

കൊച്ചി : പുരാവസ്തു എന്നു പറഞ്ഞതെല്ലാം കള്ളമെന്ന് ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച് മോന്‍സന്‍ മാവുങ്കല്‍. പാസ്‌പോര്‍ട്ട് ഇല്ലാതെയാണ് പ്രവാസി സംഘടനാ രക്ഷാധികാരിയായത്. ഇന്ത്യയ്ക്ക് പുറത്ത് ഇതുവരെ പോയിട്ടില്ല. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്ന് വെറുതെ പറഞ്ഞതാണെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
ഇതുസംബന്ധിച്ച ചോദ്യങ്ങളോട്, ഒന്നോ രണ്ടോ രാജ്യങ്ങളില്‍ പോയിട്ടുണ്ടെന്ന് പറഞ്ഞാല്‍ എന്തെങ്കിലും കാര്യമുണ്ടോ എന്ന് മോന്‍സന്‍ തിരിച്ചുചോദിച്ചു. 100 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു എന്നവകാശപ്പെട്ടുകൊണ്ടാണ് മോന്‍സന്‍ പ്രവാസി സംഘടനയുടെ തലപ്പത്തെത്തുന്നത്. ബ്രൂണെയ് രാജകുടുംബത്തിനും, ഖത്തര്‍ രാജകുടുംബത്തിനും പുരാവസ്തുക്കള്‍ വിറ്റിട്ടുണ്ടെന്നും മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. വിദേശത്ത് പുരാവസ്തുക്കള്‍ വിറ്റ വകയില്‍ 1350 കോടി പൗണ്ട് തന്റെ അക്കൗണ്ടിലേക്ക് വന്നു എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് മോന്‍സന്‍ തട്ടിപ്പുകള്‍ നടത്തിവന്നിരുന്നത്.
മോന്‍സന്‍ പലരില്‍ നിന്നായി പണം വാങ്ങിയതുമായി ബന്ധപ്പെട്ട് കുറേ ശബ്ദരേഖകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. അതില്‍ പണം വേണമെന്ന് മോന്‍സന്‍ ആവശ്യപ്പെടുന്നുണ്ട്. ഫോണ്‍സംഭാഷണം മോന്‍സന്റേതാണെന്ന് ഉറപ്പിക്കുന്നതിനായി ക്രൈംബ്രാഞ്ച് ശബ്ദസാംപിളുകള്‍ പരിശോധിക്കും.
മോന്‍സന്‍ നേരിട്ട് നാലുകോടി വാങ്ങിയതിന് തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. ഇതിന്റെ രേഖ മോന്‍സന്‍ നല്‍കിയിട്ടുണ്ട്. ഇതല്ലാതെ പരാതിക്കാര്‍ പറയുന്ന ബാക്കി ആറുകോടി പണം വാങ്ങിയതിന് തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു. മോന്‍സന്‍ കൂടുതലായും നേരിട്ട് പണമായിട്ടാണ് വാങ്ങിയത്. കൂടാതെ സഹായികളുടെ അക്കൗണ്ടുകള്‍ വഴിയും പണം കൈപ്പറ്റിയതായാണ് സൂചന.
ബാങ്കു വഴി കൈപ്പറ്റിയ തുക സംബന്ധിച്ച് മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. ഈ പണം ധൂര്‍ത്തടിച്ചു നശിപ്പിച്ചുവെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. തട്ടിപ്പു പണം കൊണ്ട് കാറുകള്‍ വാങ്ങിക്കൂട്ടി. പണം നല്‍കിയ യാക്കൂബിനും അനൂപിനും മറ്റും പോര്‍ഷെ, ബിഎംഡബ്ലിയു തുടങ്ങിയ ആഡംബര വാഹനങ്ങള്‍ നല്‍കി. തന്റെ വീടിന് 50,000 രൂപയാണ് വാടകയെന്നും കറന്റ് ബില്‍ മാത്രം പ്രതിമാസം മുപ്പതിനായിരം രൂപയോളം വരുമെന്നും സുരക്ഷയ്ക്കായി 25 ലക്ഷത്തോളം രൂപ ചെലവു വരുന്നതായും മോന്‍സന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
മോന്‍സന്റെ വ്യാജ പുരാവസ്തുക്കള്‍ വിദേശത്ത് വില്‍പ്പന നടത്താന്‍ കൂട്ടുനിന്ന തൃശൂരിലെ ധനകാര്യസ്ഥാപനം ഉടമ സ്ഥലംവിട്ടതായി റിപ്പോര്‍ട്ടുണ്ട്. കേസില്‍ ഇയാളെ ചോദ്യം ചെയ്യാനിരിക്കെയാണ് മുങ്ങിയത്. മോന്‍സന് തട്ടിപ്പിലൂടെ കിട്ടിയ പണത്തിന്റെ ഒരു ഭാഗം ഇയാള്‍ക്കും കിട്ടിയിട്ടുണ്ടാകാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates