

മരിക്കുന്നതിന് മുന്‍പ് നടന്‍ സലിംകുമാര്‍ താന്‍ ചികിത്സാ തട്ടിപ്പുകള്‍ക്ക് വിധേയനായിട്ടുണ്ടെന്നും ഇത്തരം തട്ടിപ്പുകളില്‍ മറ്റാരും വീഴരുതെന്നുമുള്ള വിഡിയോ ഇന്റര്‍വ്യൂ ഇപ്പോഴും സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഈ വിഡിയോയില്‍ സന്ന്യാസിയും പാരമ്പര്യ ചികിത്സകനുമായ നിര്‍മലാനന്ദഗിരി സ്വാമിയുടെ ചികിത്സയെ സലിംകുമാര്‍ വിമര്‍ശിക്കുന്നുണ്ട്. താന്‍ ചികിത്സ തേടിയപ്പോള്‍ നിര്‍മലാനന്ദഗിരി പറഞ്ഞത് 51 ദിവസത്തിനുള്ളില്‍ ലിവര്‍ സിറോസിസ് മാറ്റിത്തരും എന്നായിരുന്നു. നിലംപരണ്ട എന്നൊരു മരുന്ന് പറിച്ച് കഞ്ഞിയിലിട്ട് കുടിപ്പിക്കലായിരുന്നു നിര്‍മ്മലാനന്ദഗിരി നല്‍കിയ ചികിത്സ. എത്ര കുടിച്ചിട്ടും രോഗം ഭേദമാവാതെ വന്നപ്പോള്‍ താന്‍ നിര്‍മ്മലാനന്ദ ഗിരിയെ വിളിച്ചെന്നും അപ്പോള്‍ അദ്ദേഹം കാന്‍സറിന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നെല്ലാമാണ് സലിംകുമാര്‍ ഇന്റര്‍വ്യൂവില്‍ പറഞ്ഞത്.
ഇപ്പോള്‍ ആത്മീയ ആചാര്യനും വര്‍ക്കല ശ്രീനാരായണ ഗുരുകുലം അധ്യക്ഷനുമായിരുന്ന മുനി നാരായണപ്രസാദ് നിര്‍മലാനന്ദഗിരി സ്വാമിയെ പ്രകീര്‍ത്തിച്ച് പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. നിര്‍മലാനന്ദഗിരി സ്വാമി ഒരപൂര്‍വ വൈദ്യന്‍ ആണെന്നും അദ്ദേഹത്തിന്റെ ചികിത്സയില്‍ തന്റെ അസുഖം മാറിയെന്നും മുനി നാരായണപ്രസാദ് പറഞ്ഞതായുള്ള ഫെയ്‌സ്ബുക്ക് കുറിപ്പാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. 'രോഗ വിവരം ചോദിക്കാതെ ഇങ്ങനെ ഫലപ്രദമായ ചികിത്സ നിശ്ചയിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. പില്‍ക്കാലത്താണ് അറിയുന്നത് രോഗിയെ കാണുമ്പോള്‍ തന്നെ സ്വാമിജിക്കു രോഗം മനസിലാകും എന്നും ഉടനെ ചികിത്സ നിശ്ചയിക്കുമെന്നും. ഒരു രോഗി ചെന്നു രോഗലക്ഷണം പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ സ്വാമിജി മരുന്നുകള്‍ പറയും, അടുത്തിരിക്കുന്ന ശിഷ്യന്മാര്‍ കുറിപ്പടി തയ്യാറാക്കുകയും ചെയ്യും. ആകെക്കൂടെ ഒരു രോഗിക്കെടുക്കുന്ന സമയം രണ്ടുമിനിട്ട് മാത്രം.'- മുനി നാരായണപ്രസാദിന്റെ വാക്കുകള്‍. കാലടിയിലെ ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായ കവിത രാമന്‍ ആണ് നിര്‍മലാനന്ദഗിരി സ്വാമിയെ കുറിച്ച് മുനി നാരായണപ്രസാദ് പറഞ്ഞ കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
കുറിപ്പ്:
നിര്‍മലാനന്ദഗിരി സ്വാമി ഒരപൂര്‍വ വൈദ്യന്‍:-
:-മുനി നാരായണപ്രസാദ്
സ്വാമി നിര്‍മ്മലാനന്ദ ഗിരി മഹാരാജുമായി നേരിട്ട് പരിചയം ആകാന്‍ ഇടയായത് ഞാന്‍ അസുഖം ബാധിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടക്കുമ്പോഴാണ്. രണ്ടു കാലും തളര്‍ത്തി കളഞ്ഞ ഡയബട്ടിക് ന്യൂറോപ്പതി, പ്രോസ്‌ട്രേറ്റ് കാന്‍സര്‍, മാക്രോ ബയോട്ടിക് ചികിത്സ എടുത്തതിന്റെ ഫലമായി കണക്കിലധികം ശോഷിച്ചുപോയ ശരീരം, മൂത്ര തടസം, രക്ത സമ്മര്‍ദ്ദം തുടങ്ങിയ പലവിധ രോഗലക്ഷണങ്ങള്‍ അടങ്ങുന്ന അതീവ സങ്കീര്‍ണമായ ഒരു രോഗാവസ്ഥയായിരുന്നു എന്റേത്.
എന്റെ ചികിത്സയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുവാനായി കൈവല്യാനന്ദ സ്വാമിജി അദ്ദേഹത്തെ അവിടെ വിളിച്ചു വരുത്തുകയായിരുന്നു. അതിനുമുമ്പ് നിര്‍മ്മലാനന്ദ സ്വാമിജിയെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. യാദൃശ്ചികമായി അദ്ദേഹത്തിന്റെ താമസ സ്ഥലത്തെത്താനും അദ്ദേഹത്തിന്റെ കിടക്കയില്‍ തന്നെ ഒരു രാത്രി കിടന്നുറങ്ങുവാനും അവസരവും ഉണ്ടായിട്ടുണ്ട്. ആ ദിവസം അദ്ദേഹം കോഴിക്കോട്ടു ഒരു പ്രഭാഷണത്തന് പോയിരിക്കുകയായിരുന്നു. അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചുസംസാരിക്കുകയുമുണ്ടായി.
മെഡിക്കല്‍ കോളേജില്‍ വന്ന് എന്നെ കണ്ടെങ്കിലും എന്റെ രോഗവിവരം ഒന്നും ചോദിച്ചില്ല. പകരം രണ്ടു മണിക്കൂറോളം എന്റെ അടുത്തിരുന്നു. ആയുര്‍വേദത്തിന്റെ ശാസ്ത്രീയ വശങ്ങളെപ്പറ്റി സംസാരിക്കുക മാത്രമാണ് ചെയ്തത്. എന്റെ ചികിത്സയെപ്പറ്റി ആകെക്കൂടെ പറഞ്ഞത് തത്കാലം സാഹചരാദി ഏഴ് ആവര്‍ത്തിച്ചത് രണ്ടുകാലിലും കൂടക്കൂടെ തേയ്ക്കുക. ബാക്കി ചികിത്സയെല്ലാം മെഡിക്കല്‍ കോളേജില്‍ നിന്നും ഇറങ്ങിയതിനുശേഷം ചെയ്യാം എന്നു മാത്രമാണ്.
എഴുന്നേറ്റു നില്‍ക്കാന്‍പോലും കഴിയാതെ കട്ടിലില്‍ ഇരിക്കുകയും കിടക്കുകയും ചെയ്തിരുന്ന എനിക്ക് വീണ്ടും എഴുന്നേറ്റു നടക്കാനും ദൂരെ രാജ്യങ്ങളിലേക്ക് വരെ യാത്ര ചെയ്യുവാനും ഉള്ള കഴിവും ആരോഗ്യവും ഉണ്ടായതു സ്വാമിജിയുടെ ചികിത്സയുടെ ഫലമായിട്ടാണ്.
രോഗ വിവരം ചോദിക്കാതെ ഇങ്ങനെ ഫലപ്രദമായ ചികിത്സ നിശ്ചയിക്കുന്നത് എന്നെ അത്ഭുതപ്പെടുത്തി. പില്‍ക്കാലത്താണ് അറിയുന്നത് രോഗിയെ കാണുമ്പോള്‍ തന്നെ സ്വാമിജിക്കു രോഗം മനസിലാകും എന്നും ഉടനെ ചികിത്സ നിശ്ചയിക്കുമെന്നും. ഒരു രോഗി ചെന്നു രോഗലക്ഷണം പറഞ്ഞു തുടങ്ങുമ്പോള്‍ തന്നെ സ്വാമിജി മരുന്നുകള്‍ പറയും, അടുത്തിരിക്കുന്ന ശിഷ്യന്മാര്‍ കുറിപ്പടി തയ്യാറാക്കുകയും ചെയ്യും. ആകെക്കൂടെ ഒരു രോഗിക്കെടുക്കുന്ന സമയം രണ്ടുമിനിട്ട് മാത്രം.
രോഗി വീട്ടില്‍ ചെന്നിരുന്നാലോചിക്കും ''എന്റെ രോഗ വിവരമൊന്നും സ്വാമിജി കേട്ടില്ലല്ലോ എന്ന്'' ചിലര്‍ സ്വാമിജിയെ ഫോണില്‍ വിളിച്ചു കൂടുതല്‍ രോഗവിവരങ്ങള്‍ പറയും. സ്വാമിജിയില്‍ നിന്ന് ഉടനെ ഉണ്ടാകുന്ന പ്രതികണം ''അതിനു തന്നെയാണ് ഞാന്‍ മരുന്നു തന്നിരിക്കുന്നത്'' എന്നാണ്.
കേരള ഗവര്‍ണര്‍ ഒരിക്കല്‍ രോഗിയെന്ന നിലയില്‍ സ്വാമിജിയുടെ അടുത്തെത്തി. അദ്ദേഹത്തെ പരിശോധിച്ച് ചികിത്സ നിശ്ചയിക്കാനും എടുത്ത സമയം രണ്ടേ രണ്ടു മിനിട്ട്.
ആയുര്‍വേദ ലോകത്തു പരമ്പരാഗതമായി നിലനില്‍ക്കുന്ന മരുന്നുകള്‍ മാത്രമല്ല സ്വാമിജി ഉണ്ടാക്കി രോഗികള്‍ക്ക് കൊടുക്കുന്നത്. സ്വന്തമായി ഗവേഷണം നടത്തിയും, പഴയ താളിയോല ഗ്രന്ഥങ്ങള്‍ പരിശോധിച്ചുമൊക്കെ പുതിയ പുതിയ രോഗങ്ങള്‍ കണ്ടെത്തി പുതിയ മരുന്നുകള്‍ രോഗികള്‍ക്ക് കൊടുത്തു ചികിത്സ ഫലപ്രദമാക്കാന്‍ സ്വാമിജിക്ക് കഴിയുമായിരുന്നു.
തീരാവ്യാധിയെന്നു കരുതിയിരുന്ന പല രോഗങ്ങളും ഒട്ടധികം പേര്‍ക്ക് മാറ്റിക്കൊടുക്കുവാനും സ്വാമിജിക്ക് അങ്ങനെ സാധിച്ചു. അതിന്റെ പ്രയോജനം അനുഭവിച്ച പലരും സ്വാമിജിക്ക് വേണ്ടിയോ സ്വാമിജി നിര്‍ദ്ദേശിക്കുന്ന ഏതെങ്കിലും സ്ഥാപനത്തിനു വേണ്ടിേയാേ എന്തെങ്കിലും സഹായം ചെയ്യാന്‍ അദ്ദേഹം ഒരു വാക്കു പറയുകയേ വേണ്ടിയിരുന്നുള്ളൂ. അതിന്റെ ഗുണഫലം വര്‍ക്കല നാരായണ ഗുരുകുലത്തിനും ലഭിച്ചിട്ടുണ്ട്.
അദ്ദേഹം ആയുര്‍വേദം അഭ്യസിച്ചത് എങ്ങനെയാണെന്നോ ആരില്‍ നിന്നാണെന്നോ ആര്‍ക്കും അറിയില്ല. ആയുര്‍വേദത്തിലെന്നപോലെ വേദാന്തത്തിലും ദര്‍ശന ശാസ്ത്രങ്ങളിലും അദ്ദേഹത്തിന്റെ പാണ്ഡിത്യം അപാരമായിരുന്നു.
വേദാന്തം അദ്ദേഹത്തിന് സ്വായത്തമായതു കാശിയിലെ ആശ്രമങ്ങളില്‍ നിന്നാണ്. അതിന്റെ പരിസമാപ്തിയാവട്ടെ മഹാമണ്ഡലേശ്വര്‍ കാശികാനന്ദഗിരി മഹാരാജിന്റെ ശിഷ്യന്‍ എന്ന നിലയിലാണ്. തന്റെ ഗുരുവിനെ അവസാന കാലത്തു താന്‍ നടത്തുന്ന ആശുപത്രിയില്‍ കൊണ്ടുവന്നു വേണ്ടത്ര ചികിത്സ നല്‍കുവാന്‍ അവസരം ലഭിച്ചതില്‍ അദ്ദേഹത്തിനുണ്ടായ ചാരിതാര്‍ത്ഥ്യം എത്രയാണെന്ന് പറഞ്ഞറിയിക്കാന്‍ ആവുകയില്ല. അതെനിക്ക് മനസിലായതു ഞാന്‍ അവിടെ ചികിത്സയ്ക്ക് എത്തിയപ്പോഴാണ്.
വര്‍ക്കല നാരായണഗുരുകുലത്തില്‍ വര്‍ഷംതോറും ഡിസംബര്‍ അവസാന വാരത്തില്‍ നടക്കുന്ന ഗുരുകുല കണ്‍വെന്‍ഷനില്‍ ഏതെങ്കിലും ഒരു ദിവസം വന്ന് സന്ധ്യയ്ക്ക് ചേരുന്ന പ്രാര്‍ത്ഥനാ യോഗത്തില്‍ പ്രഭാഷണം നടത്തുക എന്നത് അദ്ദേഹത്തിന്റെ പതിവായി. അതില്‍ ഒരു പ്രാവശ്യം ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ക്രിസ്മസ് സന്ദേശം നല്‍കുകയാണ് ചെയ്തത്.
ക്രിസ്തുമതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ എത്രത്തോളം സാര്‍വത്രിക മൂല്യമുള്ളതാണന്നും അവ ഏതെങ്കിലും ഒരു പ്രത്യേക മതത്തിനോ ജനവിഭാഗത്തിനോ മാത്രം അര്‍ത്ഥവത്തായിരിക്കുന്ന ഒന്നല്ല എന്നും സ്വാമിജി അന്ന് ഒരു മണിക്കൂറില്‍ അധികം നീണ്ടുനിന്ന പ്രഭാഷണത്തിലൂടെ വ്യക്തമാക്കി.
പന്മന ആശ്രമത്തില്‍ വച്ച് സ്വാമിജി ഒരിക്കല്‍ നടത്തിയ ഈശാവാസ്യ ഉപനിഷത്തിനെ അടിസ്ഥാനമാക്കിയുള്ള പ്രഭാഷണം ഞാന്‍ കേള്‍ക്കുവാനിടയായി.
ആ ഉപനിഷത്തിനെ ഒന്നാം മന്ത്രത്തിലെ മൂന്നാമത്തെ വരിയിലുള്ള 'തേനതെക്ത്വേന' എന്ന വാക്കുകള്‍ മാത്രം വച്ചുകൊണ്ട് ഒന്നര മണിക്കൂറോളം അദ്ദേഹം ശാസ്ത്ര വിചാരം നടത്തി. കേട്ടിരുന്ന ഞാന്‍ ഉള്‍പ്പെടെ എല്ലാവരും അത്ഭുതസ്തബ്ധരായിുന്നു പോയി. അത്തരത്തില്‍ ആഴവും പരപ്പുമേറിയതാണ് അദ്ദേഹത്തിന്റെ വേദാന്ത ശാസ്ത്ര പാണ്ഡിത്യം.
വേദാന്തം പ്രസംഗിക്കുമ്പോഴായാലും ആയുര്‍വേദത്തെപ്പറ്റി സംസാരിക്കുമ്പോഴായാലും മറ്റു ഏതു വിഷയത്തെപ്പറ്റി സംസാരിക്കമ്പോഴായാലും ലോകസാധാരണമായചില ഉത്തമ മൂല്യങ്ങള്‍ ഉയര്‍ത്തി കാണിക്കുന്നതിന് ആ അവസരം പ്രയോജനപ്പെടുത്താന്‍ അദ്ദേഹം പറന്നു പോകാറുമില്ല.
ഉദാഹരണത്തിന് തന്നെ കണ്ടു ചികിത്സ നിശ്ചയിക്കാന്‍ വന്നുകൂടിയിരിക്കുന്ന ജനക്കൂട്ടത്തോട് സ്വാമിജി ആദ്യം ഒരു പ്രഭാഷണം നടത്തും. കൂട്ടത്തില്‍ പറയും പ്രായമായ അച്ഛനമ്മമാര്‍ക്ക് വേണ്ട ശുശ്രൂഷ നല്‍കാത്തവര്‍ എന്റെ മരുന്ന് കഴിക്കണ്ട അവര്‍ക്കതു ഫലിക്കില്ല. അതുപോലെ ഭിക്ഷാര്‍ഹര്‍ക്ക് വേണ്ടതെന്തെന്നറിഞ്ഞു ഭിക്ഷ നല്‍കാത്തവര്‍ എന്റെ മരുന്ന് കഴിക്കണ്ട അവര്‍ക്കത് ഫലിക്കുകയില്ല. അതുപോലെ താന്‍ കൊടുക്കുന്ന മരുന്ന് ആര്‍ക്കെങ്കിലും ഫലിക്കാതെ വന്നാല്‍ അവരോട് പറയും കഷ്ടപ്പാട് അനുഭവിക്കുന്ന ആരെങ്കിലും ചുറ്റുവട്ടത്തെ എവിടെയെങ്കിലും ഉണ്ടെങ്കില്‍ അവരെ കണ്ടെത്തി ആരുമറിയതെ, വീട്ടുകാരെപ്പോലും അറിയിക്കാതെ കഴിവിനൊത്തു അവരെ സഹായിക്കുക, അപ്പോള്‍ ഈ മരുന്ന് ഫലിക്കും. താന്‍ കൊടുക്കുന്ന മരുന്നിന്റെ ദോഷമല്ല, രോഗിയുടെ ദുര്‍മനസാണ് ചികിത്സ ഫലിക്കാത്തതിന് കാരണം എന്നര്‍ത്ഥം. മരുന്ന് മാത്രമല്ല, രോഗിയുടെ മനസിന്റെ ശുദ്ധിയും ചികിത്സ ഫലിക്കുന്നതിന് അനിവാര്യമാണെന്നര്‍ത്ഥം.
സ്വാമിജി എപ്പോഴും ഉദ്ധരിക്കാറുള്ള ഒരു ശ്‌ളോക ഭാഗമാണ് ''പൂര്‍വ ജന്മ കൃതം പാപം, വ്യാധിരൂപേണ ജായതേ'' അതായത് മുന്‍ജന്മങ്ങളില്‍ ചെയ്തിട്ടുള്ള പാപമാണ് ഇപ്പോള്‍ രോഗത്തിന്റെ രൂപത്തില്‍ വന്നു പിറന്നിരിക്കുന്നത് എന്ന്. ഇങ്ങനെയൊക്കെയുള്ള ഒരു അപൂര്‍വ വ്യക്തിത്വമായിരുന്നു നിര്‍മ്മലാനന്ദഗിരി സ്വാമിജിയുടേത്.
അദ്ദേഹത്തിന്റെ വിയോഗം, ദേഹത്തിന്റെ രോഗ ശാന്തിക്ക് വേണ്ടിയും മനസിന്റെ ശാന്തിക്കുവേണ്ടിയും ദാഹിക്കുന്ന എത്രയോ പേര്‍ക്ക് ഒരു വലിയ നഷ്ടമാണെന്നുള്ളത് വാസ്തവം. എന്നാലും വ്യക്തികള്‍ ഭൂമുഖത്തുനിന്നു മറയാതെ നിവൃത്തിയില്ല. അതിനെച്ചൊല്ലി പരിതപിക്കുകയല്ല നാം ചെയ്യേണ്ടത്. അദ്ദേഹം ഉയര്‍ത്തിക്കാണിച്ചു തന്ന ചില ഉന്നത മൂല്യങ്ങള്‍ ഉണ്ട്. അവയെത്രത്തോളം നമുക്കുള്‍ക്കൊള്ളാന്‍ സാധിക്കുന്നു, ഭാവി ലോകത്തിനു പകര്‍ന്നു നല്‍കാന്‍ സാധിക്കുന്നു ഇതില്‍ നാം വിജയിച്ചാല്‍ അദ്ദേഹത്തിനുള്ള ശ്രദ്ധാഞ്ജലി പൂര്‍ണമായ അര്‍ത്ഥത്തിലുള്ളതായി.
അദ്ദേഹം ശിഷ്യന്മാരെ സ്വീകരിച്ചില്ല, ആശ്രമം ഉണ്ടാക്കിയില്ല, പുസ്തകങ്ങള്‍ എഴുതിയില്ല (ചില പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ പേരില്‍ പ്രസിദ്ധീകരിച്ചത്, ചില പ്രഭാഷണങ്ങള്‍ രേഖപ്പെടുത്തിയത് മാത്രമാണ്)
താന്‍ ദേഹം വെടിയുമ്പോള്‍ തന്റേതു എന്നു പറയാവുന്ന ഒന്നും തന്നെ ഈ ഭൂമിയില്‍ അവശേഷിക്കരുത് എന്നതായിരുന്നു അദ്ദേഹത്തിന്റെ വ്രതം. നമ്മില്‍ എത്ര പേര്‍ക്കതു സാധിക്കുന്നുണ്ട്?
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates