഷാദ് എന്ന വ്യാപാരി വ്യാപാരികളുടെ ബുദ്ധിമുട്ട് വിശദീകരിച്ച് കൊണ്ട് നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. 'കഴിഞ്ഞവര്‍ഷം ആറു ദിവസത്തെ ശമ്പളം കട്ട് ചെയ്തതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രതിഷേധിച്ചത് കണ്ടതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ മാസം നാലുദിവസം ജോലി ചെയ്താല്‍ മുഴുവന്‍ ശമ്പളം. നമ്മള്‍ കട അടച്ചിട്ടാല്‍ കടയുടെ ലോണ്‍, അഡ്വാന്‍സ് അങ്ങനെ എത്ര വ്യാപാരികളാണ് ആത്മഹത്യയുടെ വക്കിലാണ് എന്ന് പറഞ്ഞ് വിളിക്കുന്നത്. ഇനിയും അടച്ചിട്ടാല്‍ ആത്മഹത്യയല്ലാതെ വഴിയില്ല. എവിടെ നിന്നാണ് വരുമാനം. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടില്ല. വാടക ഇളവ് പ്രഖ്യാപിച്ചിട്ടില്ല. സ്വയം തൊഴില്‍ ചെയ്യുന്നവരാണ്. ഭാര്യയുടെ കെട്ടുതാലി വരെ പണയം വെച്ച് അഡ്വാന്‍സ് നല്‍കിയവരുണ്ട്. കോവിഡിനെ എല്ലാവര്‍ക്കും പേടിയുണ്ട്. ജീവനില്‍ ഭയമുണ്ട്. എന്നാല്‍ ജീവിക്കണം. മൈക്രോ കണ്ടെയ്ന്‍മെന്റ് സോണ്‍ പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തണം. വാര്‍ഡ് തലത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം. ആരും പുറത്തുവരാത്തവിധം നിയന്ത്രണം ഏര്‍പ്പെടുത്തണം. അല്ലാതെ ഒരു പ്രദേശം മുഴുവന്‍ അടച്ചിട്ടിട്ട് അവിടെ നിന്ന് പുറത്തിറങ്ങി തിരുവനന്തപുരം നഗരത്തില്‍ പോയി സാധനങ്ങള്‍ വാങ്ങാന്‍ അനുവദിച്ചാല്‍ ഇവിടത്തെ വ്യാപാരികള്‍ക്കാണ് കച്ചവടം നഷ്ടപ്പെടുന്നത്.'
'കാസര്‍കോട്ടേക്ക് തിരുവനന്തപുരത്ത് നിന്ന് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്ന റിസ്‌കൊന്നുമില്ല. ഒരു കണ്ടക്ടര്‍ തന്നെയാണ് മുഴുവന്‍ യാത്രയിലും ടിക്കറ്റ് കീറി കൊടുക്കുന്നത്. സാനിറ്റൈസര്‍ ഒന്നും ബസില്‍ ഉപയോഗിക്കുന്നില്ല. ബസില്‍ കയറുന്നവര്‍ക്കെല്ലാം കോവിഡ് ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഏതെങ്കിലും പൊലീസുകാര്‍ ബസില്‍ കൂടുതല്‍ ആളുകള്‍ ഉണ്ട് എന്ന് പറഞ്ഞ് തടയുന്നുണ്ടോ?, പെറ്റി അടിക്കുന്നുണ്ടോ? നിവൃത്തി ഇല്ലാതെയാണ് ഇങ്ങനെ പറയുന്നത്. ഇനി പിടിച്ചുനില്‍ക്കാനാവില്ല. ആത്മഹത്യയുടെ വക്കിലാണ്'- അര്‍ഷാദ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates