തിരുവനന്തപുരം: സ്വകാര്യ ട്യൂഷൻ സെന്ററുകളും പാരലൽ കോളജുകളും നടത്തുന്ന രാത്രികാല പഠനക്ലാസുകൾ നിർത്തലാക്കണമെന്നു ബാലാവകാശ കമ്മിഷൻ. കൂടാതെ ട്യൂഷൻ സെന്ററുകൾ നടത്തുന്ന പഠന–വിനോദ യാത്രകളും നിർത്തലാക്കണമെന്നും ഉത്തരവിൽ പറയുന്നു. 
ഹൈസ്കൂൾ അധ്യാപകനും വിദ്യാഭ്യാസ പ്രവർത്തകനുമായ സാം ജോൺ നൽകിയ ഹർജിയിലാണു കമ്മിഷൻ ഉത്തരവ്. എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാക്കാലത്തു ട്യൂഷൻ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചു രാത്രി നടത്തുന്ന ക്ലാസുകൾ കുട്ടികളുടെ മാനസിക, ശാരീരിക ആരോഗ്യത്തിന് വെല്ലുവിളിയാവും. കൂടാതെ രക്ഷിതാക്കൾക്കും മാനസിക സമ്മർദം ഏൽപ്പിക്കുന്നതാണെന്നും കമ്മിഷൻ അംഗം റെനി ആന്റണി നിരീക്ഷിച്ചു.
സ്കൂളുകളിൽനിന്നുള്ള പഠന– വിനോദ യാത്രകൾ വകുപ്പിന്റെ അനുമതിയോടെ അധ്യാപകരുടെ കൃത്യമായ നിർദേശത്തിലും നേതൃത്വത്തിലുമാണു നടക്കുന്നത്. എന്നാൽ ട്യൂഷൻ സെന്ററുകളിലെ യാത്രകൾക്കു പ്രത്യേക അനുമതിയോ മേൽനോട്ടമോ ഇല്ലാത്തതിനാൽ അപകടസാധ്യത കൂടുതലാണ്. പഠന–വിനോദ യാത്രകളുടെ മാർഗരേഖ പലരും അവലംബിക്കുന്നില്ലെന്നും കണ്ടെത്തിയതിനെ തുടർന്നാണ് ഉത്തരവ്. 60 ദിവസത്തിനകം വിഷയത്തിൽ സ്വീകരിച്ച നടപടികൾ വ്യക്തമാക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ട്രാൻസ്പോർട്ട് കമ്മിഷണർ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
