

കൊച്ചി: കേരളത്തിലെ ആറ് ലക്ഷത്തോളം ദരിദ്ര കുടുംബങ്ങള്‍ക്ക് റേഷന്‍കട വഴി ലഭിച്ചിരുന്ന പഞ്ചസാരയുടെ വിതരണം നിലച്ചു. അന്ത്യോദയ അന്ന യോജന (എഎവൈ) പ്രകാരം റേഷന്‍ വിതരണത്തില്‍ നിന്ന് പഞ്ചസാര താല്‍ക്കാലികമായി പിന്‍വലിച്ചതാണ് ദരിദ്ര കുടുംബങ്ങള്‍ക്ക് തിരിച്ചടിയായത്. ഇതനുസരിച്ച് മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് കിലോയ്ക്ക് 27 രൂപ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്തുവന്ന പഞ്ചസാര ഇലക്ട്രോണിക് പോയിന്റ്-ഓഫ്-സെയില്‍ (ഇപിഒഎസ്) സംവിധാനത്തില്‍ നിന്ന് മാറ്റി. ഇതോടെ റേഷന്‍കട ഉടമകള്‍ക്ക് സ്‌റ്റോക്ക് ഉണ്ടെങ്കിലും പഞ്ചസാര വിതരണം ചെയ്യാന്‍ പറ്റാത്ത സ്ഥിതിയാണ്.
'2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള പഞ്ചസാര വിതരണത്തിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ വിതരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനത്തെ ആറ് ലക്ഷത്തോളം എഎവൈ കുടുംബങ്ങളെയാണ് ഇത് ബാധിക്കുന്നത്. ദൈനംദിന ഉപജീവനത്തിനായി സബ്‌സിഡിയുള്ള അവശ്യവസ്തുക്കളെ ആശ്രയിക്കുന്നവരാണ് ഇവര്‍.
സംസ്ഥാനത്ത് 95 ലക്ഷത്തിലധികം സാധുവായ റേഷന്‍ കാര്‍ഡുകളും 13,912 റേഷന്‍ കടകളുമുണ്ട്. അതുകൊണ്ട് തന്നെ സബ്‌സിഡി ഉത്പ്പന്നങ്ങളുടെ വിതരണത്തിലെ താല്‍ക്കാലിക തടസ്സം പോലും കുടുംബങ്ങളെ സാരമായി ബാധിക്കും.റേഷന്‍ വിതരണത്തില്‍ പെട്ടെന്നെടുക്കുന്ന തീരുമാനങ്ങള്‍ ആശയക്കുഴപ്പത്തിന് കാരണമായതായി കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്‍. ഷിജീര്‍ പറഞ്ഞു. റേഷന്‍ കടകളില്‍ പഞ്ചാസാര വാങ്ങാന്‍ ആളുകള്‍ എത്തുമ്പോള്‍ സിസ്റ്റത്തിലെ നിയന്ത്രണങ്ങള്‍ കാരണം നല്‍കാനാകുന്നില്ല. അദ്ദേഹം പറഞ്ഞു.
2012 വരെ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സബ്‌സിഡി പഞ്ചസാരയ്ക്ക് അര്‍ഹതയുണ്ടായിരുന്നുവെന്നും അതിനുശേഷം ആനുകൂല്യം മഞ്ഞ കാര്‍ഡ് ഉടമകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയെന്നും ഷിജീര്‍ പറഞ്ഞു. ഇപ്പോള്‍ ഏകദേശം 95 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളില്‍ ഏകദേശം ആറ് ലക്ഷം പേര്‍ക്ക് മാത്രമേ പഞ്ചാസര ലഭിക്കാന്‍ അര്‍ഹതയുള്ളൂ. സബ്‌സിഡി വില നേരത്തെ 21 രൂപയായിരുന്നു, കഴിഞ്ഞ വര്‍ഷം ഇത് 27 രൂപയായി പരിഷ്‌കരിച്ചു. റേഷന്‍ കടകളില്‍ മറ്റു ഉത്പ്പന്നങ്ങളെ അപേക്ഷിച്ച് പഞ്ചസാരയ്ക്ക് സ്ഥിരം ആവശ്യക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിപണിയില്‍ പഞ്ചസാര വിലയില്‍ വലിയ വര്‍ധനവാണുള്ളത്. ഇത് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങളുടെ ഭാരം വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തിക, സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ 'അവശ്യവസ്തുക്കളുടെ ചില്ലറ വില്‍പ്പന വിലകള്‍: വിശകലന റിപ്പോര്‍ട്ട്' അനുസരിച്ച്, 2012 ല്‍ കിലോയ്ക്ക് 34.84 രൂപയില്‍ നിന്ന് 2015 ല്‍ 29.06 രൂപയായി കുറഞ്ഞതിനുശേഷം, പഞ്ചസാര വില കുത്തനെ ഉയര്‍ന്നു, 2017 ല്‍ 43.12 രൂപയിലെത്തി. 2022 മുതല്‍ വില വീണ്ടും ഉയരാന്‍ തുടങ്ങി, 2025 ല്‍ വാര്‍ഷിക ശരാശരി 45.54 രൂപയിലെത്തി. 2025 വരെ പ്രതിമാസ വില 43 രൂപയ്ക്ക് മുകളിലായിരുന്നു, 46 രൂപയ്ക്ക് അടുത്തെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates