ബോട്ടില്‍ പോണതും പെണ്ണുങ്ങളല്ലേ? സോറി, സര്‍ക്കാര്‍ ബോട്ടിലെ സ്ത്രീകള്‍ക്ക് 'നോ ഗ്യാരന്റി'

ആലപ്പുഴയിലെ കുട്ടനാട് പോലെ റോഡ് യാത്രാ സൗകര്യമില്ലാത്ത വിവിധ ജില്ലകളിലെ നൂറ് കണക്കിന് സ്ത്രീകളാണ് സംസ്ഥാന സര്‍ക്കാരിന്റെ വാട്ടര്‍ ട്രാന്‍സ്പോര്‍ട് സര്‍വീസുകളെ ആശ്രയിക്കുന്നത്.
AI Image
AI Image
Updated on
2 min read

ന്യസംസ്ഥാനക്കാരായ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര പ്രയോജനപ്പെടുത്താമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ ഈ മഹാമനസ്‌കത സര്‍ക്കാര്‍ ബോട്ടില്‍ യാത്ര ചെയ്യുന്ന നാട്ടുകാരായ സ്ത്രീകളോടില്ല. ഇവരില്‍ നല്ലൊരു പങ്ക് സ്ത്രീകള്‍ നെല്‍കൃഷി, കയറു പിരിക്കല്‍, കക്ക വാരല്‍ മുതലായ തൊഴിലുകളില്‍ ഏര്‍പെടുന്നവരാണ്. തുണിക്കട പോലെയുള്ള സ്ഥാപനങ്ങളിലെ സെയില്‍സ് വുമന്‍മാരും, വിദ്യാര്‍ഥിനികളും യാത്രക്കാരായുണ്ട്. പക്ഷേ ഇവര്‍ക്കാര്‍ക്കും ഇന്ദിരാ ഗ്യാരന്റിയുടെ പ്രയോജനം ലഭിക്കില്ല

ആലപ്പുഴയിലെ കുട്ടനാട് പോലെ റോഡ് യാത്രാ സൗകര്യമില്ലാത്ത വിവിധ ജില്ലകളിലെ നൂറ് കണക്കിന് സ്ത്രീകളാണ് സംസ്ഥാന സര്‍ക്കാരിന്റെ വാട്ടര്‍ ട്രാന്‍സ്പോര്‍ട് സര്‍വീസുകളെ ആശ്രയിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കൈനകരിയിലുള്ള കുട്ടമംഗലം സ്വദേശിയായ വിജയമ്മ സര്‍ക്കാര്‍ ബോട്ടിലെ പതിവ് യാത്രക്കാരിയാണ്. 60 വയസ്സുകാരിയായ വിജയമ്മ ദിവസവേതനക്കാരിയാണ്. വീടിന്റെ അടുത്തുള്ള ബോട്ട് ജെട്ടിയിലെത്താന്‍ ഒരു മണിക്കൂറോളം നടക്കണം. ബോട്ടില്‍ കൈനകരിയിലെത്താന്‍ 6 രൂപയും ആലപ്പുഴ ടൗണിലെത്താന്‍ 12 രൂപയും കൊടുക്കണം. എല്ലാ യാത്രാ ആവശ്യങ്ങള്‍ക്കും സംസ്ഥാന ജലഗതാഗത വകുപ്പിന്റെ (KSWTD) ബോട്ടാണ് അവരുടെ ആശ്രയം.

വിജയമ്മയെപ്പോലെ വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ബസ് യാത്ര എളുപ്പമാര്‍ഗമല്ല. ബോട്ടുകളാണ് അവരുടെ പൊതുഗതാഗതവും റോഡും, പലപ്പോഴും പുറംലോകവുമായുള്ള അവരുടെ ഏക ബന്ധവും. കെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യ യാത്ര സൗകര്യം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ബോട്ട് സര്‍വീസുകളിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം ആലപ്പുഴ, കൊല്ലം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജലാശയങ്ങളും ജലഗതാഗതവും ഉള്ള മേഖലകളില്‍ നിന്ന് ഉയരുന്നുണ്ട്.

'ഞങ്ങള്‍ക്ക് വര്‍ഷത്തില്‍ ആറുമാസം പോലും തുടര്‍ച്ചയായി ജോലി കിട്ടാറില്ല. ഭൂരിഭാഗം പേര്‍ക്കും കൃഷിപ്പണിയും തൊഴിലുറപ്പ് (MGNREGA) ജോലിയുമൊക്കെയാണ്. സ്ഥിരമായൊരു വരുമാനം ഞങ്ങള്‍ക്കില്ല,' വിജയമ്മ പറഞ്ഞു. 'എനിക്ക് ഓര്‍മ്മവച്ച കാലം മുതല്‍ ഞാന്‍ ഇവിടെയാണ് താമസിക്കുന്നത്. വലിയ വികസനമൊന്നും എത്താത്ത സ്ഥലമാണ്. സര്‍ക്കാരിന് ബസുകളില്‍ സൗജന്യ യാത്ര നല്‍കാമെങ്കില്‍, ബോട്ടുകള്‍ മാത്രം ആശ്രയിച്ചു കഴിയുന്ന ഞങ്ങളെപ്പോലെയുള്ള ജനങ്ങളെക്കൂടെ സഹായിച്ചുകൂടെ?' വിജയമ്മ ചോദിക്കുന്നു.

ഒരു ദ്വീപിലെ ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന കുട്ടമംഗലത്ത് ബോട്ടുകള്‍ മാത്രമാണ് ഗതാഗത മാര്‍ഗം. കണ്ടങ്കരി, തായങ്കരി, ആയിരവേലി, ചെന്നംകരി, സി ബ്ലോക്ക്, അരുവന്‍കാവ്, കുപ്പപ്പുറം എന്നിവിടങ്ങളിലും സമാനമായ അവസ്ഥയാണ്. ഇവിടെയുള്ള താമസക്കാര്‍ക്ക് ഒരു ബസില്‍ കയറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് തന്നെ ജലാശയങ്ങള്‍ മുറിച്ചുകടക്കേണ്ടതുണ്ട്. മുന്‍ കുട്ടമംഗലം മെമ്പര്‍ കവിത സാബു പറയുന്നത് ഈ പ്രശ്‌നം ഒരു ഗ്രാമത്തില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നാണ്. 'കുട്ടനാടിന്റെ പല ഭാഗങ്ങളിലും സ്ഥിതി ഇതുതന്നെയാണ്. വളരെ കുറഞ്ഞ ശമ്പളമുള്ള സ്ത്രീകള്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് യാത്രക്കായി ചെലവഴിക്കുന്നു. യാത്രാച്ചെലവില്‍ എന്തെങ്കിലും ഇളവ് ലഭിച്ചാല്‍ അത് കുടുംബങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യും,' അവര്‍ പറഞ്ഞു.

ഈ ആവശ്യം ആലപ്പുഴയില്‍ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിലുടനീളം, ജലപാതകളെ ആശ്രയിച്ചു കഴിയുന്ന ജനവിഭാഗങ്ങള്‍ക്ക് ഗടണഠഉ ബോട്ട് സര്‍വീസുകളാണ് ആശ്രയം. ജലഗതാഗത വകുപ്പ് കണ്ണൂരില്‍ 52, കാസര്‍കോട് 11, കൊല്ലത്ത് 84, എറണാകുളത്ത് 193, ആലപ്പുഴയിലും കോട്ടയത്തും 300-ലധികം സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ബോട്ട് ചാര്‍ജ്ജുകളുടെ ആഘാതം ജോലിക്ക് പോകുന്ന സ്ത്രീകളില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ട പല ഗ്രാമങ്ങളിലും കുട്ടികള്‍ സ്‌കൂളുകളിലും കോളജുകളിലും എത്തുന്നതിനായി ദിവസേനയുള്ള ബോട്ട് യാത്രകളെയാണ് ആശ്രയിക്കുന്നത്. അതുപോലെ രോഗികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ആശുപത്രികളില്‍ എത്തുന്നതിനായി ഈ സര്‍വീസുകളെ ആശ്രയിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, മറ്റ് അത്യാവശ്യ സേവങ്ങള്‍ക്കു എത്തുന്നതിനുമുള്ള പ്രാഥമിക മാര്‍ഗ്ഗം ബോട്ടുകള്‍ തന്നെയാണ്. പുല്ലങ്കടി സ്വദേശി സബിത ജോസഫിനെ സംബന്ധിച്ചിടത്തോളം പ്രശ്‌നം സാമ്പത്തികം മാത്രമല്ല, ലഭ്യത കൂടിയാണ്. ബോട്ടുകളുടെ കൃത്യമല്ലാത്ത സമയക്രമം കാരണം യാത്ര ബുദ്ധിമുട്ടായതിനെത്തുടര്‍ന്ന് ഒടുവില്‍ അവര്‍ക്ക് ആലപ്പുഴ ടൗണിലെ പെട്രോള്‍ പമ്പിലെ ജോലി ഉപേക്ഷിക്കേണ്ടി വന്നു.

AI Image
'പുരുഷന്‍മാര്‍ക്ക് സൗജന്യം നല്‍കിയാല്‍ പണം വീട്ടിലെത്തില്ല'; കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്രയ്ക്ക് തുടക്കം

'സര്‍ക്കാര്‍ ബോട്ടുകള്‍ ലഭ്യമാകുമ്പോള്‍ കുറഞ്ഞ ചിലവായതിനാല്‍ ഞങ്ങള്‍ എപ്പോഴും അവയാണ് തിരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ ചില സമയങ്ങളില്‍ സര്‍വീസുകള്‍ ഇല്ലാതിരിക്കുമ്പോള്‍, കൂടുതല്‍ പണം ഈടാക്കുന്ന സ്വകാര്യ ബോട്ടുകളെ ആശ്രയിക്കുകയല്ലാതെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമില്ല. നിരവധി യാത്രക്കാര്‍ ചേര്‍ന്ന് ചിലവ് പങ്കിടുമ്പോള്‍ അത് കുഴപ്പമില്ല. എന്നാല്‍ ഒരു അടിയന്തിര സാഹചര്യമോ ടൗണില്‍ സമയത്തെത്തേണ്ട ജോലിയോ ഉണ്ടാകുമ്പോള്‍, അവര്‍ ആവശ്യപ്പെടുന്ന തുക എത്രയായാലും നല്‍കേണ്ടി വരുന്നു. സര്‍ക്കാര്‍ ബോട്ടുകളെങ്കിലും സ്ത്രീകള്‍ക്ക് സൗജന്യമാക്കിയാല്‍ അത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വലിയ ആശ്വാസമാകും,' സബിത പറഞ്ഞു.

കെ എസ് ആര്‍ ടി സി ബസുകളിലെ സൗജന്യ യാത്രാ പദ്ധതിക്കായി പ്രതിമാസ ചെലവ് 800 കോടി രൂപയോളം ആവുമെന്നാണ് പ്രാഥമിക കണക്കുകള്‍. അതുമായി താരതമ്യം ചെയ്യുമ്പോള്‍ തീരെ ചെറിയ ചെലവേ സര്‍ക്കാര്‍ ബോട്ടുകളില്‍ സൗജന്യ യാത്ര സൗകര്യം നല്‍കാന്‍ സര്‍ക്കാരിന് ഉണ്ടാവുകയുള്ളു. 2024-25ല്‍ ജലഗതാഗത വകുപ്പിന്റെ ആകെ ടിക്കറ്റ് വരുമാനം 10.89 കോടി രൂപയായിരുന്നു. 2023-24ല്‍ വരുമാനം 10.99 കോടി രൂപയും, 2022-23ല്‍ 10.23 കോടി രൂപയുമായിരുന്നു.

കെഎസ്ഡബ്ല്യുടിഡി ടിക്കറ്റ് വരുമാനം

• 2024-25: 10.89 കോടി രൂപ

• 2023-24: 10.99 കോടി രൂപ

• 2022-23: 10.23 കോടി രൂപ

കെഎസ്ഡബ്ല്യുടിഡി നടത്തുന്ന ബോട്ട് സര്‍വീസുകള്‍

• ആലപ്പുഴയും കോട്ടയവും: 300-ലധികം സര്‍വീസുകള്‍

• എറണാകുളം: 193 സര്‍വീസുകള്‍

• കൊല്ലം: 84 സര്‍വീസുകള്‍

• കണ്ണൂര്‍: 52 സര്‍വീസുകള്‍

• കാസര്‍കോട്: 11 സര്‍വീസുകള്‍

Summary

'No Indira Guarantee' for women on kerala government boats

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com