

തിരുവനന്തപുരം: ഭൂമി തരംമാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിന് ജൂലൈ ഒന്നു മുതല്‍ പുതിയ സംവിധാനം നിലവില്‍ വരും. ഇതിന്റെ ഔപചാരിക ഉദ്ഘാടനം ജൂലൈ ഒന്നിന് തിരുവനന്തപുരം കലക്ടറേറ്റില്‍ നടക്കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ അറിയിച്ചു. ഇതുവരെ സംസ്ഥാനത്ത് 27 ആര്‍ഡിഒ/സബ് കളക്ടര്‍മാര്‍ തീര്‍പ്പ് കല്‍പ്പിച്ചിരുന്ന തരംമാറ്റ പ്രക്രിയ ഇനിമുതല്‍ 71 ഡെപ്യൂട്ടി കലക്ടര്‍മാര്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്നും മന്ത്രി വിശദീകരിച്ചു.
ഡെപ്യൂട്ടി കലക്ടര്‍മാരെ സഹായിക്കാന്‍ 68 ജൂനിയര്‍ സൂപ്രണ്ട് തസ്തികയും 181 ക്ലര്‍ക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സര്‍വെയര്‍മാരെ താത്കാലികമായി നിയമിക്കാനും 220 വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കാനും ഉത്തരവിട്ടിട്ടുണ്ട്. ആവശ്യമായ സോഫ്റ്റ്വെയര്‍ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂര്‍ത്തികരിച്ചു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകള്‍ ഓരോ ആര്‍ഡിഒ ഓഫീസുകളിലും ലഭിക്കുന്നുണ്ട്. ഭൂ നികുതി ഉള്‍പ്പടെ പ്രധാന ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴിയാക്കി തുടങ്ങിയതോടെയാണ് ഭൂമി തരംമാറ്റത്തിനായി ഇത്രയധികം അപേക്ഷകള്‍ വരാനിടയായതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 4,26,902 ലക്ഷം അപേക്ഷകളാണ് തരമാറ്റത്തിനായി ഇതുവരെ ലഭിച്ചത്. ഇതില്‍ 98 ശതമാനവും തീര്‍പ്പുകല്‍പ്പിച്ചു. 3,660 അപേക്ഷകള്‍മാത്രമാണ് പലവിധ കാരണങ്ങളാല്‍ തീര്‍പ്പാകാതെ കിടക്കുന്നത്.
ജോലിത്തിരക്കുള്ള ആര്‍ഡിഒ ഓഫീസുകളില്‍ ഇത്തരത്തില്‍ കുന്നുകൂടിയ പതിനായിരക്കണത്തിന് അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വന്നു. സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മുന്‍ഗണന നല്‍കാതിരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തരംമാറ്റ നടപടികള്‍ ഓണ്‍ലൈനാക്കി. ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന 990 ജീവനക്കാരെ താല്‍ക്കാലികമായി ആറ് മാസത്തേക്ക് നിയമിക്കാനും 340 വാഹനങ്ങളും ഐടി അനുബന്ധ ഉപകരണങ്ങള്‍ക്കായി 5.99 കോടി രൂപയും അനുവദിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓണ്‍ലൈന്‍ വഴി തരംമാറ്റത്തിനായി 4,52,215 ലക്ഷം അപേക്ഷകള്‍ ലഭിച്ചിരുന്നു. ഇതില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് 1,78,620 അപേക്ഷകള്‍ തീര്‍പ്പാക്കിയിട്ടുണ്ട്. ശേഷിക്കുന്ന 2,73,595 എണ്ണം പരിശോധിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് ഇ-ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ സംവിധാനങ്ങളും പ്രയോജനപ്പെടുത്തിയാണ് ഒന്നാം തീയതി മുതല്‍ താലൂക്കടിസ്ഥാനത്തില്‍ തരം മാറ്റ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates