

തിരുവനന്തപുരം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പു പ്രചാരണം കഴിഞ്ഞതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പു സമവാക്യങ്ങള്‍ പുതിയ തലത്തിലേക്ക്. വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിതരായ, എ ഗ്രൂപ്പ് നേതാക്കള്‍ പിസി വിഷ്ണുനാഥും ഷാഫി പറമ്പിലും പുതിയ അധികാര കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും ഇവരുടെ ആശിര്‍വാദത്തോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ ആരെയും വകവയ്ക്കാതെ പ്രവര്‍ത്തിക്കുകയാണെന്നുമാണ് പാര്‍ട്ടിയില്‍ ഉയരുന്ന വിമര്‍ശനം. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇവര്‍ക്കു സംരക്ഷണം ഒരുക്കുകയാണെന്നും ഐ ഗ്രൂപ്പിലെയും പഴയ എ ഗ്രൂപ്പിലെയും നേതാക്കള്‍ പറയുന്നു.
ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനാല്‍, പാര്‍ട്ടി പുനസ്സംഘടനയിലെ അതൃപ്തി ഒതുക്കിവച്ച നേതാക്കള്‍ പ്രചാരണം തീര്‍ന്നതോടെ പരാതിയുമായി നേതൃത്വത്തെ സമീപിച്ചിരിക്കുകയാണ്. പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ചപ്പോള്‍ ഐയിലെയും പഴയ എ ഗ്രൂപ്പിലെയും നേതാക്കളെ തഴഞ്ഞെന്ന് ഇവര്‍ പറയുന്നു. ഇങ്ങനെയല്ല പുനസ്സംഘടന നടത്തേണ്ടത്. 2016ലെയും 2021ലെയും തോല്‍വിക്കു ശേഷം ഗ്രൂപ്പു പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ധാരണയുണ്ടായിരുന്നു. യോഗ്യത അനുസരിച്ച് എല്ലാവരെയും പരിഗണിക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. അതനുസരിച്ചു കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിഷ്ണനാഥിനെയും ഷാഫിയെയും നിയമിച്ചതില്‍ ഇതെല്ലാം ലംഘിക്കപ്പെട്ടെന്ന് ഒരു യുവ നേതാവ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പറഞ്ഞു.
പിണറായി സര്‍ക്കാരിനെതിരായ കോണ്‍ഗ്രസ് ആക്രമണങ്ങളില്‍ മുന്‍നിരയിലുള്ള മാത്യു കുഴല്‍നാടനെപ്പോലെയുള്ളവരെ പുനസ്സംഘടനയില്‍ അവഗണിച്ചെന്ന് നേതാക്കള്‍ പറയുന്നു. റോജി എം ജോണ്‍, സിആര്‍ മഹേഷ്, ചാണ്ടി ഉമ്മന്‍, ഹൈബി ഈഡന്‍, കെ ശബരിനാഥ്, കെഎം അഭിജിത്, അലോഷ്യസ് സേവ്യര്‍, അബിന്‍ വര്‍ക്കി തുടങ്ങിയവരെയും പരിഗണിക്കേണ്ടതായിരുന്നു. എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ടതിനു ശേഷവും രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ആയി തുടരുന്നതും അവര്‍ ചൂണ്ടിക്കാട്ടുന്നു.
നിലമ്പൂരിലെ ഷാഫിയുടെയും വിഷ്ണുനാഥിന്റെയും രാഹുലിന്റെയും പ്രചാരണ ശൈലിയിലും പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്. യഥാര്‍ഥ രാഷ്ട്രീയം വിട്ട് സോഷ്യല്‍ മീഡിയയ്ക്കു വേണ്ടിയുള്ള റീല്‍ രാഷ്ട്രീയമാണ് അവര്‍ കളിക്കുന്നത്. പ്രചാരണത്തിനിടെ രാഹുലിന്റെ പെരുമാറ്റം അനാവശ്യ വിവാദങ്ങളുണ്ടാക്കി. പുതിയ അധികാര കേന്ദ്രത്തിന്റെ സ്വാധീനം കെപിസിസി പ്രസിഡന്റിനും മുകളിലായതിനാല്‍ രാഹുലിനെ തിരുത്താനാവുന്നില്ലെന്നും ഇവര്‍ ആരോപിക്കുന്നു.
വടകരയില്‍നിന്നുള്ള ഷാഫിയുടെ ജയത്തിനു ശേഷമാണ് എ ഗ്രൂപ്പിലെ സമവാക്യങ്ങള്‍ മാറിമറിഞ്ഞത്. ഷാഫി നിര്‍ദേശിച്ചതു പ്രകാരം പാലക്കാട്ട് രാഹുലിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. ഐ ഗ്രൂപ്പ് ആണെങ്കില്‍ രമേശ് ചെന്നിത്തലയ്ക്കും കെ സുധാകരനും ശേഷം കാര്യമായ പദവികള്‍ ഒന്നുമില്ലാത്ത നിലയിലാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ആണെങ്കില്‍ ഇവരില്‍നിന്നെല്ലാം അകലം പാലിക്കുകയും ചെയ്യുന്നു. ചുരുക്കത്തില്‍ ഷാഫിയും വിഷ്ണുനാഥുമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അവര്‍ക്കു സംരക്ഷണമൊരുക്കുന്നത് വിഡി സതീശനും. പാര്‍ട്ടിയില്‍ ഗോഡ്ഫാദര്‍മാര്‍ ഇല്ലാത്തവര്‍ തഴയപ്പെടുകയാണ്- പരാതിയുള്ള നേതാക്കള്‍ പറയുന്നു.
As curtains fall on the campaigns in Nilambur bypoll, Congress politics is witnessing the emergence of new 'A' group leaders in the form of PC Vishnunath and Shafi Parambil, much to the discontent of a large section of other youth leaders
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates