

കൊച്ചി: പതുവത്സര ആഘോഷത്തിനു മദ്യപിച്ചു ഫിറ്റായാലും സാരമില്ല! വീട്ടിലെത്തിക്കാൻ ആളുണ്ട്. എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർടിഒ) പുതുവഴിയാണ് ഇതിനായി ഒരുക്കിയത്. പുതുവത്സര ആഘോഷത്തോടനുബന്ധിച്ചു എറണാകുളത്തെ ബാർ ഹോട്ടലുകളിൽ പ്രൊഫഷണൽ ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കാനാണ് ആർടിഒ നിർദ്ദേശം. പുതുവത്സരത്തിനു മദ്യപിച്ചു വാഹനമോടിക്കുന്നതു തടയാനാണ് ആർടിഒ പുതുവഴി അവതരിപ്പിച്ചത്.
മദ്യപിച്ചു വാഹനമോടിക്കുന്നതു മൂലമുണ്ടാകുന്ന റോഡപകടങ്ങൾ തടയുന്നതിന്റെ ഭാഗമായാണു ബാറുകൾ ഉള്ള എല്ലാ ഹോട്ടലുകളും ഡ്രൈവർമാരുടെ സേവനം ലഭ്യമാക്കണമെന്നു നിർദ്ദേശിച്ചത്. ഹോട്ടലുകൾ പ്രൊഫഷണൽ ഡ്രൈവർമാരെ ഇതിനായി ക്രമീകരിക്കണം. ഹോട്ടലുകളിൽ എത്തുന്നവരോട് ഇത്തരം ഡ്രൈവർമാരുടെ സേവനമുണ്ടെന്നു അറിയിക്കണം. നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യങ്ങളും ഒരുക്കണം.
ഡ്രൈവറെ നൽകുക മാത്രമല്ല ഹോട്ടലുകാർ വേണ്ടത്. മദ്യപിച്ച് വാഹനമോടിക്കുന്നതിന്റെ അപകടത്തെക്കുറിച്ചു ഉപഭോക്താക്കളുമായി ആശയ വിനിമയം നടത്തണമെന്നും ആർടിഒ നിർദ്ദേശത്തിലുണ്ട്. ഇക്കാര്യം ഹോട്ടലുകളിൽ ശരിയായി കാണാവുന്ന വിധത്തിൽ പ്രദർശിപ്പിക്കണം. ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കുന്ന ഉപഭോക്താക്കൾ അതിനെക്കുറിച്ചു പറയുന്നത് രജിസ്റ്ററ്‍ രേഖപ്പെടുത്തണം. ഇത് അധികൃതർ പരിശോധിക്കും.
ഡ്രൈവർമാരുടെ സേവനം ഉപയോഗിക്കാൻ വിസമ്മതിക്കുകയും മദ്യ ലഹരിയിൽ വാഹനമോടിക്കാൻ ശ്രമിക്കുകയോ ചെയ്താൽ ഹോട്ടൽ അധികൃതർ ഉടനെ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ ആർടിഒയെയോ അറിയിക്കണം. ഈ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പിലെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടിയെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
