

തിരുവനന്തപുരം: പയ്യന്നൂരിലെ സിപിഎം നേതാവും എംഎല്‍എയുമായ ടി ഐ മധുസൂദനനെതിരെയുള്ള ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള സിപിഎം ആക്രമണവും ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി.
ഫണ്ട് തിരിമറിയില്‍ അവതരണാനുമതി തേടാനുള്ള അവസരം പോലും നല്‍കാതെയാണ് സ്പീക്കര്‍ പ്രതിപക്ഷ ആവശ്യം തള്ളിയത്. അടിയന്തര പ്രാധാന്യം ഇല്ലാത്ത വിഷയമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സ്പീക്കറുടെ നടപടി.
വിഷയം ഗൗരവമുള്ളതാണെന്നും ചര്‍ച്ച ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ആരോപണവിധേയനായ എംഎല്‍എയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ സ്ത്രീകള്‍ അടക്കമുള്ളവരെ കുറുവടികള്‍ ഉപയോഗിച്ച് ആക്രമിക്കുകയും കൊന്നൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമാണ് സിപിഎം നേതാക്കള്‍ ചെയ്യുന്നത്. ഇത്രയും ഗൗരവമുള്ള വിഷയം സഭയിലല്ലാതെ എവിടെയാണ് പറയേണ്ടത്. ഏത് ചട്ടത്തിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ വിഷയത്തില്‍ അടിയന്തര പ്രാധാന്യമില്ലെന്ന് പറയുന്നതെന്നും വിഡി സതീശന്‍ ചോദിച്ചു.
പ്രതിപക്ഷത്ത് നിന്ന് സജി ജോസഫ് ആണ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി നോട്ടീസ് നല്‍കിയത്. സ്പീക്കറുടെ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപഷം സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിച്ചു. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി സ്പീക്കറുടെ ചേംബര്‍ മറക്കാന്‍ ശ്രമിച്ച പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു.
പയ്യന്നൂരിലെ സിപിഎം നേതാവും എംഎല്‍എയുമായ ടി ഐ മധുസൂദനന് എതിരെ ധനരാജ് രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണമുന്നയിച്ച കണ്ണൂര്‍ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates