

കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ് കേസ് പ്രതി ഷാറൂഖ് സെയ്ഫിയുടെ പിതാവിനെ ചോദ്യം ചെയ്യാൻ എൻഐഎ. ഡൽഹി ശാഹീൻബാഗ് സ്വദേശിയായ ഫക്രുദ്ദീന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയെന്നാണ് വിവരം. കൊച്ചി ഓഫിസിൽ എത്താനാണ് ആവശ്യപ്പെട്ടത്.
ഷാറൂഖ് സെയ്ഫി അറസ്റ്റിലായതിനു പിന്നാലെ കേരള പൊലീസും ഡൽഹി സ്പെഷൽ പൊലീസും ഫക്രുദ്ദീൻ അടക്കമുള്ളവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങൾ ശേഖരിച്ചതിനു പിന്നാലെയാണ് ചോദ്യം ചെയ്യാനുള്ള തീരുമാനം. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് എൻഐഎ കൊച്ചി യൂണിറ്റ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. ഷാറൂഖ് സെയ്ഫിയെ കസ്റ്റഡിയിൽ വാങ്ങാനും എൻഐഎ തീരുമാനിച്ചിട്ടുണ്ട്. സംഭവത്തിനു പിന്നിലുള്ള ഗൂഢാലോചനയും ആസൂത്രണവും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കും.
ഏപ്രിൽ രണ്ടിനാണ് ആലപ്പുഴ-കണ്ണൂർ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസിൽ തീവയ്പുണ്ടായത്. അക്രമി പെട്രോൾ യാത്രക്കാർക്കു നേരെ ഒഴിച്ചു തീവയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ യാത്രക്കാരിൽ മൂന്നു പേരെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു. സംഭവം നടന്നതിന്റെ മൂന്നാം ദിവസം മഹാരാഷ്ട്രയിലെ രത്‌നഗിരിയിൽനിന്ന് ഷാറൂഖ് സെയ്ഫിയെ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ നിയമവിരുദ്ധ പ്രവർത്തനത്തിലേർപ്പെടൽ നിയമത്തിലെ (യുഎപിഎ) 16ാം വകുപ്പ് ചുമത്തി. ഇതോടെ കേസ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറി.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates