

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിൽ പൊലീസിന് വീഴ്ചയുണ്ടായ സംഭവത്തിൽ എസ്എച്ച്ഒ മഹേന്ദ്രസിംഹന് സസ്പെൻഷൻ. ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതി ചെന്താമരയുടെ ജാമ്യം റദ്ദാക്കാനുള്ള നടപടികള്‍ എസ്എച്ച്ഒയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നെന്മാറ പൊലീസ് പഞ്ചായത്ത് പരിധിയിൽ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ലംഘിച്ച് ചെന്താമര പോത്തുണ്ടിയിലെ വീട്ടിലെത്തിയ വിവരമറിയിച്ചിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് ബന്ധുക്കളും പ്രദേശവാസികളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സുധാകരന്റെയും മകളുടെയും പരാതി അവഗണിച്ചത് പൊലീസിന്റെ ഭാഗത്തു നിന്നു സംഭവിച്ച ഗുരുതര വീഴചയാണെന്ന് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടിയിരുന്നു. ജാമ്യ ഉത്തരവിന്റെ പകർപ്പ് സ്റ്റേഷനിലുണ്ടായിരുന്നില്ലെന്ന എസ്എച്ച്ഒയുടെ വിശദീകരണം തള്ളിക്കൊണ്ടുള്ള റിപ്പോർട്ടാണ് എസ്പി സമർപ്പിച്ചതെന്നുള്ള വിവരങ്ങൾ മുമ്പ് പുറത്തുവന്നിരുന്നു.
അതേസമയം കൊലയ്ക്കു ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. നാലു സംഘങ്ങളായി തിരിഞ്ഞാണ് ചെന്താമരയെ പൊലീസ് അന്വേഷിക്കുന്നത്. നാട്ടുകാരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ പ്രതി ചെന്താമര ജാമ്യത്തിലിറങ്ങി സുധാകരനെയും അമ്മ ലക്ഷ്മിയേയും വെട്ടിക്കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 30-നാണ് സജിത കൊല്ലപ്പെട്ടത്.
ചെന്താമരയുടെ ഭാര്യ അയാളുമായി പിരിയാൻ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കേസിൽ അടുത്ത മാസം വിചാരണ തുടങ്ങാനിരിക്കേയാണ് പ്രതി ചെന്താമര വിയ്യൂർ ജയിലിൽ നിന്ന് ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
