തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടന്നത് ആസൂത്രിത ആക്രമണങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇതുവരെ ഉണ്ടാകാത്ത തരം ആക്രമണങ്ങളാണ് ഉണ്ടായത്. മുഖംമൂടി ആക്രമണങ്ങളും പോപ്പുവര്‍ ഫ്രണ്ട് നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള സീനിയര്‍ പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്രമികളില്‍ കുറച്ചുപേരെ പിടികൂടി. ബാക്കിയുള്ളവരെ രക്ഷപ്പെടാന്‍ അനുവദിക്കില്ല. കൂടുതല്‍ കരുത്തുറ്റ നടപടികള്‍ ഈവിഷയത്തില്‍ പൊലീസ് സ്വീകരിക്കും. സാധാരണ കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നവര്‍ സ്വീകരിക്കുന്ന നിയതമായ മാര്‍ഗങ്ങളുണ്ട്. എന്നാല്‍ അതിന് വ്യത്യസ്തമായ സമീപനമാണ് ഇക്കൂട്ടര്‍ സ്വീകരിച്ചത്. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും സംഘടിതമായ, ആക്രമണോത്സുകമായ ഇടപെടല്‍ അവരുടെ ഭാഗത്തുനിന്നുണ്ടായി. ഒരുപാട് നാശനഷ്ടങ്ങളുണ്ടായി. ബസ്സുകള്‍ക്ക് നേരെ വലിയ തോതില്‍ ആക്രമണം നടത്തി. മുഖംമൂടി ധരിച്ച്, നേരത്തെ ആസൂത്രണം ചെയ്ത രീതിയിലുള്ള ആക്രമണങ്ങള്‍ നടപ്പിലാക്കി. ഡോക്ടര്‍ പോലും ആക്രമിക്കപ്പെട്ട സ്ഥിതിയുണ്ടായി. അടുത്ത കാലത്തൊന്നും ഉണ്ടാകാത്ത അക്രമ സംഭവങ്ങളാണ് അരങ്ങേറിയത്.- അദ്ദേഹം പറഞ്ഞു.
പൊലീസ് സേനയുടെ സമയോജിത ഇടപെടലിലൂടെയാണ് ചില സംഭവങ്ങളുണ്ടായപ്പോള്‍ അത് കലാപന്തരീക്ഷമായി മാറാതെ തടയാന്‍ സാധിച്ചത്. അക്രമ സംഭവങ്ങളില്‍ പൊലീസ് ഫലപ്രദമായി ഇടപെട്ടു. മുഖം നോക്കാതെ വര്‍ഗീയ ശക്തികള്‍ക്ക് എതിരെ ഫലപ്രദമായ നടപടിയുണ്ടായി. ഇനിയും അതേ രീതിയില്‍ തുടരണം.- അദ്ദേഹം പറഞ്ഞു.
ഭൂരിപക്ഷ വര്‍ഗീയതയുടെ ഇരയാകുന്ന ന്യൂനപക്ഷത്തിന്റെ അമര്‍ഷത്തെ തെറ്റായ രീതിയില്‍ തിരിച്ചുവിടാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണ്. ഇന്ത്യയില്‍ ന്യൂനപക്ഷ വര്‍ഗീയതയുടെ ഭാഗമായിട്ടുള്ള ഒട്ടേറെ നീക്കങ്ങള്‍ പലയിടത്തും സംഭവിച്ചിട്ടുണ്ട്. ഭൂരിപക്ഷ വര്‍ഗീയത നടത്തുന്ന ആക്രമങ്ങളില്‍ നിന്ന് ന്യൂനപക്ഷത്തെ സംരക്ഷിക്കാന്‍ ന്യൂനപക്ഷം പ്രത്യേകം സംഘടിച്ചതുകൊണ്ട് കഴിയുന്ന ഒന്നല്ല. അത് ആത്മഹത്യാപരമായ നീക്കമാണ്. ഒരു വര്‍ഗീയതയെ മറ്റൊരു വര്‍ഗീയതകൊണ്ടാകില്ല. ഇതുരണ്ടും ഒരേപോലെ എതിര്‍ക്കപ്പെടണം.- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates