

കൊച്ചി: പാചകവാതക വിലവര്‍ധനയെ തുടര്‍ന്നു തുടക്കത്തില്‍ പല ചെറുകിട ഹോട്ടലുകളും അടച്ചിട്ടെങ്കിലും ജീവിക്കാന്‍ വേണ്ടി അടുക്കളയുടെ മുഖഛായ മാറ്റി പുതിയ പരീക്ഷണങ്ങളിലേക്ക് കടന്നിരിക്കുകയാണ് ഹോട്ടല്‍ ഉടമകള്‍. ഗ്യാസിന്റെ വില വര്‍ധനയും സിലിണ്ടറുകളുടെ ലഭ്യതക്കുറവും മൂലം ഗ്രാമീണ മേഖലകളില്‍ വരെ പല ഹോട്ടലുകളും അടച്ചിട്ടിരുന്നു. ഈ സാഹചര്യത്തില്‍ പലരും അടുക്കളകളില്‍ വിറക് അടുപ്പുകള്‍ നിര്‍മ്മിച്ചാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ഹോട്ടലുകളുടെ അടുക്കളകളില്‍ വിറകടുപ്പ് നിര്‍മിക്കാന്‍ ബുദ്ധിമുട്ടുണ്ട്.
ഇത്തരക്കാര്‍ക്ക് ഉപയോഗിക്കാനായി ഇരുമ്പില്‍ നിര്‍മിച്ച പുതിയ തരം അടുപ്പുകള്‍ വിപണിയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. വിറക് ഉപയോഗിക്കാവുന്ന രീതിയില്‍ ഇരുമ്പുകൊണ്ട് നിര്‍മിച്ച ഇവ ആവശ്യമായ ഇടങ്ങളിലേക്ക് മാറ്റി വയ്ക്കാനും സാധിക്കും. ചായ ഉണ്ടാക്കുന്നതിനും പൊറോട്ടയും ദോശയും ഉള്‍പ്പെടെ ഉണ്ടാക്കുന്നതിനും വ്യത്യസ്തമായ ആകൃതിയിലാണ് ഇവയുടെ നിര്‍മാണം. അടുപ്പില്‍നിന്ന് പുക പുറത്തേക്ക് പോകാന്‍ ഫാനുകളും ഘടിപ്പിച്ചിട്ടുണ്ട്.
വലിപ്പത്തിന് അനുസരിച്ച് 1000 മുതല്‍ 2000 രൂപ വരെയാണ് വില. പുതിയ സാഹചര്യത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്ക് ഏറെ ആശ്വാസമാവുകയാണ് ഇത്തരം അടുപ്പുകള്‍. ആയിരത്തോളം രൂപയുടെ വില വര്‍ധനയാണ് ഒരു സിലിണ്ടറിന്റെ മുകളില്‍ ഉണ്ടായിരിക്കുന്നത്. 19 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന് നിലവില്‍ 3500 രൂപ വരെ ചെലവ് വരുന്നു. സാധാരണ ഗ്രാമങ്ങളിലെ ചെറുകിട ഹോട്ടലുകളില്‍ വരെ ആഴ്ചയില്‍ രണ്ടു സിലിണ്ടറുകള്‍ ചെലവാകുന്നുണ്ട്. ഇത്തരത്തില്‍ 7000 രൂപയ്ക്ക് മുകളില്‍ ഗ്യാസ് സിലിണ്ടറിന് മാത്രം ചെലവഴിക്കേണ്ടി വരും. ഈ പ്രതിസന്ധി മറികടക്കാന്‍ ആണ് പുതിയ സംവിധാനം പരീക്ഷിക്കുന്നത്. പാചകവാതക ക്ഷാമം മൂലം അടച്ചിട്ടിരിക്കുന്ന കടകളില്‍ പലതും പുതിയ സംവിധാനം ഉപയോഗപ്പെടുത്തി തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates