

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മൂന്നു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. രണ്ടു ജില്ലകളില്‍ കണ്ടെയ്‌ന്മെന്റ് സോണുകളുമുണ്ട്. പ്രദേശത്തെ മൂന്ന് സ്‌കൂളുകള്‍ താല്‍ക്കാലികമായി അടയ്ക്കാന്‍ മണ്ണാര്‍ക്കാട് എഇഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മൂന്നു ജില്ലകളിലും ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി. 26 കമ്മിറ്റികള്‍ വീതം മൂന്നു ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പൊലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്.
പാലക്കാട് നാട്ടുകല്‍ സ്വദേശിനിക്കാണ് ഏറ്റവുമൊടുവില്‍ നിപ സ്ഥിരീകരിച്ചത്. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള പരിശോധനാ ഫലം പോസിറ്റീവ് ആണ്. നൂറിലേറെ പേര്‍ ഹൈ റിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലുണ്ട്. നാട്ടുകല്‍ കിഴക്കുംപുറം മേഖലയിലെ മൂന്നുകിലോമീറ്റര്‍ പരിധി കണ്ടെയ്ന്‍മെന്റ് സോണായി ആരോഗ്യവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.
നിപ ബാധിച്ച നാട്ടുകല്‍ സ്വദേശിനിയായ 38 കാരി ഇപ്പോള്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. 20 ദിവസം മുമ്പാണ് ഇവര്‍ക്ക് പനി ആരംഭിച്ചത്. മക്കള്‍ക്കും ബന്ധുക്കള്‍ക്കും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്. ഈ മേഖലയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. തച്ചനാട്ടുകരയിലെ 7,8,9,11 വാര്‍ഡുകള്‍, കരിപ്പുഴ പഞ്ചായത്തിലെ 17,18 വാര്‍ഡുകളും കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.
മലപ്പുറത്ത് സ്വകാര്യ ആശുപത്രിയില്‍ മരിച്ച 18 കാരിക്കും നിപയാണെന്ന് സംശയമുണ്ട്. പ്രാഥമിക പരിശോധനയില്‍ നിപ വൈറസ് ബാധ കണ്ടെത്തിയതിനെത്തുടര്‍ന്ന്, സ്ഥിരീകരണത്തിനായി പൂനെ വൈറോളജി ലാബിലേക്ക് സാംപിള്‍ അയച്ചിരിക്കുകയാണ്. ഈ മാസം ഒന്നാം തീയതിയാണ് പെണ്‍കുട്ടി മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ് മോര്‍ട്ടം നടത്തിയത്. നിപ സംശയത്തെത്തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറും മറ്റ് ജീവനക്കാരും ക്വാറന്റീനില്‍ പ്രവേശിച്ചു.
Alert issued in three districts in the wake of Nipah being confirmed again in the state. The health department has issued an alert in Palakkad, Malappuram and Kozhikode districts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates