

കൊച്ചി: ഇന്ത്യയില്‍ മുസ്ലിങ്ങള്‍ പ്രതിസന്ധികള്‍ നേരിടുന്നില്ലെന്ന കാന്തപുരത്തിന്റെ പ്രസ്താവന തള്ളി കേരള നദ്‌വത്തുൽ മുജാഹിദീൻ (കെഎന്‍എം). ഇന്ത്യന്‍ മുസ്ലീങ്ങള്‍ക്ക് ഒരു പൊതുപ്രതിനിധിയെന്ന നിലയില്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കെഎന്‍എം സെക്രട്ടറി ഡോ. ഐ പി അബ്ദുള്‍ സലാമിന്റെ പ്രതികരണം.
ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ ഡല്‍ഹിയിലെ മുസാഫിര്‍ നഗറിലും അസാമിലും ഗുജറാത്തിലും വലിയ കലാപങ്ങളും ഏറ്റുമുട്ടലുകളും നടന്നിരുന്നു. ന്യൂനപക്ഷങ്ങളുടെ പൗരത്വത്തെ ചോദ്യം ചെയ്യുന്ന പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു അന്നൊന്നും കാന്തപുരം പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഗ്രാന്‍ഡ് മുഫ്തിയാണ് കാന്തപുരം എന്ന നിലയിലാണ് പ്രധാനമന്ത്രി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്നാല്‍ കാന്തപുരത്തെ ആരും ഗ്രാന്‍ഡ് മുഫ്തിയായി തെരഞ്ഞെടുത്തിട്ടില്ല. ഇന്ത്യന്‍ മുസ്ലീംങ്ങള്‍ക്ക് ഒരു പൊതുപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ കേരള സന്ദര്‍ശനവും ഇതിന് തൊട്ടുപിന്നാലെ കാന്തപുരത്തിന്റെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും ഇതെല്ലാം പല സംശയങ്ങള്‍ക്കിടയാക്കുന്നയായും അദ്ദേഹം പറഞ്ഞു.
സംഘപരിവാര്‍ ശക്തികള്‍ കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളെ അടുപ്പിച്ച് നിര്‍ത്തി, വോട്ടുകള്‍ ഉപയോഗപ്പെടുത്തനാണോ ഇത്തരം ചര്‍ച്ചകളെന്ന് സംശയിക്കുന്നതായും അബ്ദുള്‍ സലാം പറഞ്ഞു. കേന്ദ്ര ഏജന്‍സിയായ ഇഡിയുടെ പരിശോധനകള്‍ പല സമുദായിക സ്ഥാപനങ്ങളിലും വ്യക്തികളെയും കേന്ദ്രീകരിച്ച് നടക്കുന്നുണ്ട്. അടുത്ത കാലത്ത് സംഘപരിവാര്‍ ശക്തികള്‍ക്കെതിരായ രൂപത്തിലുള്ള സമീപനങ്ങള്‍ കാന്തപുരം വിഭാഗം ഏറ്റെടുത്തിരുന്നു. ഇതിന് ശേഷമാണ് അജിത് ഡോവലിന്റെ കേരള സന്ദര്‍ശനമെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates